ഭരണകൂട ഉടമസ്ഥതയിലുള്ള ഒരു കാമ്പസില്‍ ഒരു രോഹിത് വെമൂലയുണ്ടായപ്പോള്‍ മത്സരിച്ച് ഉറഞ്ഞുതുള്ളിയവര്‍ കേരളത്തിലെ വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങളില്‍ നടക്കുന്ന ദലിത് മനുഷ്യാവകാശ ധ്വംസനത്തിനു നേരെ കണ്ണടയ്ക്കുന്നതിന്റെ കാരണം വ്യക്തമാക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെ സ്വകാര്യ വല്‍ക്കരണത്തെ തന്ത്രപരമായി അനുകൂലിക്കാനുള്ള മൗനമായിവേണം ഇതിനെ പരിഗണിക്കേണ്ടത്.
ചാനല്‍ മുറിയിലും തെരുവിലും ഫേസ്ബുക്ക് പ്രൊഫൈലിലും രോഹിത് വെമൂലയ്‌ക്കൊപ്പം നില്‍ക്കുവാന്‍ വ്യക്തികളും സംഘടനകളുമൊക്കെ മത്സരിച്ച് ശബ്ദമുയര്‍ത്തിയെങ്കിലും കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന കേവല രാഷ്ട്രീയ തന്ത്രമോ സ്വയം പ്രകടിപ്പിക്കാനുള്ള വ്യഗ്രതയോ മാത്രമായിരുന്നു എന്നാണ് മറ്റ് സമീപകാല സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്.
ഒപ്പീനിയന്‍ | സുനില്‍ മാലൂര്‍
ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി രോഹിത് വെമൂല ജാതിവിവേചനത്തിന്റെ ഇരയായി ആത്മഹത്യ ചെയ്ത സംഭവം രാജ്യമെമ്പാടും പ്രതിഷേധാഗ്‌നി പടര്‍ത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കശാപ്പുശാലകള്‍ ആകുന്നതില്‍ ആശങ്കയുയരുമ്പോള്‍ സമാന സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന വിദ്യാര്‍ത്ഥിയാണ് പത്തനംതിട്ട റാന്നിയിലെ പെരുനാട് കാര്‍മല്‍ എന്‍ജിനീയറിംഗ് കോളേജിലെ അമല്‍ പി.എസ്.
രോഹിത് വെമൂലയുടെ ആത്മഹത്യ ഇന്ത്യയില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തെ കൂടുതല്‍ ശക്തിയില്‍ അടയാളപ്പെടുത്തുകയും അതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തപ്പോള്‍ ഇവിടെ കേരളത്തിലും ബ്രാഹ്മണിക്കല്‍ മേധാവിത്വവും ദലിത് ഐഡന്റിറ്റിയും അംബേദ്കറിസവും മാര്‍ക്‌സിസ്റ്റ് വിരോധവുമൊക്കെ ഏറെ ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി.
ചാനല്‍ മുറിയിലും തെരുവിലും ഫേസ്ബുക്ക് പ്രൊഫൈലിലും രോഹിത് വെമൂലയ്‌ക്കൊപ്പം നില്‍ക്കുവാന്‍ വ്യക്തികളും സംഘടനകളുമൊക്കെ മത്സരിച്ച് ശബ്ദമുയര്‍ത്തിയെങ്കിലും കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന കേവല രാഷ്ട്രീയ തന്ത്രമോ സ്വയം പ്രകടിപ്പിക്കാനുള്ള വ്യഗ്രതയോ മാത്രമായിരുന്നു എന്നാണ് മറ്റ് സമീപകാല സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്.
രോഹിത്ത് വെമൂല സംഭവം നടക്കുന്നതിന്റെ തൊട്ടുപിന്നാലെ സമാനമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തപ്പോഴും കേരളത്തില്‍ പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ വിമോചകരുടെ മൂക്കിനു താഴെ അമല്‍ പി.എസ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തപ്പോഴും മേപ്പടി ബുദ്ധിജീവികള്‍ തന്ത്രപരമായ മൗനം പാലിച്ചത് ചോദ്യം ചെയ്യപ്പെടേണ്ടുതുണ്ട്.
രോഹിത് വെമൂല സംഭവം സോഷ്യല്‍ മീഡിയകളിലും മറ്റും കൊടുമ്പിരി കൊണ്ടിരുന്നപ്പോള്‍ തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യ ഏറെയൊന്നും ചര്‍ച്ചയ്ക്ക് വിധേയമായില്ലെങ്കിലും ഇവ തമ്മില്‍ കൂട്ടിയിണക്കുന്ന ചില വാര്‍ത്തകളും ചില ആശങ്കകളും ഉയര്‍ന്നുവന്നിരുന്നു.
സമകാലിക ഇന്ത്യയെ അടയാളപ്പെടുത്താനായി ചില സോഷ്യല്‍ മീഡിയ ബുദ്ധിജീവികളെങ്കിലും ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും സംഭവം ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ രോഹിത് വെമൂലയെപ്പോലെ ഹോസ്റ്റലില്‍ നിന്നും ആട്ടിയിറക്കപ്പെടുകയും ജാതീയമായ അപമാനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത പെരുനാട് കാര്‍മല്‍ എന്‍ജിനീയറിഗ് കോളേജിലെ മൂന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി അമല്‍ പി.എസിനെ ഓര്‍ത്ത് കണ്ണീരൊഴുക്കാന്‍ ആരുമുണ്ടായില്ല.രോഹിത് വെമുല വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളുടെ സാധ്യതകള്‍ക്കനുസരിച്ചു മാത്രം മേക്കപ്പിട്ടു തിരക്ക് കൂട്ടിയ സെലിബ്രിറ്റി ബുദ്ധിജീവികളും ഈ വിഷയത്തില്‍ തികഞ്ഞ നിശബ്ദത കാത്തു സൂക്ഷിച്ചു
ഇന്ത്യയില്‍ മാര്‍ക്‌സിസം പിച്ചനടക്കാന്‍ പഠിക്കുന്ന കാലത്തെപ്പോഴോ അംബേദ്കര്‍ മാര്‍ക്‌സിസത്തെ വിമര്‍ശനപരമായി സമീപിച്ചു എന്ന ഒറ്റക്കാരണത്താല്‍ ദലിത് വിമോചന ചര്‍ച്ചകളില്‍നിന്ന് തൊഴിലാളി എന്ന പദത്തെ നാടുകടത്തുകയും അതിന്റെ മറവില്‍ മുതലാളിക്ക് കോട്ടം തട്ടാതെ സംരക്ഷിക്കുകയും ചെയുന്ന കുത്സിത ബുദ്ധിയാണ് രോഹിത് വെമുലയും അമലും ഒരേ വേട്ടക്കാരുടെ ഇരകളാണെന്ന സത്യം ബോധപൂര്‍വം മറച്ചു പിടിക്കുന്നത് .
കോളേജിലെ എന്‍.എസ്.എസ് വോളണ്ടിയര്‍ കൂടിയായിരുന്ന അമലിന്റെ ആത്മഹത്യക്കെതിരെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ മാനേജരുടെ കോലം കത്തിക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തിയിരുന്നു. ഇതെല്ലാം അടിച്ചമര്‍ത്തുവാനും അതിന്റെ പേരില്‍ പ്രതിഷേധമുയര്‍ത്തിയ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുവാനും മാനേജ്‌മെന്റിനു കഴിഞ്ഞു.
കൊട്ടാരക്കര സ്വദേശിയായ അമല്‍ പി.എസിനെ 2015 നവംബര്‍ രണ്ടാം തീയതി കല്ലടയാറ്റിലെ കൊട്ടാരക്കര കുന്നത്തൂര്‍ കടപുഴ പാലത്തിനു സമീപം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിനുത്തരവാദി കോളേജ് മാനേജരാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പും അമല്‍ എഴുതിവെച്ചിരുന്നു.
മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയ അമലിന്റെ മാര്‍ക്ക് കുറഞ്ഞുപോയതിനാല്‍ ഹോസ്റ്റലില്‍ നിന്നും മാറ്റുകയാണെന്നു കാണിച്ച് അമലിന്റെ അമ്മ സുജയെയും സഹോദരനെയും കോളേജിലേക്ക് വിളിപ്പിച്ചിരുന്നു. ഇവിടെ വെച്ച് ഹോസ്റ്റല്‍ ഫീസും മറ്റും എസ്.സി ക്വാട്ടയില്‍ ലഭിച്ചതാണെന്ന് അമല്‍ പറഞ്ഞപ്പോള്‍ കോളേജ് മാനേജര്‍ ജാതീയമായി ആക്ഷേപിക്കുകയും എസ്.സി ക്വാട്ട നിര്‍ത്തലാക്കിയാല്‍ നീ എന്തുചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി അമ്മ പറയുന്നുണ്ട്.
അച്ഛന്‍ പട്ടാളക്കാരനായതുകൊണ്ടാണ് മകന്‍ ഇങ്ങനെ പിഴച്ചുപോയതെന്നും മാനേജര്‍ ആക്ഷേപിക്കുകയുണ്ടായി. മകന്റെ മുമ്പില്‍വെച്ച് കോളേജ് മാനേജര്‍ അമ്മയോട് ഇത്തരത്തില്‍ സംസാരിച്ചതും ദേഷ്യപ്പെട്ടതുമൊക്കെ അമലിനെ വേദനിപ്പിച്ചിരുന്നു. പിന്നീട് മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി അമലും കുടുംബവും ഹോസ്റ്റല്‍ ഒഴിഞ്ഞുകൊടുക്കാമെന്ന് സമ്മതിച്ചെങ്കിലും മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മാനേജര്‍ ഫാദര്‍ വില്യംസ് പിടിച്ചുവെക്കുകയും ചെയ്തു. തുടര്‍ന്ന് തൊട്ടടുത്ത ദിവസമാണ് അമല്‍ ആത്മഹത്യ ചെയ്യുന്നത്.
പഠനത്തില്‍ മികവു കാട്ടിയിരുന്ന അമലിന് മൂന്നാം വര്‍ഷത്തിലെത്തിയപ്പോള്‍ മാര്‍ക്ക് കുറഞ്ഞു എന്ന കാരണത്താല്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുവാന്‍ തീരുമാനമെടുത്ത മാനേജ്‌മെന്റിന്റെ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് അമലിന്റെ അച്ഛനും അമ്മയും പറയുന്നു. കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം സംഘാടകനായിരുന്ന അമലിനോട് അതില്‍ കൂടുതല്‍ സജീവമാകാന്‍ പ്രേരിപ്പിച്ചിരുന്നത് എച്ച്.ഒ.ഡിയും കോളേജ് അധികൃതരും ആണ്.
അതുകൊണ്ടുതന്നെ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മാര്‍ക്ക് കുറഞ്ഞിരുന്നു എന്നുള്ളത് വാസ്തവമാണെങ്കിലും ദൂരദേശത്തുനിന്നും വന്നുപഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കാനുള്ള കാരണമായി വ്യാഖ്യാനിക്കുന്നതിലും ദുരൂഹതയുണ്ട്. ഇതെല്ലാംകാട്ടി ഭൂട്ടാനില്‍ സൈനികസേവനം അനുഷ്ഠിക്കുന്ന അമലിന്റെ പിതാവ് കൊല്ലം റൂറല്‍ എസ്.പിയ്ക്ക് പരാതി നല്‍കിയെങ്കിലും നാളിതുവരെയായി നടപടിയൊന്നുമില്ല. ബിലീവേഴ്‌സ് ചര്‍ച്ചും കോളേജ് മാനേജരുമൊക്കെ വലിയ ആളുകളാണെന്നും അവരോട് മുട്ടാന്‍ പോകരുതെന്നും അമലിന്റെ ചില സഹപാഠികളുടെ രക്ഷകര്‍ത്താക്കള്‍ വഴി താക്കീത് ചെയ്യുകയും ചെയ്‌തെന്ന് അച്ഛന്‍ പ്രസന്നന്‍ പറഞ്ഞു.
അടുത്ത പേജില്‍ തുടരുന്നു
ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള ഈ കോളേജില്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയ്ക്കു സമാനമായ ഒട്ടനവധി സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ഉറച്ച ശബ്ദംപോലും സെന്‍സര്‍ ചെയ്യപ്പെട്ടു. ഏറ്റവുമൊടുവില്‍ കോളേജ് മാനേജരുടെ പീഡനത്തെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റിയുടെ ഫീസ് ആനുകൂല്യത്തോടെ ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചുകൊണ്ടിരുന്ന ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവമുണ്ടായത്.
കോളേജിലെ എന്‍.എസ്.എസ് വോളണ്ടിയര്‍ കൂടിയായിരുന്ന അമലിന്റെ ആത്മഹത്യക്കെതിരെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ മാനേജരുടെ കോലം കത്തിക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തിയിരുന്നു. ഇതെല്ലാം അടിച്ചമര്‍ത്തുവാനും അതിന്റെ പേരില്‍ പ്രതിഷേധമുയര്‍ത്തിയ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുവാനും മാനേജ്‌മെന്റിനു കഴിഞ്ഞു.
എന്നാല്‍ പിന്നോക്കക്കാരുടെ മുഴുവന്‍ സംരക്ഷകരോ മനുഷ്യ പക്ഷത്തു നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവരോ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്‍മാരോ തിരിഞ്ഞുനോക്കാത്തത് പ്രസ്തുത കോളേജ് ബിലിവേഴ്‌സ് ചര്‍ച്ചിന്റെ സ്വയം പ്രഖ്യാപിത ബിഷപ്പ് കെ.പി.യോഹന്നാന്റേതാണ് എന്നതിനാലാണ്.
പൊന്തക്കോസ്തുകാരുടെ സ്വപ്നഭൂമിയായ അമേരിക്കയില്‍ ബന്ധമുണ്ടായ കെ.പി യോഹന്നാന്റെ കൈകളിലേക്ക് പണം ഒഴുകിയെത്തുകയും അത് കേരളത്തിലെ വിവിധ മേഖലകളില്‍ നിക്ഷേപിക്കുകയും ചെയ്തതിനൊപ്പമാണ് ഇദ്ദേഹം ബിഷപ്പായി സ്വയം അവരോധിതനാകുന്നത്. അതോടെ കേരളത്തിലെ സാമുദായിക രാഷ്ട്രീയ മേഖലകളില്‍ ബിലീവേഴ്‌സ് ചര്‍ച്ച് വ്യക്തമായ സ്വാധീനമുറപ്പിക്കുകയായിരുന്നു. വിദ്യാഭ്യാസ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍മൂലധനമാണ് ബിലീവേഴ്‌സ് ചര്‍ച്ച് മുടക്കിക്കൊണ്ടിരിക്കുന്നത്.
പണ്ട് സ്വര്‍ഗരാജ്യം സ്വപ്നം കണ്ട് കൂടെക്കൂടിയ പിന്നോക്ക സമുദായക്കാര്‍ ദലിത് ക്രിസ്ത്യാനി എന്ന പേര് ചാര്‍ത്തിക്കിട്ടി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംവരണസീറ്റില്‍ മത്സരിക്കാന്‍പോലുമാവാതെ പിന്നാമ്പുറത്തേക്ക് തഴയപ്പെട്ടു. ഇത്തരം കേന്ദ്രങ്ങളില്‍ ചൂഷണം ചെയ്യപ്പെടുന്ന ഈ പിന്നോക്ക ദലിത് ജനവിഭാഗങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരളീയ പൊതുസമൂഹത്തിന് ന്യായീകരിക്കാനാകാത്ത മൗഢ്യമാണുള്ളത്.
പത്തനംതിട്ട ജില്ലയിലെ രാഷ്ട്രീയക്കാരെയെല്ലാം കയ്യിലെടുത്തതിനു ശേഷമാണ് ഹോട്ടല്‍ വ്യവസായിയും ബാര്‍ ഉടമയുമായിരുന്ന അടൂര്‍ പാലാഴി ബാബുവിന്റെ കുടുംബത്തിന്റെ കയ്യില്‍നിന്നും ബിലീവേഴ്‌സ് ചര്‍ച്ച് പെരുനാട് കാര്‍മല്‍ എന്‍ജിനീയറിംഗ് കോളേജ് സ്വന്തമാക്കുന്നത്. അതോടെ കോളേജിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയവും പ്രാദേശിക നേതാക്കളുടെ വിയോജിപ്പുകളുമെല്ലാം സെറ്റില്‍ ചെയ്യപ്പെട്ടു.
കോളേജ് പരിസരത്തുകൂടി കടന്നുപോകുന്ന പഞ്ചായത്ത് റോഡ് കയ്യടക്കിയിട്ടും പാരിസ്ഥിതികാനുമതിയില്ലാതെ നീര്‍ത്തോട് കയ്യേറി ചെക്ക്ഡാം പണിതപ്പോഴുമെല്ലാം ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം നോക്കുകുത്തിയായി നിന്നുകൊടുക്കുകയും ചെയ്തു.
ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള ഈ കോളേജില്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയ്ക്കു സമാനമായ ഒട്ടനവധി സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ഉറച്ച ശബ്ദംപോലും സെന്‍സര്‍ ചെയ്യപ്പെട്ടു. ഏറ്റവുമൊടുവില്‍ കോളേജ് മാനേജരുടെ പീഡനത്തെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റിയുടെ ഫീസ് ആനുകൂല്യത്തോടെ ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചുകൊണ്ടിരുന്ന ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവമുണ്ടായത്.
ഇന്ത്യയില്‍ മാര്‍ക്‌സിസം പിച്ചനടക്കാന്‍ പഠിക്കുന്ന കാലത്തെപ്പോഴോ അംബേദ്കര്‍ മാര്‍ക്‌സിസത്തെ വിമര്‍ശനപരമായി സമീപിച്ചു എന്ന ഒറ്റക്കാരണത്താല്‍ ദലിത് വിമോചന ചര്‍ച്ചകളില്‍നിന്ന് തൊഴിലാളി എന്ന പദത്തെ നാടുകടത്തുകയും അതിന്റെ മറവില്‍ മുതലാളിക്ക് കോട്ടം തട്ടാതെ സംരക്ഷിക്കുകയും ചെയുന്ന കുത്സിത ബുദ്ധിയാണ് രോഹിത് വെമുലയും അമലും ഒരേ വേട്ടക്കാരുടെ ഇരകളാണെന്ന സത്യം ബോധപൂര്‍വം മറച്ചു പിടിക്കുന്നത് .
സംഭവത്തെത്തുടര്‍ന്ന് കോളേജിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങിയിട്ടും കേരളത്തിലെ ഒറ്റ ഇടതുപുരോഗമന വിദ്യാര്‍ത്ഥി സംഘടനകളും ഐക്യദാര്‍ഢ്യവുമായി രംഗത്തു വന്നില്ലെന്നുമാത്രമല്ല കുറ്റകരമായ മൗനം അവലംബിക്കുയും ചെയ്തു. മരിച്ചതൊരു ദലിത് വിദ്യാര്‍ത്ഥിയാണെന്ന് സഹപാഠികള്‍ ഉറക്കെവിളിച്ചുപറഞ്ഞിട്ടും ഒരു വിമോചകനും ആ വഴി വന്നില്ല. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകരും സംഭവം അറിഞ്ഞതായി ഭാവിച്ചുമില്ല.
ഭരണകൂട ഉടമസ്ഥതയിലുള്ള ഒരു കാമ്പസില്‍ ഒരു രോഹിത് വെമൂലയുണ്ടായപ്പോള്‍ മത്സരിച്ച് ഉറഞ്ഞുതുള്ളിയവര്‍ കേരളത്തിലെ വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങളില്‍ നടക്കുന്ന ദലിത് മനുഷ്യാവകാശ ധ്വംസനത്തിനു നേരെ കണ്ണടയ്ക്കുന്നതിന്റെ കാരണം വ്യക്തമാക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെ സ്വകാര്യ വല്‍ക്കരണത്തെ തന്ത്രപരമായി അനുകൂലിക്കാനുള്ള മൗനമായിവേണം ഇതിനെ പരിഗണിക്കേണ്ടത്.
ദലിത് ജീവിതങ്ങള്‍ക്കുനേരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദു സവര്‍ണതയാണ് വാളെടുക്കുന്നതെങ്കില്‍ കേരളത്തിലെ പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ ആ ഉത്തരവാദിത്തം പള്ളിയും മെത്രാച്ചന്‍മാരും റബ്ബര്‍ മുതാളിമാരുമാണ് നിര്‍വഹിക്കുന്നതെന്നു കാണാം. അതുകൊണ്ടുതന്നെ പ്രദേശത്തെ ഹിന്ദു ഫ്യൂഡല്‍ പ്രഭുക്കന്‍മാരുമായി ഇവര്‍ക്ക് പെട്ടെന്ന് സന്ധിയുണ്ടാക്കാന്‍ കഴിയും.
ഇതുതന്നെയാണ് ആത്മഹത്യ ചെയ്ത അമലിന്റെ കാര്യത്തിലും സംഭവിച്ചത്. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ വിദ്യാഭ്യാസ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ മുതല്‍മുടക്ക് നടത്തിയ ബിലീവേഴ്‌സ് ചര്‍ച്ചിനു മുന്നില്‍ പ്രതിഷേധശബ്ദങ്ങള്‍ ഉയരാതിരിക്കുവാനും ഉയര്‍ന്നതിനെ പുറംലോകമറിയാതിരിക്കുവാനും ഏറേപ്പേര്‍ മത്സരിക്കുന്നുണ്ട്. അതില്‍ രാഷ്ട്രീയ മാധ്യമ രംഗങ്ങളിലുള്ള ഒട്ടുമിക്ക വമ്പന്‍മാരും ഉള്‍പെടും.
മതപരിവര്‍ത്തനം നടത്തുന്നു എന്നപേരില്‍ ഒരുകാലത്ത് ബിലീവേഴ്‌സ് ചര്‍ച്ചിലെ പാസ്റ്റര്‍മാരെ വളഞ്ഞിട്ടുതല്ലിയവര്‍തന്നെ രക്ഷകരായെത്തുകയും അവസാനനിമിഷം അമലിന്റെ കുടുംബത്തെ കാലുവാരുകയും ചെയ്തു. ഹൈദരാബാദില്‍ പ്രതിസ്ഥാനത്ത് സംഘപരിവാര്‍ ശക്തികളായിരുന്നെങ്കില്‍ ഇവിടെ മരണമടഞ്ഞ വിദ്യാര്‍ത്ഥിയുടെ കുടുംബത്തെ സഹായിക്കാനെന്ന വ്യാജേന ബിലീവേഴ്‌സ് ചര്‍ച്ചിന്റെ താല്പര്യത്തിനനുസരിച്ച് കാര്യങ്ങള്‍ നടത്തിക്കൊടുത്തതും അതേ സംഘപരിവാര്‍ ശക്തികളാണെന്നുള്ളതും ചിലരുടെയൊക്കെ ഒടുക്കത്തെ മൗനത്തിനുള്ള മറുപടിയാണ്. അമലിന്റെ കുടുംബത്തെ സഹായിക്കാനെന്ന രൂപത്തില്‍ മധ്യസ്ഥം വഹിക്കാനെത്തിയ സംഘപരിവാര്‍ സംഘടനാ നേതാക്കള്‍ പ്രശ്‌നം സെറ്റില്‍ ചെയ്തതയാണ് അറിയുന്നത്.