|

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം വീണ്ടും കൈകോര്‍ക്കാനൊരുങ്ങി അമല്‍ നീരദ്, ആദ്യം ആരുടെ കൂടെയെന്നറിയാന്‍ കാത്തിരുന്ന് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് അമല്‍ നീരദ്. ഛായാഗ്രഹകനായി കരിയര്‍ ആരംഭിച്ച അമല്‍ 2007ല്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ബിഗ് ബിയിലൂടെയാണ് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. മലയാളത്തില്‍ അന്നേവരെ കാണാത്ത വ്യത്യസ്തമായ മേക്കിങ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ബിഗ് ബി.

പിന്നീട് മലയാളത്തിലെ മികച്ച സംവിധായകരുടെ ലിസ്റ്റില്‍ അമല്‍ നീരദും ഇടംപിടിച്ചു. അമല്‍ നീരദിന്റെ ഓരോ സിനിമകളുടെയും അപ്‌ഡേറ്റ് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാകാറാണ് പതിവ്. മലയാളസിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും അമല്‍ നീരദ് കൈകോര്‍ക്കുന്നു എന്ന തരത്തിലുള്ള റൂമറുകള്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

രണ്ട് പ്രൊജക്ടും ഏറെക്കുറെ ഉറപ്പായിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി- മോഹന്‍ലാല്‍- മഹേഷ് നാരായണന്‍ പ്രൊജക്ടിന് ശേഷം അമല്‍ നീരദ് ബിഗ് എംസിനെ വെച്ചുള്ള പ്രൊജക്ടിന് തുടക്കും കുറിക്കുമെന്നാണ് കേള്‍ക്കുന്നത്. ഇതില്‍ ആദ്യത്തെ പ്രൊജക്ട് മോഹന്‍ലാലിനൊപ്പമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹേഷ് നാരായാണന്‍ പ്രൊജക്ടിന്റെ ഷൂട്ട് 2026ല്‍ തീരുമെന്നും അതിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും കൈകോര്‍ക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ആ പ്രൊജക്ട് ആരാധകര്‍ കാത്തിരിക്കുന്ന ബിലാല്‍ ആകാന്‍ സാധ്യതയുണ്ടെന്നും ഇല്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഭീഷ്മ പര്‍വം പോലെ ചെറിയൊരു പ്രൊജക്ടിനായി മമ്മൂട്ടിയും അമല്‍ നീരദും കൈകോര്‍ക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ കേട്ടിരുന്നെങ്കിലും അതില്‍ സ്ഥിരീകരണമുണ്ടായില്ല.

നിലവില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഓരോ സിനിമകള്‍ വീതം റിലീസിന് ഒരുങ്ങുന്നുണ്ട്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും ആണ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ തിയേറ്റര്‍ റിലീസ്. 15 വര്‍ഷത്തിന് ശേഷം ശോഭന മോഹന്‍ലാലിന്റെ നായികയായെത്തുന്ന ചിത്രം ഫാമിലി ഡ്രാമയായാണ് ഒരുങ്ങിയിരിക്കുന്നത്. ഏപ്രില്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും.

നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവലാണ് ഇനി പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രം. വിനായകന്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലനായാണ് മമ്മൂട്ടി വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത് മെയ് 22ന് കളങ്കാവല്‍ തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Amal Neerad going to do one film with Mammootty and Mohanlal

Video Stories