| Tuesday, 22nd February 2022, 9:10 am

സുഹൃത്തുക്കളുടെയൊക്കെ കല്യാണത്തിന് ഫോട്ടോയെടുക്കാന്‍ പോയിട്ടുണ്ട്; ഫോക്കസ് ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കിലും ഉഗ്രന്‍ ക്യാമറയായിരുന്നു അത്: അമല്‍ നീരദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമല്‍ നീരദ്- മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പറുദീസ, എന്ന സിനിമയിലെ പാട്ട് കൂടി കഴിഞ്ഞദിവസം പുറത്തിറങ്ങിയതോടെ മാര്‍ച്ച് മൂന്നിന് ചിത്രം റിലീസ് ചെയ്യുന്നതിനായി നോക്കിയിരിക്കുകയാണ് സിനിമാ പ്രേമികള്‍.

സിനിമയോടും ഫോട്ടോഗ്രഫിയോടുമൊക്കെയുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് സംവിധായകന്‍ അമല്‍ നീരദ് പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പഴയ അഭിമുഖത്തില്‍ നിന്നുള്ളതാണ് വീഡിയോ ദൃശ്യങ്ങള്‍.

സുഹൃത്തുക്കളുടെ കല്യാണത്തിനൊക്കെ താന്‍ ഫോട്ടോ എടുക്കാന്‍ പോയിട്ടുണ്ടെന്നും

മഹാരാജാസ് കോളേജില്‍ പഠിച്ചിരുന്ന സമയത്ത് കോളേജ് മാഗസിനുകളില്‍ പ്രസിദ്ധീകരിക്കാന്‍, യാത്ര ചെയ്ത് ഫോട്ടോളെടുത്ത് കൊണ്ടുവന്നിരുന്നതിനെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴായിരുന്നു സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

”സ്റ്റില്‍ ഫോട്ടോഗ്രഫിയായിരുന്നു ചെയ്തിരുന്നത്. ഞാന്‍ കല്യാണങ്ങളൊക്കെ ഇഷ്ടം പോലെ ഫോട്ടോ എടുത്തിട്ടുണ്ട്. സുഹൃത്തുക്കളുടെയും അങ്ങനെ ഒരുപാട് പേരുടെ എടുത്തിട്ടുണ്ട്.

അന്ന് സ്റ്റില്‍ ക്യാമറ കിട്ടുന്നത് ഫോര്‍ട്ട് കൊച്ചിയില്‍ വന്നുപോകുന്ന റഷ്യന്‍ ടൂറിസ്റ്റുകളുടെ കയ്യില്‍ നിന്നാണ്. അവരുടെ കയ്യില്‍ സെനിത് എന്ന് പറയുന്ന ഒരു ക്യാമറ ഉണ്ടാകും. അവരത് 1000-1500 രൂപക്ക് ഇവിടെ വിറ്റിട്ട് പോകും.

യു.എസ്.എസ്.ആര്‍ നിര്‍മിത സെനിത് ക്യാമറ ആണത്. അത് ഫോക്കസ് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടാണെങ്കിലും ഉഗ്രന്‍ ക്യാമറയായിരുന്നു. അങ്ങനെ സെനിത് ക്യാമറ ഉപയോഗിച്ച് കുറെയേറെ വര്‍ഷങ്ങള്‍ എനിക്ക് സ്റ്റില്‍ ഫോട്ടോഗ്രഫറായുള്ള ജീവിതമുണ്ടായിരുന്നു,” അമല്‍ നീരദ് പറയുന്നു.

താന്‍ സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി, ബാച്ചിലര്‍ പാര്‍ട്ടി, ഇയ്യോബിന്റെ പുസ്തകം എന്നീ സിനിമകള്‍ക്കും രഞ്ജിത് സംവിധാനം ചെയ്ത ബ്ലാക്ക്, അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് എന്നീ ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് അമല്‍ നീരദാണ്.

റിലീസിനൊരുങ്ങുന്ന ഭീഷ്മ പര്‍വത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ ശ്രീനാഥ് ഭാസി ആലപിച്ച സിനിമയിലെ ‘പറുദീസ’ എന്ന ഗാനം യുട്യൂബിലൂടെ മാത്രം 25 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. ഇതിനോടകം തന്നെ യുട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലും പാട്ട് ഇടംപിടിച്ചിട്ടുണ്ട്.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.


Content Highlight: Amal Neerad about his love for photography

We use cookies to give you the best possible experience. Learn more