| Friday, 22nd November 2019, 6:27 pm

ജെ.എന്‍.യു സമരം എന്തിന്?

അമല്‍ പുല്ലാര്‍ക്കാട്ട്

ജെ.എന്‍.യുവില്‍, സമരം എന്നല്ല മറ്റ് എന്ത് സംഭവം നടക്കുന്ന വാര്‍ത്തയെത്തുമ്പോഴും അതിനൊപ്പം ദേശദ്രോഹികള്‍, തീവ്രവാദികള്‍, ജിഹാദികള്‍, പാക്കിസ്ഥാന്‍ വാദികള്‍, ഇന്ത്യന്‍ ആര്‍മിയെ അപമാനിക്കുന്നവര്‍, 40ഉം, 50ഉം വയസ്സുവരെ സര്‍ക്കാരിന്റെ കാശുവാങ്ങി പഠിക്കുന്നവര്‍ എന്നെല്ലാം നിര്‍ത്താതെ നിലവിളിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലും മറ്റിടങ്ങളിലും നിറയുന്ന ഒരു പറ്റം ആള്‍ക്കൂട്ടങ്ങളുണ്ട്. അങ്ങനെയൊരു കൂട്ടം എന്ന് പറയുമ്പോള്‍ കൃത്യമായ രാഷ്ട്രീയവും ലക്ഷ്യങ്ങളുമുള്ള ഒരു വേട്ടപ്പട്ടികളുടെ സംഘം.

സോഷ്യല്‍ മീഡിയയിലെ ഈ മുറവിളിക്കാരില്‍ വലിയൊരു ശതമാനം ആളുകളുടെ പേരിലേക്ക് നോക്കിക്കഴിഞ്ഞാല്‍ തന്നെ ഈ അസുഖത്തിന്റെ വേര് എവിടെയാണെന്ന് പിടികിട്ടും. ഇത്തരം കള്ളക്കൂട്ടങ്ങളുടെ എക്കാലത്തേയും വലിയ ആഗ്രഹമാണ് ജെ.എന്‍.യു അടച്ചു പൂട്ടുക എന്നത്. അവര്‍ എന്നും ചോദ്യങ്ങളേയും അറിവിനേയും വെറുത്ത് നുണകളുടെ രാജ്യത്ത് സസുഖം ജീവിക്കുന്നവരാണ്.

അങ്ങനെ അന്തരംഗത്തില്‍ ഹിറ്റ്‌ലര്‍ അപ്പൂപ്പനേയും പേറി നടക്കുന്ന സ്വപ്‌നാടനക്കാര്‍ തങ്ങള്‍ പ്രത്യേകമായി നിര്‍മിച്ചെടുക്കുന്ന ജാതി-മത രാഷ്ട്രങ്ങളിലേക്കെത്തുവാന്‍ വെമ്പുമ്പോള്‍ ജെ.എന്‍.യു എന്നല്ല അറിവിന്റെ ഉറവായ ഏത് സര്‍വ്വകലാശാലയേയും ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കുന്നതില്‍ അത്ഭുതങ്ങളില്ല.

ഈ ഫാസിസത്തിന്റെ വാര്‍പ്പു മാതൃകക്കാര്‍ അവരുടെ ശക്തമായ കുര തുടരുമ്പോള്‍ തന്നെ നമുക്ക് ജെ.എന്‍.യുവിലേക്ക് വരാം. ഇന്ത്യയുടെ ഒന്നാമത്തെ റാങ്കുനേടിയ സര്‍വ്വകലാശാലക്കുള്ള പുരസ്‌കാരം രാഷ്ട്ട്രപതിയുടെ അടുക്കല്‍ച്ചെന്ന് വാങ്ങിയ മഹാനുഭാവനാണ് ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ച ഞങ്ങളുടെ വി.സി മാമിദാല ജഗദീഷ് കുമാര്‍. ജെ.എന്‍.യുവില്‍ ആകെ പ്രശ്‌നമാണ്, എല്ലാം പൊളിച്ചെഴുതേണ്ടി വരും എന്ന പച്ച പരിഷ്‌കാരങ്ങളുടെ ലിസ്റ്റുമായി വട്ടമിട്ട് പറന്ന അദ്ദേഹത്തിന്റെ മുഖത്ത് അപ്പോള്‍ വല്ലാതെ ഇളിഭ്യനായ ഒരു ഭാവമുണ്ടായിരുന്നു. മാത്രമല്ല ലോക റാംങ്കിങ്ങില്‍ ആദ്യ 500ല്‍ വരുന്ന രണ്ടോ മൂന്നോ സര്‍വ്വകലാശാലകളായ ഐ.ഐ.ടിയും ഡല്‍ഹി യൂണിവേഴ്‌സിറ്റിയും ഉള്ള പട്ടികയില്‍ ജെ.എന്‍.യു മുമ്പില്‍ത്തന്നെയുണ്ട്.

അതിനും അപ്പുറത്തേക്ക് ഹിസ്റ്ററി, സോഷ്യോളജി തുടങ്ങിയ സെന്ററുകള്‍ ലോകത്തിലെ സര്‍വ്വകലാശാലകളുടെ ഔദ്യോഗിക പട്ടികയായ ക്യൂ.എസ് റാംങ്കിങ്ങില്‍ 51ാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക പട്ടികയില്‍ തന്നെ നിരന്തരം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ മാറി മാറി വന്നുകൊണ്ടിരിക്കുന്ന സര്‍വ്വകലാശാലയാണ് ജെ.എന്‍.യു.

ഇതിനൊപ്പം തന്നെ ഈയടുത്ത് നോബല്‍ സമ്മാനം നേടിയ അഭിജിത്ത് ബാനര്‍ജി, ബി.ജെ.പി സര്‍ക്കാരിന്റെ തന്നെ ഫിനാന്‍സ് മിനിസ്റ്ററായ നിര്‍മല സീതാരാമന്‍, മികച്ച പാര്‍ലമെന്റേറിയനും സി.പി.ഐ.എമ്മിന്റെ ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി തുടങ്ങി രാജ്യത്തെ മികച്ച സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, അഭിഭാഷകര്‍, കലാകാരന്‍മാര്‍, മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി ഉജ്വല പ്രതിഭകളായ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നിരയും. ഈ പറഞ്ഞ വസ്തുതകള്‍ ആര്‍ക്കും ഗൂഗിള്‍ ചെയ്ത് വ്യക്തത വരുത്താവുന്നതാണ്.

അങ്ങനെ ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ അഭിമാനമായ ഒരു സര്‍വ്വകലാശാലയെക്കുറിച്ചാണ് ചിലര്‍ അവരുടെ വിചാരകേന്ദ്രത്തിലിരുന്ന് പടച്ചുണ്ടാക്കുന്ന കള്ളക്കഥകള്‍ സോഷ്യല്‍ മീഡിയകളിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുന്നത്. അങ്ങിനൊരു സുപ്രധാന വിദ്യാഭ്യാസ സ്ഥാപനം അടച്ചു പൂട്ടിയിട്ട് എന്ത് പുരോഗതിയാണ് ഇവര്‍ നാടിന് സമ്മാനിക്കാന്‍ പോകുന്നത്? ഇത്തരം സമൂഹത്തില്‍ തന്നെ ഫേക്ക് ഐഡികളായ് മാറുന്നവരെ സംബന്ധിച്ചിടത്തോളം രാജ്യത്തെ ജാതിവിവേചനമോ, വര്‍ഗീയമായ ആള്‍ക്കൂട്ട കൊലപാതകങ്ങളോ, സാമ്പത്തിക തകര്‍ച്ചയോ, ദാരിദ്രമോ, പട്ടിണിയോ ഒന്നുമല്ല മറിച്ച് ജെ.എന്‍.യു അടച്ചു പൂട്ടുക എന്നതാണ് ആദ്യത്തെ ആവശ്യം.

ഇങ്ങനെ അറിവു പകരുന്ന സര്‍വ്വകലാശാലകളൊക്കെ അടച്ചു പൂട്ടണം എന്ന് പറയുന്നവരുടെ ലക്ഷ്യമാണ് പലരൂപങ്ങളില്‍ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലും അലഹാബാദ് യൂണിവേഴ്‌സിറ്റിയിലും ജാദവ്പൂര്‍ സര്‍വ്വകലാശാലയിലും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും ചെന്നൈ ഐ.ഐ.ടിയിലും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലും    ജാമിയ മിലിയ സർവ്വകലാശാലയിലുമെല്ലാം നടന്നുകൊണ്ടിരിക്കുന്നത്. അവരുടെ വലിയരീതിയിലുള്ള മുദ്രകുത്തല്‍ ജെ.എന്‍.യു നിറയെ ജിഹാദികളും അര്‍ബന്‍ മാവോയിസ്റ്റുകളുമാണെന്നാണ്.

എന്നാല്‍ വസ്തുതകള്‍ നോക്കുമ്പോള്‍ ജെ.എന്‍.യുവിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മുമ്പില്‍ നില്‍ക്കുന്നത് എസ്.എഫ്.ഐ, ഐസ, എ.ഐ.എസ്.എഫ്, എന്‍.എസ്.യു.ഐ, എ.ബി.വി.പി തുടങ്ങിയ ദേശീയ വിദ്യാര്‍ത്ഥി സംഘടനകളാണ്. ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷി ഞങ്ങളാണ് എന്ന എബി.വി.പിയുടെ പരിണിത പ്രജ്ഞമായ വാദവുമുണ്ട്. അങ്ങനെയെങ്കില്‍ പിന്നെയെന്തിനാണിവര്‍ ജെ.എന്‍.യു അടച്ചുപൂട്ടുവാന്‍ രാപ്പകല്‍ പണിയെടുത്ത് വിയര്‍ക്കുന്നത്?

എന്നാല്‍ കുറച്ചുകൂടി വിശാലമായ രീതിയില്‍ ഈ നുണപരിവാറുകാരുടെ അജണ്ടയിലേക്ക് നോക്കുമ്പോള്‍ മറ്റു ചില കാര്യങ്ങള്‍ കൂടി വ്യക്തമാണ്. സമൂഹത്തില്‍ സാമൂഹികമായും സാമ്പത്തികമായും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ ശക്തമായ സമരങ്ങളിലൂടെയും ഭരണഘടനാപരമായും ലഭിക്കുന്ന സോഷ്യലിസ്റ്റ് പരിരക്ഷകളുടെ ചുവടുപിടിച്ച് മുന്നോട്ട് വരുമ്പോള്‍ തങ്ങള്‍ ജാതി വിളക്കിച്ചേര്‍ത്തു വച്ചിരിക്കുന്ന സിംഹാസനങ്ങള്‍ക്ക് സംഭവിക്കുന്ന ഇളക്കം അവര്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ്.

അത്തരം ജാതിയുടേയും വര്‍ഗീയതയുടേയും പടയോട്ടങ്ങള്‍ ക്രൂരമായി തകര്‍ത്ത ജീവിതങ്ങളാണ് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ രോഹിത് വെമുലയും ജെ.എന്‍.യുവിലെ നജീബ് അഹമ്മദും ചെന്നൈ ഐ.ഐ.ടിയിലെ ഫാത്തിമ ലത്തീഫും. ഇവിടെയെല്ലാം ജനാധിപത്യപൂര്‍ണ്ണമായി സര്‍വ്വകലാശാലകളിലെ ഈ പൊതുഇടങ്ങള്‍ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് തള്ളിവീഴ്ത്തപ്പെട്ട ഏറ്റവും സാധാരണക്കാരായ ജനങ്ങളുടെ ആവശ്യമാണ്.

അങ്ങിനെ സാധാരണക്കാരന്റെ നിത്യജീവിത പ്രശ്‌നങ്ങളിലേക്ക് വരുമ്പോള്‍ കേവലം സംഘടിച്ച നുണ പരിവാരങ്ങളുടെ ജല്‍പ്പനങ്ങളായ 10ല്‍ നിന്ന് 300 ആക്കി മാറ്റിയ വാടകയോ കേവലമായ വസ്ത്രധാരണ പ്രശ്‌നങ്ങളോ അല്ല ജെ.എന്‍.യു സമരത്തിന്റെ കാതല്‍. ബി.ജെ.പി സര്‍ക്കാരാല്‍ നിയമിക്കപ്പെട്ട ജെ.എന്‍.യുവിന്റെ പുതിയ ഭരണകൂടം 2016ല്‍ ചാര്‍ജ് എടുത്ത് ആദ്യ പടിയായി ചെയ്ത ഒരു കാര്യം ജെ.എന്‍.യുവിന്റെ തനതു പ്രത്യേകതയായ പിന്നോക്ക ജില്ലകളില്‍ നിന്നും വരുന്നവര്‍ക്കും വനിതകള്‍ക്കും അഡ്മിഷന്റെ സമയത്ത് നല്‍കിയിരുന്ന ഡിപ്രൈവേഷന്‍ പോയിന്റുകള്‍ ഇല്ലാതാക്കുകയാണ്.

ഈ ഡിപ്രൈവേഷന്‍ പോയിന്റ് സിസ്റ്റത്തിന് ഒരു വലിയ വിദ്യാര്‍ത്ഥി മുന്നേറ്റ ചരിത്രമുണ്ട്. 1973ല്‍ പ്രകാശ് കാരാട്ട് ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ യൂണിവേഴ്‌സിറ്റി ജനറല്‍ ബോഡി മീറ്റിംഗില്‍ നിന്ന് ഉയര്‍ന്നു വന്ന അവരുടെ ആവശ്യമായിരുന്നു അത്. ഈ ആവശ്യമായിരുന്നു അന്ന് അക്കാദമിക് കൗൺസിൽ മീറ്റിംഗിൽ  ശക്തമായി വാദിച്ച വിദ്യാര്‍ത്ഥി യൂണിയന്‍ നേടിയെടുത്തത്. ജെ.എന്‍.യു കൈയില്‍ പണവും തലമുറകളുടെ ജാതിമേല്‍കോയ്മകളും  ഉള്ളവർക്ക് മാത്രമായ് ഒതുങ്ങി പോകാതെ, എല്ലാ സാധാരണക്കാര്‍ക്കും വന്നു പഠിക്കുവാന്‍ കഴിയുന്ന ജനാധിപത്യ ഇടമായി മാറണം എന്ന ഉദ്ദേശ്യമായിരുന്നു അതിന്റെ അടിസ്ഥാനം.   മണ്ടൽ കമ്മീഷൻ നിർദേശങ്ങൾ അനുസരിച്ച് കൃത്യമായ റിസർവേഷൻ മാനദണ്ഡങ്ങളും പാലിക്കുന്ന സർവ്വ കലാശാലയായിരുന്നു ജെ.എൻ.യു.

വന്നുകയറിയപ്പോഴേ ഇത്തരം പോളിസികൾക്ക് കടക്കൽ തന്നെ പുതിയ വൈസ്ചാന്‍സിലര്‍ കത്തിവെച്ചു. യു.ജി.സി റഗുഷേൻ പ്രകാരമുള്ള സീറ്റ് കട്ട് എന്ന പേര് പറഞ്ഞ് 80 ശതമാനത്തിനു മുകളിൽ ഗവേഷകരുടെ സീറ്റ് വെട്ടിക്കുറച്ചപ്പോൾ അദ്ദേഹം വെട്ടി നിരത്തിയത് കൃത്യമായ റിസർവേഷൻ മാനദണ്ഡങ്ങൾ കൂടിയാണ്. തുടങ്ങി പടിപടിയായി വന്ന പരിഷ്‌കാരങ്ങള്‍ ഇന്നത്തെ വന്‍ ഫീസ് വര്‍ധനവില്‍ വരെ എത്തിനില്‍ക്കുന്നു. ജെ.എന്‍.യു വലിയൊരു അര്‍ബന്‍ എലീറ്റ് സ്‌പേസില്‍ നില്‍ക്കാതെ സാധാരണക്കാരുടേതായി മാറുന്നത് ഇത്തരത്തിലുള്ള ശക്തമായ വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളിലൂടെയാണ്. അവിടെ അക്ഷരാര്‍ത്ഥത്തില്‍ സര്‍വ്വകലാശാലയുടെ ആപ്തവാക്യമായി എഴുതിവെച്ചിരിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 1947ലെ അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ പ്രസംഗത്തിലുള്ള ‘A university should stand for Humanism, Reason, Tolerance and Adventure of Ideas’ എന്ന വാചകങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുകയായിരുന്നു അവിടുത്തെ വിദ്യാര്‍ത്ഥിസമൂഹം.

ഇന്ത്യയിലെ ഈ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ ഒരിക്കലും മറികടക്കാന്‍ ചിന്താശേഷിയുള്ള വിദ്യാര്‍ത്ഥികളെ അനുവദിക്കില്ല എന്ന് പറഞ്ഞ ഈ ഭരണകൂടം അങ്ങിനെ ന്യായമായ ഫീസ് നല്‍കി പഠിച്ചിരുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു മുകളില്‍ മെസ്സ് സെക്യൂരിറ്റിയായി 12000 രൂപയും സര്‍വ്വീസ് ചാര്‍ജായി 1700 രൂപയും തുടങ്ങി പത്രത്തിനും വൈദ്യുതിക്കും വെള്ളത്തിനുമെല്ലാം വന്‍ തുക ഈടാക്കാന്‍ ശ്രമിക്കുമ്പോള്‍ മുന്‍പത്തെ മാസം 3000 രൂപയ്ക്ക് ജീവിച്ചിരുന്ന അവര്‍ക്ക് ഇനിമുതല്‍ 7000 മുതല്‍ 8000 വരെ നല്‍കേണ്ടിവരും. അങ്ങനെ സംഭവിക്കുമ്പോള്‍ ജെ.എന്‍.യുവിലെ നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും മാസം 12000 രൂപപോലും വരുമാനമില്ലാത്ത കുടുംബങ്ങളില്‍ നിന്നാണ് വരുന്നത്.

അവര്‍ക്ക് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പാകട്ടെ പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് വെറും 2000 രൂപയും എംഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 5000രൂപയും പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് 8000 രൂപയും അതും ഗവേഷണത്തിന്റെ മുഴുവന്‍ പിരീഡിലും കിട്ടില്ല എന്ന വസ്തുത കൂടിയുണ്ട്.

ഇവിടെ കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഗവേഷകര്‍ക്ക് 13000 രൂപ വരേ മാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട് എന്നോര്‍ക്കണം. അതില്‍ തന്നെ എസ്.സി, എസ്.ടി ,ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹികാവസ്ഥ പരിഗണിച്ചുകൊണ്ട് 20000 രൂപയോളവും. കൂടാതെ വിദേശത്തേക്ക് പഠന ആവശ്യത്തിനായി പോകുവാന്‍ പ്രത്യേക സ്‌കോളര്‍ഷിപ്പും മാത്രമല്ല, നമ്മുടെ നാട്ടിലെ ഏത് യൂണിവേഴ്‌സിറ്റിയാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് വൈദ്യുതി ബില്ലോ വാട്ടര്‍ ചാര്‍ജോ ഈടാക്കുന്നത്. സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളേക്കാള്‍ ന്യായമായും മികച്ച സൗകര്യങ്ങള്‍ നല്‍കേണ്ട സെന്‍ട്രല്‍ ഏത്  യൂണിവേഴ്‌സിറ്റിയുടെയും അവസ്ഥ അതിനേക്കാള്‍ പരിതാപകരമാണ്.

വര്‍ഷങ്ങളായി ഫീസ് വര്‍ധിപ്പിച്ചില്ല എന്ന മുട്ട്  ന്യായം വിളമ്പുന്ന യൂണിവേഴ്‌സിറ്റി എന്നാല്‍ വര്‍ഷങ്ങളായി വര്‍ധിപ്പിക്കാത്ത കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് തുക കൂടി ആനുപാതികമായി വര്‍ധിപ്പിക്കട്ടെ. ഈ ഫണ്ട് കട്ടുകൊണ്ട് ഉയര്‍ത്തുന്ന പ്രശ്‌നം വലിയ രീതിയില്‍ ബാധിച്ച ഒരിടമാണ് ജെ.എന്‍.യുവിലെ ലൈബ്രറി. അത്യാവശ്യങ്ങളായ ജേണലുകളും പുസ്തകങ്ങള്‍ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. റീഡിംഗ് റൂമുകള്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഹോസ്റ്റല്‍ സൗകര്യങ്ങള്‍, എല്ലാം തന്നെ ദയനീയ നിലയിലാണ് കടന്നു പോകുന്നത്.

ഇവിടെ നമ്മള്‍ വ്യക്തമായി മനസ്സിലാക്കേണ്ട ഒരു കാര്യം ഇത്തരത്തില്‍ രാഷ്ട്രം ഉത്തരവാദിത്വങ്ങളെല്ലാം വെടിഞ്ഞ് സാധാരണക്കാരായ ജനങ്ങളുടെ ചുമലില്‍ എല്ലാ ഭാരങ്ങളുമേല്‍പ്പിക്കുന്ന മുതലാളിത്ത കാലത്തും വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകള്‍ കൈയ്യൊഴിഞ്ഞ് സ്വകാര്യവത്കരിക്കാന്‍ നോക്കിയ രാജ്യങ്ങളെല്ലാം അമ്പേ പരാജയപ്പെട്ടുപോയ ചരിത്രമാണുള്ളത്. ജനജീവിതം താരതമ്യേന ഏറ്റവും മികച്ചതാക്കി മാറ്റിയ നോര്‍വെയും ഫിന്‍ലന്റുമെല്ലാം അടങ്ങുന്ന സ്‌കാന്റിനേവിയന്‍ രാജ്യങ്ങളും ജര്‍മ്മനി പോലുള്ള രാജ്യങ്ങളും വിദ്യാഭ്യാസം സൗജന്യമായാണ് നല്‍കുന്നതെന്ന് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യം വേണ്ട സ്‌കോളര്‍ഷിപ്പുകളും മറ്റ് സൗകര്യങ്ങളും കൃത്യമായി നല്‍കുകയും ചെയ്യുന്നു.

അപ്പോള്‍ നമുക്ക് അത്ര പണമില്ല എന്ന ന്യായവാദമാണ് മറുപടിയെങ്കില്‍ നമ്മളറിയേണ്ട മറ്റൊരു കാര്യം ഇന്ത്യയില്‍ ജി.ഡി.പി യുടെ വെറും മൂന്ന് ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനായി മാറ്റിവക്കുന്നത്. ഒന്നാം യു.പി.എ സര്‍ക്കാര്‍ പതിനഞ്ച് വര്‍ഷം മുമ്പ് ആറു ശതമാനമാക്കി ഉയര്‍ത്തിയതാണ് ഇന്ന്  എൻ.ഡി.എ സർക്കാർ പകുതിയായ് വെട്ടിക്കുറച്ചിരിക്കുന്നത് . മറ്റൊരു സുപ്രധാന മേഖലയായ ആരോഗ്യ രംഗത്തേക്കായി ജി.ഡി.പിയുടെ വെറും ഒരു ശതമാനം മാത്രമേ നീക്കി വെയ്ക്കുന്നുള്ളൂ.

ലോകത്ത് 170ഓളം രാജ്യങ്ങള്‍ ജി.ഡി.പിയുടെ 4.5ശതമാനത്തിന് മുകളില്‍ വിദ്യാഭ്യാസത്തിനായി മാറ്റി വയ്ക്കുന്നവരുണ്ട്. അവിടെയാണ് ഇന്ത്യ കെനിയയേക്കാള്‍ പുറകിലാകുന്നത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയാകെ സൗജന്യമായി പ്രദാനം ചെയ്യുവാന്‍ നമ്മുടെ ജി.ഡി.പിയുടെ ഒരു ശതമാനം (രണ്ടായിരം കോടി രൂപയോളം)മാത്രം മതിയാകും. അത് വകയിരുത്തുവാന്‍ നിരന്തരം ടാക്‌സ് ഇളവുകള്‍ നല്‍കികൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റുകളുടെ പദ്ധതികളില്‍ ചെറിയ വ്യത്യാസം വരുത്തിയാല്‍ മാത്രം മതിയാകും. മൂവായിരം കോടി മുടക്കി പ്രതിമ പണിയുകയും നാലായിരം കോടി ചിലവാക്കി ഗവണ്‍മെന്റിന്റെ പരസ്യം ചെയ്യുകയും ചെയ്യുന്ന രാജ്യത്താണ് നാളെയുടെ ഇന്ത്യയാകേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് ഈ ദുര്‍വിധി.

ഇവിടെ ജെ.എന്‍.യുകാര്‍ക്ക് ഒരു ഇളവും നല്‍കരുതെന്നും വേണമെങ്കില്‍ ലോണെടുത്ത് പഠിക്കട്ടേയെന്നും അല്ലെങ്കില്‍ കാശുള്ളവര്‍ മാത്രം ഉന്നത വിദ്യാഭ്യാസം ചെയ്താല്‍ മതി എന്നുമുള്ള ജനവിരുദ്ധമായ വാദങ്ങളുയര്‍ത്തുന്നവര്‍ മറ്റുചില കാര്യങ്ങള്‍ കൂടി പറയുന്നുണ്ട്. ജെ.എന്‍.യു നിറയെ മുപ്പതും നാല്‍പ്പതും അതിനുമുകളില്‍ പ്രായമുള്ളവരുമാണത്രേ. ഒരു കാര്യവുമില്ലാത്ത  വിഷയങ്ങളില്‍ പഠനം നടത്തി അവര്‍ ടാക്‌സ് നല്‍കുന്നവരുടെ പണം നശിപ്പിക്കുകയാണു പോലും. എന്നാല്‍ നമ്മള്‍ യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയിലെ സാമൂഹിക സാഹചര്യത്തില്‍ നിന്ന് വരുന്ന ഒരു സാധാരണ വിദ്യാര്‍ത്ഥി പല വെല്ലുവിളികളും നേരിട്ട് പി.ജി പൂര്‍ത്തിയാക്കുമ്പോഴേക്കും 23 മുതല്‍ 25 വയസ്സുവരെ പിന്നിട്ടിരിക്കും.

തുടര്‍ന്നുള്ള എംഫിലും പി.എച്ച്.ഡിയും പഠിക്കുവാനായി മിനിമം ആറ് വര്‍ഷമെങ്കിലും എടുക്കും. ജീവിതത്തിന്റെ എല്ലാ സാമൂഹിക സാമ്പത്തിക പ്രതിസന്ധികളേയും തരണം ചെയ്ത് നല്ല രീതിയില്‍ തന്റെ ഗവേഷണം പൂര്‍ത്തിയാക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് 30ന് മുകളില്‍ പ്രായം വരുന്നത് സ്വാഭാവികമായ ഇന്ത്യന്‍ ജീവിത യാഥാര്‍ത്ഥ്യമാണ്. കൂടാതെ നാല്‍പത് വയസ്സോളമുള്ള ഒരാള്‍ പഠിക്കുവാന്‍ സര്‍വ്വകലാശാലയില്‍ എത്തുകയാണെങ്കില്‍ അയാള്‍ എത്ര വലിയ ഉത്തരവാദിത്തങ്ങള്‍ക്ക് ശേഷമായിരിക്കും തന്നിലുള്ള വലിയ ആഗ്രഹമായ ഗവേഷണം എന്നത് നിറവേറ്റുവാനായി കുടുംബത്തെപ്പോലും മാറ്റിവെച്ച് വരുന്നത്. അത് തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടുകയല്ലേ വേണ്ടത്.

യൂണിവേഴ്‌സിറ്റി എന്നത് സമൂഹത്തെ മുന്നോട്ട് നയിക്കുവാനുള്ള അറിവിന്റെ ചാലക ശക്തിയാണ് എന്നത് ഇത്തരത്തിലല്ലേ സമ്പൂര്‍ണ്ണമാകുന്നത്? എന്നിരുന്നാലും അങ്ങനെ വരുന്നവര്‍ വളരെ ചെറിയ ശതമാനം മാത്രമേ ഏത് യൂണിവേഴ്‌സിറ്റികളിലും ഉളളൂ. എന്തുതന്നെയായാലും സോഷ്യല്‍ മീഡിയയില്‍, ജെ.എന്‍.യുവില്‍ സമരം ചെയ്ത 30 വയസ്സുള്ള ഗവേഷകനെ 47 വയസ്സുള്ള കേരളത്തില്‍ നിന്നുള്ള മുസ്‌ലിമായി അവതരിപ്പിച്ച് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ എത്ര വലിയ രാഷ്ട്രീയ പാപ്പരത്തമാണ് സ്വയം അഭിമുഖീകരിക്കുന്നത്. മാത്രമല്ല ഇവിടെ സൗത്ത് ഇന്ത്യക്കാരോടും  ന്യൂനപക്ഷങ്ങളോടുമുള്ള സംഘപരിവാറിന്റെ വെറുപ്പ് വളരെ വ്യക്തമായി പ്രതിഫലിക്കുകയും ചെയ്യുന്നു.

ഈ സംഘപരിവാറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത ബി.ജെ.പി അനുകൂലിയായ ജെ.എന്‍.യു അധ്യാപകന്‍ ഭരണകൂട ഭീകരതയുടെ ആഴം വളരെ വലുതാണെന്ന് കാണിക്കുന്നു.

പുറത്തുനിന്ന് പ്രശ്‌നങ്ങളുണ്ടാകുന്നതുപോലെ സമരത്തിനകത്തുനിന്നും പ്രശ്‌നങ്ങളുണ്ടാകാന്‍ പ്രത്യേകമായി തന്നെ ഇവര്‍ പരിശ്രമിക്കുന്നുണ്ട്. പുറമേ കണ്ണില്‍ പൊടിയിട്ട് സമരത്തിനൊപ്പമാണ് എന്ന് പറയാന്‍ ശ്രമിക്കുന്ന, എബി.വി.പി സമരത്തിന്റെ ഭാഗമായി കുട്ടികള്‍ പുതിയ ഹോസ്റ്റല്‍ മാനുവല്‍ അവതരിപ്പിച്ച കമ്മിറ്റിയിലെ അംഗവും അസോസിയേറ്റ് ഡീനുമായ അധ്യാപികയെ തടഞ്ഞപ്പോള്‍ അവിടെ അക്രമം സൃഷ്ടിക്കാന്‍ ശ്രമിച്ചതും സമരക്കാര്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് വിഷയങ്ങള്‍ ഉണ്ടാക്കിയതും ശ്രദ്ധേയമാണ്.

അതേ തുടര്‍ന്ന് തെരുവുനായ്ക്കള്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് നേര്‍ എതിരായി പണിതുവെച്ചിരിക്കുന്ന വിവേകാനന്ദ പ്രതിമയുടെ തുണി വലിച്ചു കീറുന്ന വീഡിയോയും നമുക്ക് മുന്‍പിലേക്കെത്തി. അങ്ങനെ ആശ്രമവും തകര്‍ന്നെങ്കിലും ആരോ പ്രതിമ തകര്‍ക്കാന്‍ നോക്കി എന്ന പേരില്‍ ഇപ്പോഴും അവിടെകൂടി ദീപം തെളിയിച്ച് ശ്രദ്ധതിരിക്കാനുള്ള പ്രഹസനവും അവരുടെ ഭാഗത്തു നിന്നുണ്ട്.

ഇന്ന് പതിന്മടങ്ങായി വര്‍ധിച്ച് ഫീസുകള്‍ക്കെതിരേ സമരം ചെയ്യുന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ഒരു കാലഘട്ടത്തിന്റെ സമരമാണ് മുന്നോട്ടുവയ്ക്കുന്നത്. സാധാരണക്കാരന് അപ്രാപ്യമാം വിധം വിദ്യാഭ്യാസ മേഖലയെ മാറ്റിത്തീര്‍ക്കുവാനുള്ള ശ്രമങ്ങള്‍ക്കെതിരായ സമരം. ജെ.എന്‍.യുവില്‍ മാത്രമല്ല ഐ.ഐ.ടി, എന്‍.ഐ.ടി, ഡല്‍ഹി യൂണിവേഴ്‌സിറ്റി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം തന്നെ വിദ്യാര്‍ത്ഥികള്‍ ഇന്ന് ഫീസ് വര്‍ധനക്കെതിരേയുള്ള സമരത്തിലാണ്.

സൗജന്യവും സാര്‍വ്വത്രികവുമായ വിദ്യാഭ്യാസം ഒരു ഇന്ത്യന്‍ പൗരന്റെ അവകാശമാണ് എന്ന ജനാധിപത്യപരമായ ആശയമാണ് അവര്‍ ഈ സമൂഹത്തോട് വിളിച്ചു പറയുന്നത്. അത് സംരക്ഷിക്കാന്‍ ന്യായമായ ബാധ്യതയുള്ള ഭരണകൂടവും  ഭരണപാര്‍ട്ടികളും അവകാശങ്ങളുന്നയിക്കുന്നവരെ ക്രൂശിക്കുവാനും രാജ്യദ്രോഹിയും തീവ്രവാദിയുമാക്കി മുദ്രകുത്തുവാനുമാണ് ശ്രമിക്കുന്നതെങ്കില്‍ ഇവര്‍ രാജ്യത്തെ ഓരോ സാധാരണക്കാരനും എതിരാണെന്നു മാത്രമല്ല കാലം അവര്‍ക്കായി കാത്തുവെച്ച മറുപടി ഈ വാനരപരിവാരങ്ങള്‍ക്ക് താങ്ങുന്നതിലുമപ്പുറത്തായിരിക്കും. ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ ശരിയായ വഴികളിലുള്ള സമരം തീര്‍ത്തയായും നാടിനെ മുന്നോട്ട് നയിച്ച് ലക്ഷ്യത്തിലേക്ക് എത്തുകതന്നെ ചെയ്യും.

WATCH THIS VIDEO:

അമല്‍ പുല്ലാര്‍ക്കാട്ട്

ഗവേഷക വിദ്യാര്‍ത്ഥി-ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ്

We use cookies to give you the best possible experience. Learn more