'അനുഗ്രഹിച്ച് കിട്ടിയതാണിത്, സ്വീകരിച്ചിരിക്കുന്നു'; ലേലം റദ്ദാക്കിയാല്‍ നിയമ നടപടിയെന്ന് ഗുരുവായൂരപ്പന്റെ ഥാര്‍ സ്വന്തമാക്കിയ അമല്‍ മുഹമ്മദ്
Kerala News
'അനുഗ്രഹിച്ച് കിട്ടിയതാണിത്, സ്വീകരിച്ചിരിക്കുന്നു'; ലേലം റദ്ദാക്കിയാല്‍ നിയമ നടപടിയെന്ന് ഗുരുവായൂരപ്പന്റെ ഥാര്‍ സ്വന്തമാക്കിയ അമല്‍ മുഹമ്മദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th December 2021, 9:26 am

തൃശൂര്‍: ഗുരുവായൂരപ്പന്റെ ഥാര്‍ ലേലത്തില്‍ വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്ന ദേവസ്വത്തിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി ലേലം പിടിച്ചെടുത്ത അമല്‍ മുഹമ്മദ്. ലേലം റദ്ദാക്കിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അമല്‍ പറഞ്ഞു.

ദേവസ്വം പറഞ്ഞ തുകയ്ക്ക് നിയമപരമായാണ് ലേലം ഉറപ്പിച്ചത്. വാഹനം നല്‍കാനാവില്ലെന്ന് ദേവസ്വത്തിന് പറയാനാകില്ലെന്നും അമല്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിയമ നടപടികളെല്ലാം പാലിച്ചാണ് ലേലത്തില്‍ പങ്കെടുത്തത്. വാഹനം നല്‍കാനാകില്ലെന്ന് ദേവസ്വത്തിന് പറയാനാകില്ല. ഇതില്‍ നിന്ന് ദേവസ്വം പിന്നോട്ട് പോകില്ലെന്നാണ് കരുതുന്നത്.

ലേലം നടപടികള്‍ക്ക് ശേഷം ദേവസ്വം അതികൃധര്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ഇപ്പോള്‍ ലേലത്തിന്റെ കാര്യത്തില്‍ പുനരാലോചന നടക്കണം എന്ന്
അറിയുന്നത് മാധ്യമങ്ങളില്‍ നിന്നാണ്. പിന്‍മാറിയതിന്റെ കാര്യം അജ്ഞാതമാണെന്നു അമല്‍ കൂട്ടിച്ചേര്‍ത്തു. ‘നമുക്ക് ഇത് അനുഗ്രഹിച്ച് കിട്ടിയതാണിത്. നമ്മള്‍ ഇത് സ്വീകരിച്ചിരിക്കുന്നു,’ അമല്‍ പറഞ്ഞു.

25 ലക്ഷം വരെ ലഭിക്കാന്‍ സാധ്യതയുണ്ടായിട്ടും 15 ലക്ഷത്തിന് മാത്രം ലേലമുറപ്പിച്ചത് ചര്‍ച്ചയാകുമെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം വേണ്ടി വന്നേക്കുമെന്ന് തോന്നുന്നുവെന്നുമാണ് ഇന്നലെ ദേവസ്വം അതികൃധര്‍ പറഞ്ഞിരുന്നത്. നടപടിക്രമങ്ങളുടെ ഭാഗമായി ഭരണസമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞിരുന്നു.

അതേസമയം, ലേലം ഉറപ്പിച്ച ശേഷം വാക്ക് മാറ്റുന്നത് ശരിയല്ലെന്ന് അമല്‍ മുഹമ്മദിന്റെ പ്രതിനിധി സുഭാഷ് പ്രതികരിച്ചിരുന്നു. ലേലം കഴിഞ്ഞാല്‍ വാഹനം ലഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെന്ന് സുഭാഷ് പറഞ്ഞിരുന്നു.

വാഹനം ലഭിക്കുന്നതിനായി നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.അമലിനായി പിതാവാണ് ഥാര്‍ ലേലത്തില്‍ വാങ്ങിക്കുന്നത്. അമലിന് സര്‍പ്രൈസ് സമ്മാനം കൊടുക്കാനാണ് പിതാവ് ലേലത്തില്‍ പങ്കെടുത്തതെന്നാണ് സുഹൃത്തായ സുഭാഷ് പറയുന്നത്.

എന്തുവില കൊടുത്തും ഥാര്‍ സ്വന്തമാക്കണമെന്നായിരുന്നുനിര്‍ദേശമെന്ന് സുഭാഷ് പറഞ്ഞിരുന്നു. 21 കാരനായ അമലിന് സമ്മാനം കൊടുക്കാനുള്ളതായതിനാല്‍ 21 ലക്ഷം വരെയോ അതിന് മുകളിലോ ലേലത്തുക ഉറപ്പിക്കാമെന്നായിരുന്നു അമലിന്‍ നിര്‍ദേശമെന്നും സുഭാഷ് പറഞ്ഞിരുന്നു.

ഇത് അറിഞ്ഞതോടെയാണ് ദേവസ്വം അധികൃതര്‍ മലക്കംമറിഞ്ഞത്.

ബെഹറൈനിലാണ് അമല്‍ മുഹമ്മദുള്ളത്. ഥാര്‍ വാങ്ങാന്‍ നേരിട്ട് അമല്‍ എത്തുമെന്നാണ് വിവരം. എറണാകുളം സ്വദേശിയാണ് അമല്‍ മുഹമ്മദ്. 15,10,000 രൂപയ്ക്കാണ് ഥാര്‍ ലേലത്തില്‍ പോയത്.

15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി ലേലത്തില്‍ നിശ്ചയിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തതെന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചിരുന്നത്.

ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്.യു.വി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വാഹനം.

2020 ഒക്ടോബറിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്.യു.വി വിപണിയില്‍ അവതരിപ്പിച്ചത്. പുറത്തിറക്കി ഒരു വര്‍ഷത്തിനിടയില്‍ തന്നെ വാഹനം വിപണിയില്‍ വിജയ കുതിപ്പുണ്ടാക്കിയിരുന്നു.

നിരത്തിലെത്തിയതിന് ശേഷം വാഹനത്തിന് 19ലധികം അവാര്‍ഡുകള്‍ ലഭിച്ചു. കൂടാതെ ഗ്ലോബല്‍ എന്‍ക്യാപ് നടത്തുന്ന ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങും വാഹനം കരസ്ഥമാക്കിയിട്ടുണ്ട്.

2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എഞ്ചിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.

മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENTENT HIGHLIGHTS: Amal Mohammad, Guruvayoorappan’s Thar owned by auction,  says legal action will be taken if the auction is canceled