Entertainment news
'പെരുമഴയത്ത് മാസ് ലുക്കുമായി അവന്‍, അജാസ്'; ഭീഷ്മപര്‍വ്വത്തിലെ സൗബിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അമല്‍ നീരദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 16, 12:58 pm
Thursday, 16th December 2021, 6:28 pm

കൊച്ചി: ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഭീഷ്മപര്‍വ്വത്തിലെ ആദ്യത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്ന അജാസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടത്. പെരുമഴയത്ത് മാസ് ലുക്കിലാണ് സൗബിന്റെ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്തുവന്നിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമുടുത്ത് വെറൈറ്റി ലുക്കുമായിട്ടായിരുന്നു മമ്മൂട്ടി ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ എത്തിയത്.

ലോക്ക്ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു.

ഡോണായിരുന്ന നായകന്‍ ചില കാരണങ്ങളാല്‍ തന്റെ ഗ്യാംങ്സ്റ്റര്‍ ജീവിതം അവസാനിപ്പിച്ച് ബിസിനസുകാരനാവുകയും, തുടര്‍ന്ന് വരുന്ന സംഭവവികാസങ്ങള്‍ കാരണം വീണ്ടും ഭൂതകാലത്തിലേക്ക് പോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തില്‍ ഭീഷ്മവര്‍ധന്‍ എന്ന മാസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

ആനന്ദ് സി ചന്ദ്രനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദേവദത്ത് ഷാജി, രവി ശങ്കര്‍ , ആര്‍.ജെ മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Amal Neerad releases Soubin Shahir’s character poster for Mammootty Movie Bhishma Parvam