കോഴിക്കോട്: സനാതന ധര്‍മമല്ല കമ്മ്യൂണിസം എന്ന മതത്തെയാണ് നമ്മള്‍ എല്ലാവരും ഇല്ലാതാക്കേണ്ടതെന്ന് കോണ്‍ഗ്രസ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍. തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മത്തെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലൂടെയാണ് അമല്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്.
ഈ പോസ്റ്റിന് താഴെ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ ബി.ജെ.പി ഉയര്‍ത്തിക്കൊണ്ട് വന്ന ഒരു വിവാദത്തെ കമ്മ്യൂണിസത്തിനെതിരായി പറയുന്നതിന്റെ യുക്തിയെന്താണെന്നാണ് കമന്റുകള്‍. അമല്‍ നേരത്തെ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് രംഗത്തെത്തിയതും, ഇദ്ദേഹം ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചതും ഇതിന് താഴെ ആളുകള്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
അതേസമയം, ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. ‘ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടത്,’ എന്നായിരുന്നു ഉദയനിധി പറഞ്ഞത്.
ജാതി പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ അമ്മയെ ഉള്‍പ്പെടെ വേദിയിലിരുത്തിയായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.
സനാതനധര്‍മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പരാമര്‍ശം വംശഹത്യയാണെന്ന പ്രചരണത്തിലാണ് ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും നടത്തുന്നത്. എന്നാല്‍ വംശഹത്യയല്ലെ താനുദ്ദേശിച്ചതെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നത് ബാലിശമാണെന്നാണ് വിഷയത്തില്‍ ഉദയനിധിയുടെ വിശദീകരണം.
‘കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് മോദി പറയുന്നതിനര്‍ഥം കോണ്‍ഗ്രസുകാരെയെല്ലാം കൊന്ന് തീര്‍ക്കണമെന്നാണോ, അല്ലല്ലോ. സനാതന ധര്‍മ്മത്തെ ഇല്ലാതാക്കണമെന്ന എന്റെ പ്രസ്താവനയും അങ്ങനെ തന്നെയേയുള്ളൂ.
സനാതന ധര്‍മക്കാരെ കൊല്ലണമെന്നല്ല, സനാതനധര്‍മ്മം എന്ന തെറ്റായ ഐഡിയോളജിയെ ഇല്ലാതാക്കണമെന്നാണ് ഞാന്‍ പറഞ്ഞത്,’ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
Content Highlight: Amal Unnithan said that we should all get rid of the religion of Sanatana Dharma not Communism.