ഗോപീസുന്ദറിന്റെ ഈണത്തില്‍ “അമല”യുടെ പ്രൊമോ ഗാനം പുറത്തിറങ്ങി. നിഷാദ് ഇബ്രാഹിമിന്റെ സംവിധാനത്തില്‍ മൂന്നു ഭാഷകളിലായി ഒരുങ്ങുന്ന അമലയിലെ “ഒരുത്തി” എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെ പ്രേക്ഷക ശ്രദ്ധ നേടുകയാണ്.
അന്ധയായ യുവതിയുടെ കഥ പറയുന്ന അമലയിലെ പുറത്തിറങ്ങിയിരിക്കുന്ന ഗാനം, നിലവിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥ പ്രതീകാത്മകമായി ചിത്രീകരിക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷകര്‍ കുറിക്കുന്നത്.
ലൈംഗികമായും സാമൂഹികമായും സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെയും നീതിന്യായ വ്യവസ്ഥയുടെ അനാസ്ഥയുമെല്ലാം വിഷയങ്ങളാകുന്ന ഗാനം, അക്രമങ്ങള്‍ ഒഴിവാക്കി സ്ത്രീകളെ സ്വതന്ത്രരാക്കൂ എന്ന സന്ദേശം പ്രദര്‍ശിപ്പിച്ചാണ് അവസാനിക്കുന്നത്. #OffOurBodies, #HearOurVoices, #Respect&Justice എന്നീ ഹാഷ്ടാഗുകളും ഗാനത്തിന്റെ അവസാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള പ്രതീക്ഷ പ്രേക്ഷകരില്‍ ഉയര്‍ത്തുന്ന പ്രൊമോ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നതും പാടിയിരിക്കുന്നതും നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനാര്‍ക്കലി മരക്കാറാണ്. അനാര്‍ക്കലിയോടൊപ്പം അപ്പാനി ശരത്, ശ്രീകാന്ത് എന്നിവരും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ താരനിര.
നിസാം ബഷീറിന്റേതാണ് ഗാനത്തിന്റെ ആശയവും സംവിധാനവും. മാസ്‌കോട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹ്‌സിന നിഷാദ് ഇബ്രാഹിമാണ് ചിത്രം നിര്‍മിക്കുന്നത്.
വീഡിയോ കാണാം: