| Monday, 14th March 2022, 12:27 pm

'ഇന്തോനേഷ്യന്‍ പറുദീസ'; വീഡിയോ പങ്കുവെച്ച് അമല്‍ നീരദ്; കമന്റ് ബോക്‌സില്‍ നിറഞ്ഞ് മലയാളികള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ഭീഷ്മ പര്‍വ്വത്തിന്റെ ആരവങ്ങള്‍ ഇതുവരെ നിലച്ചിട്ടില്ല. ഭീഷ്മ പര്‍വ്വത്തിന്റെ റിലീസിന് ശേഷം പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ രാധേ ശ്യാമും മറ്റ് മലയാള ചിത്രങ്ങളും റിലീസ് ചെയ്തിട്ടും നിറഞ്ഞ തിയേറ്ററിലാണ് ഭീഷ്മ പര്‍വ്വം പ്രദര്‍ശിപ്പിക്കുന്നത്.

സിനിമയിലെ പാട്ടുകളും വലിയ ഹിറ്റായിരുന്നു. അതിലേറ്റവും പ്രശംസ ഏറ്റുവാങ്ങിയ പാട്ടാണ് ശ്രീനാഥ് ഭാസിയും സൗബിന്‍ ഷാഹീറും ഒന്നിച്ച പറുദീസ എന്ന പാട്ട്. പുറത്തിറങ്ങിയതിന് പിന്നാലെ ഗാനം തരംഗമായിരുന്നു.

ഇപ്പോഴിതാ ഗാനത്തിന്റെ ഇന്തോനേഷ്യന്‍ വേര്‍ഷന്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ അമല്‍ നീരദ്. യൂയിസ് ദേശയാന എന്ന ഗായികയാണ് പാട്ടിന്റെ ഇന്തോനേഷ്യന്‍ വേര്‍ഷന്‍ പുറത്തിറക്കിയത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോക്കൊപ്പം ഭീഷ്മ പര്‍വ്വം സിനിമയേയും, സുഷിന്‍ ശ്യാമിനേയും, പറുദീസ വീഡിയോ ഗാനത്തേയും യൂയിസ് ദേശയാന മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

ഇതിന്റെ വീഡിയോ അമല്‍ നീരദ് പങ്കുവെച്ചതോടെ ഇന്തോനേഷ്യന്‍ പറുദീസയുടെ കമന്റ് ബോക്‌സിലും മലയാളികള്‍ നിറഞ്ഞു. ഗാനത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്നും കേരളത്തില്‍ നിന്നുമുള്ള സ്‌നേഹം അറിയിച്ച് കൊണ്ടുമാണ് കമന്റുകള്‍ നിറയുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ രതിപുഷ്പം എന്ന ഗാനത്തിന്റെ വീഡിയോയും റിലീസ് ചെയ്തിരുന്നു. റംസാനും ഷൈന്‍ ടോം ചാക്കോയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഗാനം ചര്‍ച്ചയായിരുന്നു.

അതേസമയം റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും നിറഞ്ഞ സദസ്സില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ബോക്സ് ഓഫീസിലും ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഭീഷ്മ പര്‍വ്വത്തിന്റെ സക്സസ് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിജയകരമായി പ്രദര്‍ശനം തുടരാന്‍ അവസരമൊരുക്കിയ എല്ലാവര്‍ക്കും ടീം നന്ദി അറിയിക്കുകയും ചെയ്യുന്നു.

പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. അതേസമയം, റിലീസ് ദിനം മുതല്‍ മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം 50 കോടി ക്ലബിലെത്തിയ വിവരം ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരുന്നു. കര്‍ണാടകയിലും ബെംഗളൂരുവിലും റെക്കോര്‍ഡ് കളക്ഷനാണ് ചിത്രത്തിന്.


Content Highlight: amal neerad shares the video of Parudheesa Indonesian Version

We use cookies to give you the best possible experience. Learn more