| Thursday, 23rd December 2021, 6:26 pm

'കണക്കുകള്‍ തീര്‍ക്കാന്‍ അവന്‍ വരുന്നു'; അമല്‍ നീരദ് - മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അമല്‍ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഭീഷ്മ പര്‍വ്വം സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഭീഷ്മവര്‍ധന്‍ എന്ന പഴയകാല ഡോണ്‍ ആയിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്.

ഡോണായിരുന്ന നായകന്‍ ചില കാരണങ്ങളാല്‍ തന്റെ ഗ്യാംങ്സ്റ്റര്‍ ജീവിതം അവസാനിപ്പിച്ച് ബിസിനസുകാരനാവുകയും, തുടര്‍ന്ന് വരുന്ന സംഭവവികാസങ്ങള്‍ കാരണം വീണ്ടും ഭൂതകാലത്തിലേക്ക് പോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് വൈറലായ മമ്മൂട്ടിയുടെ മുടി നീട്ടിവളര്‍ത്തിയ ലുക്ക് ഭീഷ്മ പര്‍വത്തിന് വേണ്ടിയുള്ളതായിരുന്നു. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

ആനന്ദ് സി ചന്ദ്രനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദേവദത്ത് ഷാജി, രവി ശങ്കര്‍, ആര്‍.ജെ. മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

Amal Neerad – Mammootty movie Bheeshma Parvam release date announced

We use cookies to give you the best possible experience. Learn more