| Monday, 22nd July 2024, 12:41 pm

അങ്ങനെയൊരു കഥാപാത്രം സമൂഹം അംഗീകരിക്കില്ലെന്ന് പിന്നെ മനസിലായി, ഞാൻ അഭിനയിച്ചത് പപ്പയ്ക്ക് വലിയ വിഷമമായി: അമല പോൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് അമല പോൾ. വിവിധ ഭാഷകളിലായി നിരവധി ഹിറ്റ്‌ സിനിമകളിൽ ഭാഗമായിട്ടുള്ള അമല പോൾ തന്റെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് പറയുകയാണ്.

2010 ൽ അമല പോൾ നായികയായി എത്തിയ ചിത്രമായിരുന്നു സാമി സംവിധാനം ചെയ്ത സിന്ധു സമവേലി. ഒരുപാട് വിമർശനങ്ങൾ നേരിട്ട് വലിയ വിവാദമായ ഒരു ചിത്രമായിരുന്നു ഇത്. കരിയറിന്റെ തുടക്കമായതിനാൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ അറിവ് കുറവായിരുന്നുവെന്നും വലിയ തിരിച്ചടിയായി മാറിയ ചിത്രമാണ് സിന്ധു സമവേലിയെന്നും അമല പറയുന്നു.

ആ ചിത്രത്തിൽ അഭിനയിച്ചത് ഫാമിലിക്ക് വലിയ പ്രയാസമായെന്നും അന്നത്തെ വിമർശനങ്ങളെ ശരിക്കും പേടിച്ചിരുന്നുവെന്നും അമല കൂട്ടിച്ചേർത്തു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അമല പോൾ.

‘തീർച്ചയായും ഞാൻ പേടിച്ചിരുന്നു. കാരണം അതുണ്ടാക്കിയ ഒരു നെഗറ്റീവ് ഇമ്പാക്റ്റ് വളരെ വലുതായിരുന്നു. കരിയറിന്റെ തുടക്കമല്ലേ. അങ്ങനെയൊരാൾക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ലല്ലോ.

ആ സിനിമ കണ്ട് കഴിഞ്ഞപ്പോൾ പപ്പയ്ക്കൊക്കെ വലിയ വിഷമമായി അങ്ങനെയൊരു സിനിമ ചെയ്തത്. എനിക്കന്ന് പതിനെട്ട്, പതിനേഴ് വയസ്സ് മാത്രമേയുള്ളൂ. നമ്മൾ അന്ന് സംവിധായകൻ പറയുന്ന രീതിയിലല്ലേ അഭിനയിക്കുന്നത്. അത് കഴിഞ്ഞ് വരുമ്പോഴാണ് അങ്ങനെയൊരു കഥാപാത്രം ചെയ്യാൻ പാടില്ല, മോശമാണ് അല്ലെങ്കിൽ അത് നമ്മുടെ സമൂഹം അംഗീകരികുന്ന ഒരു കാര്യമല്ല എന്നൊക്ക മനസിലാക്കുന്നത്. നമ്മൾ അങ്ങനെയാണല്ലോ പഠിക്കുന്നത്.

എല്ലാവരിലും ഉണ്ടാക്കിയ വിഷമം എന്നെ വല്ലാതെ വേദനിപ്പിച്ചു. പിന്നെ അതെന്റെ കരിയറിനെ എത്രത്തോളം ബാധിക്കുമെന്ന് ചിന്തിക്കാനുള്ള ബോധം അന്നില്ലായിരുന്നു. അതിന് ശേഷമാണ് മൈന സിനിമ വരുന്നത്. ഈയൊരു സിനിമയുടെ വിവാദം കാരണം മൈനയുടെ തുടക്കത്തിലുള്ള പ്രൊമോഷനൊന്നും എന്നെ വിളിച്ചിരുന്നില്ല. ആ സമയത്ത് എനിക്ക് കമൽ സാറിന്റെയും രജിനിസാറിന്റെയുമെല്ലാം കോൾ വരുന്നുണ്ട്. പക്ഷെ എനിക്ക് ചെന്നൈയിലേക്ക് പോവാൻ കഴിയുന്നില്ല. അതൊന്നും കാണാനും അറിയാനും പറ്റുന്നില്ല. നല്ല വിഷമം തോന്നി.

ഒരു സിനിമ നല്ല ഹിറ്റായിട്ടും അതിന് വേണ്ട പരിഗണനയൊന്നും കിട്ടാതെ വന്നപ്പോൾ പ്രയാസം തോന്നി. പക്ഷെ സംവിധായകൻ എന്നെ പറഞ്ഞ് മനസിലാക്കി. പിന്നെ മൈന ഇറങ്ങിയ ശേഷം എല്ലാവരും മൈന എവിടെ എന്ന് ചോദിച്ച് എന്നെ അങ്ങോട്ട് തന്നെ വിളിച്ചു. സിന്ധു സമവേലിക്ക് ശേഷമാണ് ഞാൻ തിരക്കഥകൾ എടുക്കുന്നതിൽ ശ്രദ്ധിച്ചു തുടങ്ങിയത്,’ അമല പോൾ പറയുന്നു

Content Highlight: Amala Paul About Her Character In Sindhu Samaveli Movie

We use cookies to give you the best possible experience. Learn more