| Wednesday, 17th July 2024, 2:36 pm

ആസിഫ് അലിയെ ഓർത്ത് അഭിമാനിക്കുന്നു, ആ സാഹചര്യത്തെ അവൻ സമചിത്തതയോടെ നേരിട്ടു; പിന്തുണയുമായി അമല പോൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരീസ് ‘മനോരഥങ്ങള്‍’ ട്രെയ്‌ലര്‍ റിലീസിനിടെ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ നടന്‍ ആസിഫ് അലിയെ വേദിയില്‍ അപമാനിച്ച സംഗീത സംവിധായകന്‍ രമേശ് നാരായണനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

താരസംഘടനയായ അമ്മ, ഫെഫ്ക്ക എന്നിവരെല്ലാം വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. സംഭവത്തിന് ശേഷം ആസിഫ് അലിയുടെ പ്രതികരണത്തിനായിരുന്നു എല്ലാവരും കാത്തിരുന്നത്.

പുതിയ ചിത്രമായ ലെവൽ ക്രോസിന്റെ ഭാഗമായി ആസിഫ് അലിയും അണിയറ പ്രവർത്തകരും ഇന്ന് പ്രൊമോഷൻ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ തന്റെ പ്രതികരണം പിന്നീട് അറിയിക്കാം എന്നാണ് ആസിഫ് അലി അറിയിച്ചത്.

എന്നാൽ നടി അമല പോൾ ആസിഫ് അലിയെ കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ആസിഫിനെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അത്തരമൊരു സാഹചര്യം സമചിത്തതോടെയാണ് ആസിഫ് നേരിട്ടതെന്നും അമല പറഞ്ഞു. പ്രൊമോഷന്റെ ഭാഗമായി സെന്റ് ആൽബർട്ട് കോളേജിൽ സംസാരിക്കുകയായിരുന്നു അമല പോൾ.

‘ആസിഫ് അലി എന്റെ അടുത്ത സുഹൃത്താണ്. നമുക്കെല്ലാവർക്കും അറിയാം, ഇന്നലെ അവൻ ജീവിതത്തിൽ വളരെ പ്രയാസമുള്ള ഒരു സാഹചര്യത്തെ നേരിട്ടു.

എനിക്ക് ആസിഫിനെ ഓർത്ത് വലിയ അഭിമാനമാണ് തോന്നുന്നത്. അങ്ങനെയൊരു സാഹചര്യത്തെ വളരെ സമചിത്തതോടെയാണ് അവൻ നേരിട്ടത്,’അമല പോൾ പറഞ്ഞു.

Content Highlight: Amala  paul about Asif Ali, Ramesh Narayanan Issue

We use cookies to give you the best possible experience. Learn more