കോഴിക്കോട്: സനാതന ധര്‍മമല്ല കമ്മ്യൂണിസം എന്ന മതത്തെയാണ് നമ്മള്‍ എല്ലാവരും ഇല്ലാതാക്കേണ്ടതെന്ന് കോണ്‍ഗ്രസ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍. തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മത്തെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലൂടെയാണ് അമല്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്.
ഈ പോസ്റ്റിന് താഴെ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ ബി.ജെ.പി ഉയര്‍ത്തിക്കൊണ്ട് വന്ന ഒരു വിവാദത്തെ കമ്മ്യൂണിസത്തിനെതിരായി പറയുന്നതിന്റെ യുക്തിയെന്താണെന്നാണ് കമന്റുകള്‍. അമല്‍ നേരത്തെ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് രംഗത്തെത്തിയതും, ഇദ്ദേഹം ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചതും ഇതിന് താഴെ ആളുകള്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
അതേസമയം, ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. ‘ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടത്,’ എന്നായിരുന്നു ഉദയനിധി പറഞ്ഞത്.