| Thursday, 18th April 2019, 2:42 pm

ടിക് ടോക്ക്, ജീവിതത്തെ തിരിച്ചു പിടിക്കുന്നുണ്ടായിരുന്നു, ഇളകാതെ തുരുമ്പെടുത്ത കുടുംബങ്ങളെ വരെ ഒന്ന് ആട്ടി നോക്കുന്നുണ്ടായിരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടിക് ടോക് ആപ്പിന് മദ്രാസ് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിരോധനം പ്രാബല്യത്തില്‍ വന്നത് കഴിഞ്ഞ ദിവസമാണ്. ഒട്ടേറെ അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ആപ്പ് കാരണമാകുന്നതായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു തീരുമാനം. ഇതേതുടര്‍ന്ന് പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗിള്‍ ടിക് ടോക് ആപ്പ് നീക്കംചെയ്യുകയും ചെയ്തു. അശ്ലീലചിത്രങ്ങളും മറ്റും ആപ്പ് പ്രോത്സാഹിപ്പിക്കുന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് ഏപ്രില്‍ മൂന്നിന് ടിക് ടോക് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. ഈ അവസരത്തില്‍ ടിക് ടോകിന്റെ ഗൃഹാതുര ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അമല്‍ ലാല്‍ എന്ന യുവാവ്

ടിക്ക് ടോക്ക് അനുഭവം

പക്ഷേ പഴയതിലും ഗംഭീരമായി ഈ മനുഷ്യര്‍ തിരിച്ച് വരും. അത് വരേക്കും ഫുക്രൂ, ഡെവിള്‍ കുഞ്ചു, മറ്റനേകം മനുഷ്യരെ ബാന്‍ ഇന്ത്യയിലാണ് നമ്മള്‍. മറ്റതേലും പ്ലാറ്റ്‌ഫോമില്‍ വേഗം കാണം. സീ യൂ.

‘പാതിരാത്രി കടന്ന് പുലര്‍ച്ച നാലുമണിവരെ ഉറക്കമില്ലാണ്ട് പണിയെടുക്കേണ്ടി വന്നപ്പോഴോക്കെ സമയത്തെ ഉന്തിതള്ളി ആ അറ്റത്തെത്തിച്ചത് ടിക്ക് ടോക്കാണ്.

എന്തൊരു സ്ഥലമാണത്. എന്ത് ഗംഭീര കാലമാണ്. കുലസ്ത്രീകള്‍ ശരണം വിളിക്കുമ്പോള്‍ തന്നെയാണ്, ടിക്ക് ടോക്ക് ചെയ്യാനെങ്കിലും ആണ്‍പിള്ളാര് അടുകളയില്‍ കയറി അമ്മേടെ കൂടെയിരിക്കുന്നത്. കറിക്ക് പച്ചക്കറിയരിയുന്ന അമ്മ ”ആസ മച്ചാ” പാടുമ്പോ ”എന്നാ പുള്ളെ” എന്ന് മക്കള്‍ തിരിച്ചു പാടുന്നത്.

Image result for tik tok devil kunju photos

”പൂഹലക്കു സൊരകനി സൊരസായ്ക്ക്” ചുണ്ടനക്കുന്ന അമ്മൂമ്മയുണ്ടതില്‍, . ക്ലാസ്സും കഴിഞ്ഞ് ടീച്ചര്‍ പുറത്തു കടക്കാന്‍ കാത്തിരുന്നു അബു സാദ ഡാന്‍സാക്കുന്ന കുട്ടികള്‍. ഒരു അഭിമുഖത്തില്‍ വിനായകന്‍ പറയുന്നുണ്ട് എന്റെ ജീവിതത്തിനൊരു താളമുണ്ടെന്നു, വീട്ടില്‍ ചെളിയാണെങ്കിലും എല്ലാരും കൂടെ ഡാന്‍സ് കളിക്കുമെന്ന്. ചളിയുള്ള വീടുകളിലെ നിലനില്‍പ്പിന്റെ, അതിജീവിനത്തിന്റെ ഒക്കെ താളമുണ്ട് ടിക്ക് ടോക്കില്‍. അതില്‍ തന്നെ വിനായകന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഒന്ന് തുള്ളണം ആളുകള്‍ എന്ന്, സന്തോഷം വന്നാല്‍ ആള്‍ക്കാരൊന്നു തുള്ളെങ്കിലും വേണം എന്ന്. സന്തോഷം വന്നാലും കെട്ടിപ്പൂട്ടി വച്ച മനുഷ്യന്മാരോട്, ഒന്ന് നടക്കുമ്പോ പോലും ഒരായിരം കണ്ണുകളെ പേടിച്ചു, സൂക്ഷിച്ചും, കെട്ടിപൊക്കിയ ഇമേജുകളുടെ നേര്‍ വരയില്‍ നിന്നും മാറാത്ത മസില് പിടുത്തങ്ങളോടാണ് വിനായകനന്നു അങ്ങനെ പറഞ്ഞത്. മസ്സിലൊക്കെ കുത്തി പൊട്ടിക്കുന്നുണ്ട് കുട്ടികള്‍.

അമ്മയും അച്ഛനും മക്കളും കൂടിയാണ് ടിക്ക് ടോക്കിന്റെ താളത്തില്‍ ഒന്നാടി നോക്കുന്നത്. ഓ നാ നാ ചൊല്ലുമ്പോള്‍ കയ്യും കാലും അരയും ഇളക്കി ഒന്ന് തുള്ളി നോക്കുന്നത്. ഡ്യൂയറ്റാക്കി ട്രോളുന്നത്, മുപ്പത് സെക്കണ്ടിന്റെ സ്‌ക്രിപ്റ്റ് എഴുതി ചിരിപ്പിക്കുന്നത്, സന്തോഷമായിരിക്കാന്‍ അവരൊക്കെ എത്രയോ ബിസിയാണ്, അവരുടെ വിശ്രമ വേളകള്‍ ആനന്ദകരമാണ്.

അഞ്ചു കൊല്ലത്തിന്റെ അകലത്തിലിരുന്നു പഠിപ്പിക്കുന്ന കുട്ടികളെ നോക്കുമ്പോ പോലും ജനറേഷന്‍ ദൂരത്തിന്റെ കാഴ്ചക്കുറവുണ്ട് ഈ ഇരുപത്തി നാലിലും, അത്ര വേഗത്തിലാണ് ഓരോ കാലവും ഓടി മുന്നോട്ട് പോവ്വുന്നുത്, കൂടെ ഓടി നോക്കിയാല്‍ പോലും സ്വന്തം കാലത്തിന്റെ നിറക്കുറവിന്റെ അസൂയുണ്ട് ഇവരോട്.

എങ്ങനെയൊക്കെയാണ് അവരെ ബുദ്ധിമുട്ടിക്കാന്‍ നോക്കുന്നത്. അറ്റന്‍ഡന്‍സിന്റെ കത്തിം പിടിച്ചു കുത്തി കൊല്ലും എന്ന് പേടിപ്പിച്ചാണ് ക്ലാസ്സില്‍ കയറ്റിയിരുത്തുന്നത്. ഒരു മണികൂര്‍ പോലും വെറുതെ ഇരുത്തരുതെന്നാണ് ടീച്ചര്‍മ്മാര്‍ക്ക് തിട്ടൂരം കിട്ടുന്നത്, നാല് കോണിലും ക്യാമറ വയ്ക്കുന്നത്, പ്രേമിക്കുമ്പോള്‍ ഓടിച്ചു വിടുന്നത്, ഒരുമിച്ചിരിക്കുന്നിടത്ത് കുപ്പിചില്ല് വയ്ക്കുന്നത്, ഇനി എങ്ങാനും സമാധാനത്തോടെ ശ്വാസം വലിച്ചാലോ എന്ന് കരുതിയാണ് ആറുമാസം കൂടുമ്പോള്‍ ഓരോ പരീക്ഷ നടത്തുന്നത്, ഇടയില്‍ വേറെ രണ്ടു പരീക്ഷ ഉറപ്പാക്കുന്നത്, അസൈന്‍മെന്റും സെമിനാറും പുട്ടിനിടയില്‍ തിരുകുന്നത്, ഓടിക്കുന്നത്, പി.ടി.എ വിളിക്കുന്നത്, പതിനെട്ട് വയസ്സായ മനുഷ്യന്മാര്‌ടെ വീട്ടാരെ ഇടയ്ക്കിടയ്ക്ക് വിളിച്ചു വരുത്തി ചീത്ത പറയുന്നത്. നില്‍ക്കാന്‍ സമ്മതിക്കാതെ, ഇരിക്കാന്‍ ഇടം കൊടുക്കാതെ, മിണ്ടാന്‍ നേരം കൊടുക്കാതെ ആണും പെണ്ണും ഒരുമിച്ചിരിക്കുന്നിടത്ത് നിന്നും പുളിവടിയുമായി നമ്മള്‍ ഓടിച്ചു വിടുന്നത്.

ഡിസിപ്ലിന്‍ പറഞ്ഞാണ് അവരെയൊക്കെ ഈ പത്രണ്ടേ പത്രണ്ട് ക്ലാസ്സ് റൂമുകളില്‍ നമ്മള്‍ പറയുന്നത് മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരായ്ക്കുന്നത്. ഒരു കാലത്തെ ഡിസിപ്ലിനെന്ന വൃത്തിക്കേടില്‍ ഡിഫൈന്‍ ചെയ്ത് വയ്ക്കുന്നത് . അനുസരണള്ളവര്‍ അഭിമാനമാകുന്നത് ഈ നശിച്ച കാലത്താണ്അത്രയേറെ ബുദ്ധിമുട്ടിച്ചവരാണ് കിട്ടുന്ന ഇത്തിരി നേരങ്ങളില്‍ ടിക്ക് ടോക്കിലാടുന്നത്. ആണും പെണ്ണും ഒരുമിച്ചഭിനയിക്കുന്നത്, പ്ലാന്‍ ചെയ്യുന്നത്, തിരക്കഥയാക്കുന്നത്, എക്‌സിക്യൂട്ട് ചെയ്യുന്നത്, ഒപ്പം നിന്നാടുന്നത്, പാടുന്നത്, പറ്റിക്കുന്നത്.

അടിപൊളി മനുഷ്യരാണ്. അവര്‍ പൊളിച്ചടുക്കുന്നുണ്ട്. കുടുംബത്തിനകത്ത് തുള്ളാത്ത ശരീരങ്ങളെ പോലും തുള്ളിച്ചു വിറപ്പിച്ചു മാറ്റിപ്പണിയുന്നുണ്ട്. കുട്ടികളോടൊപ്പം ഇഷ്ടത്തിലെ നെടുമുടിവേണു അച്ചനായവര്‍, അബുസാദയ്ക്ക് ഒപ്പം കളിച്ച അച്ഛനും അമ്മേം, ഒന്ന് തല്ലി നോക്കടാ എന്നും പറഞ്ഞു സ്‌ക്രീനില്‍ വന്ന മോനും അമ്മയും, പഞ്ചാബി ഹൗസും, മനോരമയിലെ സ്‌കിറ്റും ഒരുമിച്ചു കൂടി ചെയ്ത കുടുംബങ്ങളില്‍ നിന്നും കുലസ്ത്രീകളെ നിര്‍മ്മിക്കാന്‍ ചെറുതല്ലാതെ കഷ്ടപ്പെടും വരും കാലം. ആ നിലയ്ക്കവര്‍ തുള്ളി കളിച്ച് മാറുന്നുണ്ട്.

ആഘോഷങ്ങളായി ആടിത്തിമര്‍ത്തു മുന്നോട്ട് പോവ്വുന്ന ഈ മനുഷ്യര് ചെറുതല്ലാതെ ലോകത്തെ മാറ്റും എന്ന വലിയ പ്രതീക്ഷയുണ്ട്. വെറും കുട്ടികളായി മാത്രം കഴിഞ്ഞാ മതിയെന്നും ഊട്ടിയുറപ്പിച്ച് ഒരു ജനറേഷനെ തന്നെ കെട്ടിപൂട്ടിയിടുമ്പോള്‍ അവര്‍ സ്വയം താളങ്ങള്‍ കണ്ടെടുക്കുന്നുണ്ട്, അവിടെ ജീവിതത്തെ തിരിച്ചു പിടിക്കുന്നുണ്ട്. സന്തോഷിച്ചാനന്ദിച്ചു തുള്ളിചാടി വരുന്നുണ്ട്. ഇളകാതെ കാലങ്ങളായി ഒറ്റയിരിപ്പായ, തുരുമ്പെടുത്ത കുടുംബങ്ങളെ വരെ ഒന്ന് ആട്ടി നോക്കുന്നുണ്ട്.’


We use cookies to give you the best possible experience. Learn more