| Wednesday, 26th October 2022, 10:58 am

ഫഹദിന്റെ അഭിനയം കാണുമ്പോള്‍ കൊതിതോന്നും; അദ്ദേഹത്തിന് പകരക്കാരില്ല; സൂക്ഷ്മാഭിനയം എന്ന് വിളിക്കാവുന്ന ടാലന്റ്: കമല്‍ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ഹാസന്റെ തിരിച്ചുവരവ് എന്നൊക്കെ അടയാളപ്പെടുത്താവുന്ന ചിത്രമായ വിക്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ താരമാണ് ഫഹദ് ഫാസില്‍.

കമല്‍ഹാസന്റേതിന് തുല്യമായ ഒരു കഥാപാത്രത്തെ തന്നെയായിരുന്നു ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചത്. സിനിമയിലുടനീളമുള്ള ഫഹദിന്റെ ഹെവി പെര്‍ഫോമന്‍സിന് വലിയ അഭിനന്ദമാണ് ലഭിച്ചത്.

ഫഹദിനെപ്പോലൊരാളുടെ പ്രകടനത്തിന്റെ കൂടി ബലത്തിലാണ് വിക്രം ഇത്രയും വലിയ ഹിറ്റായതെന്ന് പറയുകയാണ് കമല്‍ഹാസന്‍. പലപ്പോഴും ഫഹദിന്റെ അഭിനയം കണ്ട് തനിക്ക് കൊതിതോന്നിയിട്ടുണ്ടെന്നും ഫഹദിന് ഒരു പകരക്കാരനില്ലെന്നും അദ്ദേഹം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നാച്ചുറല്‍ ആക്ടിങ്ങില്‍ തന്നെ അത്ഭുതപ്പെടുത്തിയ നടന്മാരില്‍ പലരും മലയാളത്തില്‍ നിന്നുള്ളവരാണെന്നും കമല്‍ഹാസന്‍ അഭിമുഖത്തില്‍ പറയുന്നു.

‘നാച്ചുറല്‍ ആക്ടിങ്ങില്‍ എന്നെ അത്ഭുതപ്പെടുത്തിയ നടന്മാര്‍ മലയാളത്തില്‍ നിന്നുള്ളവരാണ്. നെടുമുടി വേണുവിനും ശങ്കരാടിക്കും ഭരത്‌ഗോപിക്കും കൊട്ടാരക്കര ശ്രീധരന്‍നായര്‍ക്കുമൊന്നും പകരക്കാരില്ല എന്ന് പറയുമ്പോലെയാണ് ഫഹദിന്റെ ആക്ടിങ്. സൂക്ഷ്മാഭിനയം എന്ന് വിളിക്കാവുന്ന ടാലന്റ്. ഫഹദിന്റെ അഭിനയം കാണുമ്പോള്‍ കൊതിതോന്നും. വിക്രം സിനിമയുടെ വലിയ വിജയങ്ങളിലൊന്നാണ് ഫഹദ്. ഇനി നമുക്ക് വേണ്ടതും ഇങ്ങനെയുള്ള ആര്‍ടിസ്റ്റുകളെയാണ്,’ കമല്‍ഹാസന്‍ പറഞ്ഞു.

സിനിമയില്‍ ജീവിച്ച് ഇപ്പോഴും തനിക്ക് കൊതി തീര്‍ന്നിട്ടില്ലെന്നും അതെപ്പോള്‍ തീരുമെന്ന് പറയാനാവില്ലെന്നും അഭിമുഖത്തില്‍ കമല്‍ഹാസന്‍ പറഞ്ഞു. എങ്കിലും ഒരു കാര്യം തനിക്ക് അടിവരയിട്ടുപറയാമെന്നും അവസാനശ്വാസം വരെ താന്‍ സിനിമയ്‌ക്കൊപ്പം ഉണ്ടാകുമെന്നതാണ് അതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

സിനിമയ്ക്കപ്പുറം ജീവിതത്തില്‍ ഞാന്‍ മറ്റൊന്നും സ്വപ്‌നം കണ്ടിരുന്നില്ലെന്ന് കൃത്യമായി പറയാന്‍ എനിക്കാവും. കാരണം സിനിമയില്‍ തുടങ്ങി സിനിമയില്‍ അവസാനിക്കുന്നൊരു ജീവിതമാണ് എന്റേതെന്ന് കാലം എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

പലവട്ടം മറ്റേതെല്ലാം മേഖലകളിലൂടെ ഞാന്‍ സഞ്ചരിച്ചാലും എന്റെ അവസാനയിടം സിനിമ തന്നെയാണ്. എന്റെ ശരീരത്തിലെ അവസാനത്തെ ഒരു തുള്ളി രക്തം വരെ സിനിമയ്ക്ക് വേണ്ടിയുള്ളതാണ്, കമല്‍ഹാസന്‍ പറഞ്ഞു.

Content Highlight: Kamal Hassan about Fahad Faasil acting style

We use cookies to give you the best possible experience. Learn more