ആടുജീവിതം റിലീസ് ചെയ്തപ്പോൾ താൻ വലിയ സന്തോഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നടി അമല പോൾ. കമൽ ഹാസനും മണിരത്നവുമൊക്കെ ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ടതിന് ശേഷം നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും അമല പറയുന്നുണ്ട്. ഈ ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും കമൽ ഹാസൻ പറഞ്ഞത് ഒരു അവാർഡിനേക്കാൾ വലിയ കാര്യമായിട്ടാണ് താൻ എടുക്കുന്നതെന്നും അമല മാതൃഭൂമിയുടെ വാരാന്ത്യ പതിപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ആടുജീവിതം റിലീസ് ചെയ്യുമ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. കമൽ ഹാസനും മണിരത്നമൊക്കെ പ്രിവ്യു ഷോ കണ്ടിട്ട് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഈ ചിത്രത്തെ കുറിച്ചും എന്റെ കഥാപാത്രത്തെ കുറിച്ചും കമൽ ഹാസൻ പറഞ്ഞത് ഒരു അവാർഡിനേക്കാൾ വലിയ കാര്യമായിട്ടാണ് ഞാൻ എടുക്കുന്നത്.
എ.ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ആണ് ഈ സിനിമയിൽ പ്രവർത്തിക്കാൻ സാധിച്ചത് എന്റെ കരിയറിലെ അതിപ്രധാന സംഭവമാണ്. ഒരു സാധാരണ സ്കൂളിൽ പഠിച്ചിരുന്ന കുട്ടി പെട്ടെന്ന് ഇൻറർനാഷണൽ സ്കൂളിൽ ചേർന്നതുപോലെയാണ് എനിക്ക് തോന്നുന്നത്,’ അമല പോൾ പറഞ്ഞു.
ഈ സിനിമയിലാണ് താൻ ആദ്യമായി പൃഥ്വിരാജുമായി ഒന്നിച്ച് അഭിനയിക്കുന്നതെന്നും അമല അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ആടുജീവിതം എന്ന സിനിമയിലാണ് ഞാനും പൃഥ്വിരാജും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ഈ സിനിമയിലെത്തിയത് മുതൽ പൃഥ്വിയെ എനിക്ക് നജീബ് ആയിട്ടാണ് അനുഭവപ്പെട്ടത്. ഷൂട്ടിങ് തുടങ്ങിയപ്പോൾ മുതൽ ഞാൻ കാണുന്നത് നജീബിനെയാണ്. ഞാനും പൃഥ്വിയും ഒരുമിച്ച് വളരെ കുറച്ച് ഷെഡ്യൂളുകളെ ഉള്ളൂ.
ബാക്കി ഷെഡ്യൂളുകളിൽ കൂടി പൃഥ്വി ഉണ്ടായിരുന്നെങ്കിൽ പൂർണമായ നജീബിനെ ഞാൻ എങ്ങനെയാകും കാണുക എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പൃഥ്വി എനിക്ക് നജീബാണ് ആദ്യം. അത് കഴിഞ്ഞേയുള്ളൂ പൃഥ്വി. ഇക്കാര്യം പൃഥ്വിയോട് തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. പൃഥ്വിരാജ് എന്ന കഴിവുള്ള നടനെയാണ് ആടുജീവിതം മലയാളത്തിന് സമ്മാനിക്കുന്നത്. അതിൽ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്,’ അമല പോൾ പറഞ്ഞു.
Content Highlight: Amala paul about kamal hasan’s response after seeing aadujeevitham