സൈനു ആയപ്പോൾ കരച്ചിലിന്റെ പലതലങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്ന് നടി അമല പോൾ. ആടുജീവിതം സമ്മാനിച്ച ഏറ്റവും വലിയ നടനാനുഭവം ഈ കരച്ചിൽ തന്നെയാണെന്നാണ് താൻ കരുതുന്നതെന്നും അമല പറഞ്ഞു. നജീബ് ഗൾഫിലേക്ക് യാത്ര പറഞ്ഞു പോകുന്ന വൈകാരികമായ ആ സീനിൽ കരച്ചിൽ തനിക്ക് വലിയ വെല്ലുവിളിയായിരുന്നെന്നും അമല കൂട്ടിച്ചേർത്തു. മാതൃഭൂമിയുടെ വാരാന്ത്യ പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സൈനു ആയപ്പോൾ കരച്ചിലിന്റെ പലതലങ്ങളിലൂടെയാണ് ഞാൻ കടന്നുപോയത്. ആടുജീവിതം സമ്മാനിച്ച ഏറ്റവും വലിയ നടനാനുഭവം ഈ കരച്ചിൽ തന്നെയാണെന്നാണ് കരുതുന്നത്. സിനിമയിൽ നജീബ് ഗൾഫിലേക്ക് പോകുമ്പോൾ യാത്രയാക്കാൻ സൈനു റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ഒരു സീൻ ഉണ്ട്.
പ്രിയപ്പെട്ടവൻ യാത്ര പറഞ്ഞു പോകുന്ന വൈകാരികമായ ആ സീനിൽ കരച്ചിൽ എനിക്ക് വലിയ വെല്ലുവിളിയായിരുന്നു. കാരണം ആ സീനിൽ കരച്ചിൽ അല്ല വേണ്ടത്, കരയാതെ കരയുന്ന സൈനുവിനെയാണ് വേണ്ടത് എന്നാണ് ബ്ലെസിയേട്ടൻ പറഞ്ഞത്. ആ സീൻ ചെയ്യുമ്പോൾ എനിക്ക് വല്ലാതെ ഫീൽ ചെയ്തിരുന്നു. കരയാതെ കരയുന്ന സൈനുവിന്റെ അവതരിപ്പിക്കാൻ എനിക്ക് സാധിച്ചു എന്ന് ബ്ലെസിയേട്ടൻ പിന്നീട് പറഞ്ഞപ്പോഴാണ് അതിന്റെ ആഴം ഞാനും അറിയുന്നത്,’ അമല പോൾ പറഞ്ഞു.
കമൽ ഹാസൻ ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും പറഞ്ഞത് ഒരു അവാർഡിനേക്കാൾ വലിയ കാര്യമായിട്ടാണ് താൻ കരുതുന്നതെന്നും അമല പോൾ അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ആടുജീവിതം റിലീസ് ചെയ്യുമ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. കമൽ ഹാസനും മണിരത്നമൊക്കെ പ്രിവ്യു ഷോ കണ്ടിട്ട് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഈ ചിത്രത്തെ കുറിച്ചും എന്റെ കഥാപാത്രത്തെ കുറിച്ചും കമൽ ഹാസൻ പറഞ്ഞത് ഒരു അവാർഡിനേക്കാൾ വലിയ കാര്യമായിട്ടാണ് ഞാൻ എടുക്കുന്നത്.
എ.ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ആണ് ഈ സിനിമയിൽ പ്രവർത്തിക്കാൻ സാധിച്ചത് എന്റെ കരിയറിലെ അതിപ്രധാന സംഭവമാണ്. ഒരു സാധാരണ സ്കൂളിൽ പഠിച്ചിരുന്ന കുട്ടി പെട്ടെന്ന് ഇൻറർനാഷണൽ സ്കൂളിൽ ചേർന്നതുപോലെയാണ് എനിക്ക് തോന്നുന്നത്,’ അമല പോൾ പറഞ്ഞു.
Content Highlight: Amala paul about most difficult scene in aadujeevitham