| Wednesday, 20th June 2018, 9:28 pm

2019 ലെ പൊതുതെരഞ്ഞെടുപ്പിനുവേണ്ടി ബി.ജെ.പി കശ്മീരില്‍ കലാപത്തിന്റെ വിഷബീജങ്ങള്‍ വിതക്കുമോ?

എ.എം യാസിര്‍

നല്ല ദാമ്പത്യമാകുമെന്ന് ആരും അധികം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഈ വേര്‍പാട് രാജ്യത്തെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. വളരെ വിസ്മയകരമായ ഒരു സഖ്യമായിരുന്നു ബി.ജെ.പിയും പി.ഡി.പിയും തമ്മില്‍. “മിഷ്യന്‍” 44 എന്ന ദൗത്യം മുന്നില്‍ കണ്ടായിരുന്നു 2014 ല്‍ ജമ്മു-കശ്മീരില്‍ ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 87 അംഗ സഭയിലെ കേവല ഭൂരിപക്ഷമായ 44 ആയിരുന്നു ലക്ഷ്യം. പി.ഡി.പി-ബി.ജെ.പി സഖ്യത്തിന് 45 സീറ്റുകള്‍ ലഭിച്ചു.

ജമ്മു കശ്മീരിന്റെ മൂന്ന് ദശാബ്ദത്തിലെ രാഷ്ട്രീയ ചരിത്രം മാത്രം എടുത്ത് പരിശോധിച്ചാല്‍ 2014 ലെ തിരഞ്ഞെടുപ്പ് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. സാധാരണ തെരഞ്ഞെടുപ്പ് പ്രക്രിയ ബഹിഷ്‌കരിക്കുന്ന പ്രവണത 2014ല്‍ ഉണ്ടായിരുന്നില്ല. ബി.ജെ.പി മത്സരരംഗത്തുണ്ടെന്നായിരുന്നു കാരണം. ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ് ശതമാനമായിരുന്നു ആ തെരഞ്ഞടുപ്പില്‍ രേഖപ്പെടുത്തിയത്. 66 ശതമാനം!. ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അത് വലിയ പ്രതീക്ഷയാണ് നല്‍കിയത്.

മാത്രമല്ല, സ്വതന്ത്ര കാശ്മീര്‍ വാദവും പാകിസ്താന്‍ വാദവം മെല്ലെ മാഞ്ഞുപ്പോകുകയും ഇന്ത്യയുടെ അവിഭാജ്യഭാഗമായി തുടരാനുളള വ്യഗ്രത പൗരസമൂഹം കാണിക്കുകയും ചെയ്യുന്ന കാഴ്ച്ചയായിരുന്നു തെരഞ്ഞെടുപ്പില്‍ കാണാന്‍ സാധിച്ചത്. 2002 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നിലവിലെ 7 സീറ്റുകളില്‍ നിന്നും 20 സീറ്റുകള്‍ ലഭിച്ചത് നല്ല ലക്ഷണമായി ചിലരെങ്കിലും കണ്ടു. തുടര്‍ന്ന് 2005-ല്‍ കോണ്‍ഗ്രസും പി.ഡി.പിയും ചേര്‍ന്ന് മൂന്ന് വര്‍ഷത്തെ സര്‍ക്കാരുണ്ടാക്കിയതും ശുഭലക്ഷണമായിട്ടായിരുന്നു രാഷ്ട്രീയ നേതൃത്വം കണ്ടത്. 1975 സെയ്ദ് ഖ്വാസിം മുഖ്യമന്ത്രിയായതിനു ശേഷം കോണ്‍ഗ്രസിന് കശ്മീരില്‍ ആദ്യമായി സര്‍ക്കാറുണ്ടാക്കാനായത് അന്നായിരുന്നു.

തുടര്‍ന്ന്, 2008 ല്‍ അമര്‍നാഥ് ഭൂസമരത്തില്‍ വലിയ കലാപങ്ങള്‍ ഉണ്ടായിട്ടും നാഷണല്‍ കോണ്‍ഫറന്‍സിന് 28 സീറ്റുകള്‍ ലഭിച്ചു. പക്ഷെ, ബി.ജെ.പി ചരിത്രത്തില്‍ ഏറ്റവും വലിയ പുരോഗതി അന്നുണ്ടാക്കാനായി. ബി.ജെ.പിക്ക് അന്ന് ലഭിച്ചത് 17 സീറ്റായിരുന്നു. അതിന്റെ ഒരു തുടര്‍ച്ചയായി പി.ഡി.പി ബി.ജെ.പി സഖ്യത്തെ കാണാം. ആ 11 ല്‍ നിന്നും അവര്‍ക്ക് 25 സീറ്റുകള്‍ അധികം നേടാന്‍ സാധിച്ചു!.

കണക്കുകള്‍ അങ്ങനെയൊക്കെയാണെങ്കിലും 2019-ല്‍ ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കുമ്പോള്‍ കശ്മീരിനെ കലാപത്തിന്റെ പുതിയ പരീക്ഷണ ശാലയാക്കുമോയെന്നാണ് ആശങ്ക. വാലിയില്‍ ഇനിയും വെടിയൊച്ചകള്‍ ഉയരുമോയെന്ന ആശങ്ക മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതിനകം പ്രകടിപ്പിച്ചു കഴിഞ്ഞു. സംസ്ഥാന ഭരണം ഗവര്‍ണര്‍ എന്‍.എന്‍ വോറ ഏറ്റെടുത്ത സാഹചര്യത്തില്‍ നിലവിലെ സ്ഥിതി മാറുമെന്ന് മുന്നറിയിപ്പുകള്‍ ഇതിനകം വന്നു കഴിഞ്ഞു. റംസാന്‍ വെടിനിര്‍ത്തല്‍ നീട്ടണമെന്ന പി.ഡി.പി ആഗ്രഹം പ്രകടിപ്പിച്ചതിന്റെ ഉദ്ദേശ ശുദ്ധിയെ ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. മാത്രമല്ല, റൈസിംങ് കശ്മീര്‍ പത്രാധിപര്‍ ശുജാഅത് ബുഖാരിയുടെ ഘാതകര്‍ ആരാണെന്ന് കണ്ടെത്താതെ വെടിനിര്‍ത്തല്‍ തുടരണമെന്ന് ഒരു ദേശീയവാദിക്കും വാദിക്കാനാവില്ല.

2019-ല്‍ ദേശീയ തെരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ചു കയറാന്‍ ദേശീയ വികാരം ആളിക്കത്തിക്കാന്‍ കശ്മീരിനെ ഉപയോഗിക്കാന്‍ പുതിയ സാഹചര്യത്തില്‍ എളുപ്പമാണെന്നാണ് ധിഷണ ശാലികള്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നത്. കശ്മീരിന്റെ ശാന്തി ആഗ്രഹിക്കുന്നവര്‍ ഒരുപോലെ ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങളിതാണ്: 2019 ലെ പൊതുതെരഞ്ഞെടുപ്പിനുവേണ്ടി ബി.ജെ.പി കശ്മീരില്‍ കലാപത്തിന്റെ വിഷബീജങ്ങള്‍ വിതക്കുമോ? ശുജാഅത് ബുഖാരിയുടെ ഘാതകര്‍ ആരാണ്? ദേശീയ ഭരണം നിലനില്‍ക്കുമ്പോള്‍ മേഖലയില്‍ ശരിക്കും സമാധാനം കൊണ്ടുവരണമെന്ന് ബി.ജെ.പി ആഗ്രഹിക്കുമോ?. ഏതായാലും, വരും ദിവസങ്ങള്‍ കശ്മീരിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

എ.എം യാസിര്‍

We use cookies to give you the best possible experience. Learn more