അമല്‍ നീരദിന്റെ സിനിമകള്‍ എന്തെങ്കിലുമൊക്കെ പുതുമ എന്നും മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
കഥ പറയുന്ന രീതിയിലും ഫിലിം മേക്കിങ്ങിലും സിനിമാറ്റോഗ്രഫിയിലും കഥാപാത്രങ്ങള്‍ക്ക് വേണ്ടി അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതിലുമെല്ലാമുള്ള അമല്‍ നീരദ് എന്ന സംവിധായകന്റെ മികവ് സിനിമകളില്‍ കാണാറുണ്ട്.
മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്യാനിരിക്കുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജാങ്കോ സ്‌പേസ് ടി.വി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഭീഷ്മ പര്‍വത്തില്‍ ഷൈന്‍ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അമല്‍ നീരദിന്റെ സെറ്റില്‍ വലിയ അച്ചടക്കമാണെന്നും വെറുതെ തമാശ കളിച്ച് ഇരിക്കാതെ സിനിമയെ സീരിയസായി കാണുന്നവര്‍ മാത്രമേ സെറ്റില്‍ ഉണ്ടാകൂ എന്നുമാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.
”അമലേട്ടന്റെ പടം ആയതുകൊണ്ട് തന്നെ ഭയങ്കര അച്ചടക്കം ആയിരിക്കും അവിടെ. അമലിനെ നല്ല പേടിയാണ് എല്ലാവര്‍ക്കും.
എല്ലാവര്‍ക്കും നല്ല പേടിയായത് കാരണം എനിക്ക് അത്രക്ക് പേടിയില്ല.
സെറ്റില്‍ വലിയ തമാശക്കളിയും ചിരിയും കാര്യങ്ങളൊന്നുമുണ്ടാവില്ല. ഷൂട്ടിങ് ആയിരിക്കും മെയ്ന്‍ പരിപാടി. അതിനെ ഡിസ്റ്റര്‍ബ് ചെയ്യുന്ന ഒരു കാര്യങ്ങളും അമലിന് ഇഷ്ടമല്ല.
സിനിമയുടെ ഷൂട്ടിങ്ങിനാണ് വന്നിരിക്കുന്നത്. അല്ലാതെ ഇവിടെ തമാശക്കളിക്ക് അല്ലല്ലോ വന്നിട്ടുള്ളത്.
അങ്ങനെ ചെയ്യുന്ന ആള്‍ക്കാരൊന്നും ഇപ്പൊ അവിടെ ഇല്ല. അങ്ങനെയുള്ള ആളുകളെയൊന്നും അമലിന്റെ സെറ്റില്‍ കാണാന്‍ പറ്റില്ല.
ആവശ്യമില്ലാത്ത ശബ്ദങ്ങളൊന്നും സെറ്റില്‍ ഉണ്ടാവില്ല. ഒന്നാമത്തെ കാര്യം സിങ്ക് സൗണ്ടാണ്. അത്യാവശ്യം നന്നായി ബുദ്ധിമുട്ടിയാണ് ഷോട്ടുകള്‍ എടുക്കുന്നത്.
അതിന്റെ ഇടയില്‍ സംസാരിച്ചിരിക്കുന്നത് പോയിട്ട്, നമ്മള്‍ ആ ഭാഗത്തേക്ക് വരുന്നത് പോലും ബുദ്ധിമുട്ടാണ്. ഷൂട്ടിങ്ങിനിടെ എല്ലാവരുടെയും ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങളുണ്ടായാല്‍ പിന്നെ നമ്മള്‍ ആ സെറ്റില്‍ ഉണ്ടാവില്ല,” ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
ബിഗ് ബിക്ക് ശേഷം അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം കൂടിയാണ് ഭീഷ്മപര്‍വം. മാര്‍ച്ച് മൂന്നിനാണ് ഭീഷ്മ പര്‍വം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
Content Highlight: Amal Neerad movie set discipline, Shine Tom Chacko speaks