| Thursday, 21st March 2024, 12:08 pm

ആദ്യമായാണ് ഒരു മുസ്ലിം കഥാപാത്രമാവുന്നത്; അതിനൊരുപാട് തയ്യാറെടുപ്പുകൾ നടത്തി: അമല പോൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താൻ ആടുജീവിതത്തിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി അമല പോൾ. ആടുജീവിതം സിനിമയാക്കാൻ വേണ്ടി കുറേ വർഷം പ്രീ പ്രൊഡക്ഷൻ ജോലികൾ ചെയ്തിട്ടുണ്ടെന്നും അതിൽ ചെറിയൊരു കഥാപാത്രമാണ് സൈനുവെന്നും അമല പറഞ്ഞു. കഥാപാത്രമാകാൻ സംവിധായകൻ ബ്ലെസ്സിയുടെ ഓഫീസിൽ നിന്ന് വിളിക്കുകയായിരുന്നെന്നും അതിനു ശേഷം പുസ്തകം വായിച്ചെന്നും അമല പറയുന്നുണ്ട്.

പുസ്തകം വായിച്ചപ്പോൾ വളരെ ഇഷ്ടമായെന്നും ഇമോഷണൽ ആയി കണക്ട് ആവുകയും ചെയ്‌തെന്നും അമല കൂട്ടിച്ചേർത്തു. താൻ ആദ്യമായാണ് ഒരു മുസ്ലിം കഥാപാത്രം ചെയ്യുന്നതെന്നും കഥാപാത്രമായി മാറാൻ ഭാഷാശൈലി പഠിച്ചെടുത്തെന്നും അമല പറയുന്നുണ്ട്. ആദ്യമായാണ് ലൈവ് സൗണ്ട് ചെയ്യുന്നതെന്നും ദേശാഭിമാനിയുടെ വാരാന്ത്യ പതിപ്പിന് നൽകിയ അഭിമുഖത്തിൽ അമല പറഞ്ഞു.

‘എല്ലാവർക്കും അറിയുന്ന നോവലാണ് ആടുജീവിതം. സിനിമയാക്കാൻ വേണ്ടി കുറേ വർഷം പ്രീ പ്രൊഡക്ഷൻ ജോലികൾ ചെയ്തിട്ടുണ്ട്. നോവലിൽ സൈനു ഒരു ചെറിയ കഥാപാത്രമാണ്. കഥാപാത്രമാകാൻ സംവിധായകൻ ബ്ലെസിയുടെ ഓഫീസിൽ നിന്ന് വിളിക്കുകയായിരുന്നു. അതിനുശേഷം പുസ്തകം വായിച്ചു. പുസ്തകം വായിച്ചപ്പോൾ വളരെ ഇഷ്ടമായി. പുസ്തകം ഇമോഷണൽ ആയി കണക്ട് ആവുകയും ചെയ്തു.

ആദ്യമായാണ് ഒരു മുസ്ലിം കഥാപാത്രം ചെയ്യുന്നത്. കഥാപാത്രമായി മാറാൻ ഭാഷാശൈലി പഠിച്ചെടുത്തു. അതിനുവേണ്ടി പ്രത്യേക പരിശീലനം ഉണ്ടായിരുന്നു. ആദ്യമായാണ് ലൈവ് സൗണ്ട് ചെയ്യുന്നത്. സെറ്റിലും ആ ഭാഷാശൈലിൽ തന്നെ സംസാരിക്കാൻ ശ്രമിച്ചിരുന്നു. വലിയ സീനുകളാണ് സംവിധായകൻ ബ്ലെസി എടുക്കുക. അതിനു വേണ്ടി കുറേതവണ പരിശീലിപ്പിച്ചിരുന്നു,’ അമല പോൾ പറഞ്ഞു.

താൻ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഞാനൊരു മധ്യവർഗ്ഗ കുടുംബത്തിൽ നിന്നുള്ള ആളാണ്. സിനിമ പശ്ചാത്തലം ഒന്നുമില്ല. മെന്റർമാരും ഉണ്ടായിരുന്നില്ല. വീഴ്ചകളിൽ നിന്നും അനുഭവങ്ങളിൽ നിന്നുമാണ് പഠിച്ചത്. വീഴ്ചകൾ എനിക്കിഷ്ടമാണ്. വീഴ്ച ഉണ്ടാകുമ്പോൾ ഒരു വിജയവും ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത്. യാത്ര ചെയ്യാൻ ഇഷ്ടമാണ്. യാത്രക്കിടയിൽ കണ്ടുമുട്ടുന്ന ആളുകൾ കഥാപാത്രങ്ങളെ സ്വാധീനിക്കാറുണ്ട്,’ അമല പോൾ പറഞ്ഞു.

Content Highlight: Amala paul about her character in aadujeevitham

We use cookies to give you the best possible experience. Learn more