ബാക്കി ഷെഡ്യൂളുകളിൽ കൂടി പൃഥ്വി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ കരുതിയിരുന്നു: അമല പോൾ
Entertainment news
ബാക്കി ഷെഡ്യൂളുകളിൽ കൂടി പൃഥ്വി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ കരുതിയിരുന്നു: അമല പോൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st March 2024, 4:26 pm

ആടുജീവിതത്തിലാണ് താനും പൃഥ്വിരാജും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നതെന്ന് നടി അമല പോൾ. എന്നാൽ സിനിമയിൽ എത്തിയത് മുതൽ താൻ നജീബായിട്ടാണ് പൃഥ്വിരാജിനെ അനുഭവപ്പെട്ടതെന്നും അമല പറഞ്ഞു. താനും പൃഥ്വിരാജും ഒരുമിച്ചുള്ള ഷെഡ്യൂളുകൾ കുറച്ചേ ഉള്ളൂയെന്നും അമല കൂട്ടിച്ചേർത്തു. മാതൃഭൂമി വാരാന്ത്യ പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ആടുജീവിതം എന്ന സിനിമയിലാണ് ഞാനും പൃഥ്വിരാജും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ഈ സിനിമയിലെത്തിയത് മുതൽ പൃഥ്വിയെ എനിക്ക് നജീബ് ആയിട്ടാണ് അനുഭവപ്പെട്ടത്. ഷൂട്ടിങ് തുടങ്ങിയപ്പോൾ മുതൽ ഞാൻ കാണുന്നത് നജീബിനെയാണ്. ഞാനും പൃഥ്വിയും ഒരുമിച്ച് വളരെ കുറച്ച് ഷെഡ്യൂളുകളെ ഉള്ളൂ.

ബാക്കി ഷെഡ്യൂളുകളിൽ കൂടി പൃഥ്വി ഉണ്ടായിരുന്നെങ്കിൽ പൂർണമായ നജീബിനെ ഞാൻ എങ്ങനെയാകും കാണുക എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പൃഥ്വി എനിക്ക് നജീബാണ് ആദ്യം. അത് കഴിഞ്ഞേയുള്ളൂ പൃഥ്വി. ഇക്കാര്യം പൃഥ്വിയോട് തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. പൃഥ്വിരാജ് എന്ന കഴിവുള്ള നടനെയാണ് ആടുജീവിതം മലയാളത്തിന് സമ്മാനിക്കുന്നത്. അതിൽ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്,’ അമല പോൾ പറഞ്ഞു.

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം. 10 വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഷൂട്ട് തീര്‍ക്കാന്‍ ഏഴ് വര്‍ഷത്തോളമെടുത്തു.

പൃഥ്വിരാജിനെയും അമല പോളിനെയും കൂടാതെ ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് മറ്റ് താരങ്ങള്‍. വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് പുറത്തിറങ്ങിയിട്ടുള്ളത്.

മാർച്ച് 28ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ദിനം തന്നെ 16.76 കോടിയാണ് ആടുജീവിതം നേടിയെടുത്തത്. ആഗോളതലത്തില്‍ പൃഥ്വിരാജിന്റെ ആടുജീവിതം 50 കോടി ക്ലബില്‍ ഇടംനേടിയിരിക്കുന്നുവെന്നും ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട് ചെയ്യുന്നു.

Content Highlight: Amala paul about prithviraj’s dedication