ഫേസ് ടു ഫേസ്/അമല്‍ നീരദ്
വ്യത്യസ്തമായ ക്യാമറ ആംഗിളുകള്‍ കൊണ്ടും ഷോട്ടുകള്‍ കൊണ്ടും യുവാക്കളുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് അമല്‍ നീരദ്. കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഛായാഗ്രഹണം പഠിച്ച അമല്‍ നീരദ് പരസ്യചിത്രങ്ങളിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. ആദ്യം ഛായാഗ്രാഹകനായും പിന്നീടും സംവിധായകനായും അമല്‍ നീരദ് മലയാള സിനിമയുടെ ഭാഗമായി.
ബിഗ് ബി, അന്‍വര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ബാച്ച്‌ലര്‍പാര്‍ട്ടിയുമായി അമല്‍ നീരദ് വീണ്ടുമെത്തുകയാണ്. അമല്‍ നീരദിന്റെ സിനിമാ വിശേഷങ്ങളിലൂടെ.
ബാച്ച്‌ലര്‍പാര്‍ട്ടി എത് തരത്തിലുള്ള ചിത്രമാണ്?
ബാച്ച്‌ലര്‍പാര്‍ട്ടിയെ ആക്ഷന്‍ കോമഡി ചിത്രമെന്ന് വിളിക്കാം. അതേസമയം ഏതെങ്കിലുമൊരു പ്രത്യേക മേഖലയില്‍ അതിനെ ഉള്‍ക്കൊള്ളിക്കുകയെന്നത് ബുദ്ധിമുട്ടായിരിക്കും.
മൂന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് കഥ നടക്കുന്നത്. ഇതിനിടയില്‍ ചില ഫ്‌ളാഷ് ബാക്കുമുണ്ട്. ഈ യാത്രയ്ക്കിടയില്‍ പഴയ ചില സൗഹൃദങ്ങള്‍ക്ക് പുതുജീവന്‍ വയ്ക്കുകയും പുതിയ ചില ബന്ധങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ ആരൊക്കെയാണ്?
ടോമിയായി ആസിഫ് അലിയും, ഗീവറായി ഇന്ദ്രജിത്തും, ബെന്നിയായി റഹ്മാനും, അയ്യപ്പനായി കലാഭവന്‍ മണിയും ഫക്കീറായി വിനായകനും, നീതുവായി നിത്യാ മേനോനും വേഷമിടുന്നു. ഈ പഴയ കാല സുഹൃത്തുക്കള്‍ ഒരു യാത്രയ്ക്കായി വീണ്ടും ഒരുമിക്കുന്നു.
പൃഥ്വിരാജ് ഈ ചിത്രത്തിലെ സര്‍പ്രൈസ് പാക്കേജാണ്. ഒരു അതിഥി താരത്തിനേക്കാള്‍ വലിയ റോളാണ് പൃഥ്വിരാജിനുള്ളത്. അതേസമയം കഥയില്‍ അദ്ദേഹത്തിന് പ്രധാനപ്പെട്ട ഒരു റോളുണ്ട്.
ഒരു പ്രത്യേക സാഹചര്യത്തിലാണ് രമ്യാ നമ്പീശന്റെ കഥാപാത്രം വരുന്നത്.
ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലേക്ക് എങ്ങനെ ഈ താരങ്ങളെയൊക്കെ നേടിയെടുത്തു?
(ചിരിക്കുന്നു.) എന്നോടുള്ള സൗഹൃദം കൊണ്ടാവാം അവര്‍ ഈ ചിത്രത്തോട് സഹകരിച്ചത്. ഓരോരുത്തര്‍ക്കു ലഭിച്ച കഥാപാത്രങ്ങളിലും അവര്‍ സന്തുഷ്ടരാണെന്നാണ് എനിക്ക് തോന്നുന്നത്.
നിങ്ങളുടെ സിനിമയില്‍ കഥയേക്കാള്‍ ശ്രദ്ധകേന്ദ്രീകരിക്കപ്പെടുന്നത് ദൃശ്യങ്ങളിലാണെന്ന ആക്ഷേപമുണ്ടല്ലോ? ഇതിനോട് എങ്ങിനെ പ്രതികരിക്കുന്നു?
എന്നെ ഭ്രമിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഞാനെടുത്തിട്ടുള്ളത്. എന്റെ സിനിമയില്‍ ഇത്തരം സാധനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് കാണികള്‍ തിയ്യേറ്ററുകളിലെത്തുന്നതും.
നമുക്ക് കാണാം, ഞാന്‍ ഇനിയും ഒരുപാട് കാലം ജീവിക്കുകയാണെങ്കില്‍ കുറേ വര്‍ഷം കഴിയുമ്പോള്‍ ഞാന്‍ സിനിമ നിര്‍മിക്കുന്ന രീതിയിലും മാറ്റം വരും. (ചിരിക്കുന്നു.)
തുറന്നു പറയാമല്ലോ, കഥ എന്നെ അധികം സ്വാധീനിക്കാറില്ല. ഉദാഹരണത്തിന് ബാസ് ലര്‍മാന്റെ റോമിയോ ആന്റ് ജൂലിയറ്റ് നമള്‍ കാണുന്നത് അതിന്റെ കഥ അറിയാത്തതുകൊണ്ടല്ലല്ലോ?
നിങ്ങളുടെ കഴിഞ്ഞ ചിത്രം അന്‍വര്‍ ആദ്യഘട്ടത്തില്‍ വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ നിര്‍മാണ ചിലവ് സംബന്ധിച്ച വിവാദങ്ങള്‍ ചിത്രത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകാന്‍ കാരണമായോ?
അന്‍വറിനുശേഷമുണ്ടായ വിവാദങ്ങള്‍ സിനിമയില്‍ നിന്നുള്ള ശ്രദ്ധമാറ്റി.
ഞാനെടുത്ത ചില തീരുമാനങ്ങളുടെ ഉത്തരവാദിത്തം എനിക്കുണ്ടെന്നത് ശരിയാണ്. ആ തെറ്റുകളില്‍ ചിലത് തിരുത്താനാണ് എന്റെ പ്രൊഡക്ഷന്‍ കമ്പനി രൂപപ്പെടുന്നത്.