| Thursday, 26th September 2024, 8:28 pm

അമല്‍ നീരദിനായി 'സ്തുതി' പാടി സുഷിന്‍; പുതിയ ഗെറ്റപ്പില്‍ ജ്യോതിര്‍മയിയും ചാക്കോച്ചനും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് അമല്‍ നീരദ്. സിനിമയില്‍ അവതരണത്തില്‍ പുതിയ രീതി കൊണ്ട് വന്ന സംവിധായകനാണ് അദ്ദേഹം. ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമക്കുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.

ഈ സിനിമയെ സംബന്ധിച്ച് നിരവധി റൂമറുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിന് പിന്നാലെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി, ഷറഫുദീന്‍ തുടങ്ങിയ മികച്ച താരങ്ങള്‍ ഒന്നിക്കുന്ന ‘ബോഗയ്ന്‍വില്ല’ എന്ന ചിത്രത്തിന്റെ സ്റ്റില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

സ്റ്റില്ലുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്നതിന്റെ ആവേശത്തിലായിരുന്നു പ്രേക്ഷകര്‍. ഇപ്പോള്‍ ‘ബോഗയ്ന്‍വില്ല’യിലെ ഏറ്റവും പുതിയ പ്രൊമോ ഗാനം പുറത്തിറങ്ങി.

‘സ്തുതി’ എന്ന പേരിലുള്ള ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. ഈ ഗാന രംഗത്തില്‍ സുഷിന്‍ ശ്യാമും കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിയുമാണ് ഉള്ളത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചത് മേരി ആന്‍ അലക്‌സാണ്ടറും സുഷിന്‍ ശ്യാമും ചേര്‍ന്നാണ്.


സുഷിന്റെ അടുത്ത കാലത്തിറങ്ങിയ പാട്ടുകളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒന്നാണ് ‘സ്തുതി’. പാട്ടിലെ ജ്യോതിര്‍മയിയുടെ ഗെറ്റപ്പ് ഏറെ ചര്‍ച്ചയാകുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം ജ്യോതിര്‍മയി സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിയും ചേര്‍ന്നാണ് ‘ബോഗയ്ന്‍വില്ല’ നിര്‍മിക്കുന്നത്. ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ലാജോ ജോസ്.

Content Highlight: Amal Neerad’s Bougainvillea Movie Promo Song Out

We use cookies to give you the best possible experience. Learn more