ബ്ലെസി എന്ന സംവിധായകനെ കുറിച്ചും ജോലിയില്‍ അദ്ദേഹം പുലര്‍ത്തുന്ന ആത്മാര്‍ത്ഥയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി അമല പോള്‍. ആടുജീവിതം എന്ന ചിത്രത്തില്‍ സൈനു എന്ന കഥാപാത്രമായിട്ടാണ് അമല എത്തുന്നത്.
ഹോളിവുഡിലൊക്കെ ആയിരുന്നെങ്കില്‍ ഒന്നിലേറെ ഓസ്‌കറുകള്‍ അദ്ദേഹത്തെ തേടിയെത്തുമായിരുന്നെന്നും അത്രയേറെ കഴിവുള്ള ഇന്റലിജന്റായ സംവിധായകനാണ് അദ്ദേഹമെന്നും അമല പറഞ്ഞു. റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.
‘ ഭയങ്കര ഇന്നസെന്റ്, സോള്‍ ഫുള്‍ ഹ്യൂമണാണ് അദ്ദേഹം. നല്ല മനസുള്ള ഒരാള്‍. അദ്ദേഹത്തിനൊപ്പം സമയം ചിലവഴിക്കുമ്പോള്‍ തന്നെ ഞാന്‍ ഇമോഷണലാകും. അദ്ദേഹവുമായി സംസാരിച്ചിരിക്കാന്‍ തന്നെ ഒരു സന്തോഷമാണ്.
സെറ്റില്‍ ബ്ലെസി ചേട്ടന്‍ കഥാപാത്രങ്ങളെ നമുക്ക് അഭിനയിച്ചു കാണിച്ചുതരും. നജീബിന്റെ സീന്‍ അദ്ദേഹം അഭിനയിച്ചു കാണിക്കുന്നത് മനസിലാക്കാം. എന്നാല്‍ സൈനുവിന്റെ പെര്‍ഫോമന്‍സ് അദ്ദേഹം ചെയ്യുന്നത് കണ്ടുകഴിഞ്ഞാല്‍ എനിക്ക് തന്നെ അത്രയും ഫെമിനൈന്‍ ആയിട്ട് അത് ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന് തോന്നും. അത്ര ബ്രില്യന്റ് ആയിട്ട് പെര്‍ഫോം ചെയ്ത് കാണിക്കും.
സെറ്റില്‍ അദ്ദേഹം ഓണ്‍ ആണ്. സെറ്റിലുള്ളവര്‍ പറഞ്ഞത് ജോര്‍ദന്‍ ഷെഡ്യൂളില്‍ ബ്ലെസി ചേട്ടനിലെ അന്യന്‍ പുറത്തുവന്നു എന്നാണ്. ഇവിടെ എനിക്ക് അദ്ദേഹം അമ്പിയും റെമോയും ആയിരുന്നു.(ചിരി) ഒരു സീന്‍ അദ്ദേഹം വിചാരിക്കുന്ന രീതിയില്‍ വരാത്തപ്പോള്‍ അദ്ദേഹം അസ്വസ്ഥനായി. മൈക്കൊക്കെ എറിഞ്ഞു. അദ്ദേഹം ഒരു കുട്ടിയെപ്പോലെയാണ്. വിചാരിക്കുന്നത് കിട്ടണമെന്ന് ആഗ്രഹിക്കുന്ന ഹൈപ്പര്‍ ചൈല്‍ഡ്.
ബ്ലെസിയേട്ടന്‍ ഹോളിവുഡില്‍ ആയിരുന്നെങ്കില്‍ എത്രയോ ഓസ്‌കര്‍ കിട്ടേണ്ട ഡയറക്ടറാണ്. അത്രയും ടാലന്റഡ് ആയിട്ടുള്ള ഡയറക്ടറാണ്. ഞങ്ങളുടെ റൊമാന്റിക് സീനിലെ ഒരു നരേറ്റീവ് പ്രണയം കൊണ്ട് സൈനു നജീബിന്റെ മീശ കടിച്ചെടുക്കുകയാണ് എന്നാണ്. അങ്ങനെയൊക്കെ ചിന്തിക്കാനും അത്രയും ഡെപ്തിലേക്ക് എഴുതാനുമൊക്കെ അദ്ദേഹത്തിനാകും.
ഡബ്ബിങില്‍ എനിക്ക് കുറച്ച് പാച്ച് വര്‍ക്ക് ഉണ്ടായിരുന്നു ചെന്നൈയില്‍ വെച്ചായിരുന്നു. അതില്‍ എന്റെ ഡയലോഗ് എന്താണെന്നാല്‍ ഞാന്‍ ഇക്ക എന്ന് പറയണം. അതാണ് ഡയലോഗ്. അത് എത്ര വേരിയേഷനില്‍ പറയാന്‍ പറ്റും ഒരു മനുഷ്യന്. 12 ടേക്ക് വരെ പോയി. അതായത് 12 വേരിയേഷനിലുള്ള ഇക്ക അദ്ദേഹത്തിന് വേണമായിരുന്നു. പല ഇമോഷനില്‍ പറയണം. കരാതെ പറയണം, കരയാതെ കരയുന്നു എന്ന രീതിയില്‍, കരഞ്ഞുകൊണ്ട് പറയണം, വിതുമ്പി കൊണ്ട് പറയണം. ബ്രേക്ക് ആവുന്ന രീതിയില്‍ വേണം. മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നൊന്നും പറഞ്ഞാല്‍ പോര, അതിന്റെയൊക്കെ മുകളിലാണ് അദ്ദേഹം,’ അമല പറഞ്ഞു.
Content Highlight: Amala Paul about Blessy and aadujeevitham