അടുത്തത് ഞാനാണോ?; ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി ടെന്നീസ് താരം കോകോ ഗോഫ്
World News
അടുത്തത് ഞാനാണോ?; ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി ടെന്നീസ് താരം കോകോ ഗോഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th May 2020, 9:32 am

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ കാല്‍മുട്ടുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ടെന്നീസ് താരം കോകോ ഗോഫ്. അടുത്തത് താനാണോ എന്ന ചോദ്യമാണ് ഗോഫ് ഉന്നയിച്ചിരിക്കുന്നത്.

വര്‍ണവിവേചനത്തെ തുടര്‍ന്ന് അമേരിക്കയില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചായിരുന്നു ഗോഫിന്റെ പ്രതികരണം. ഇതുകൊണ്ടെക്കെയാണ് താന്‍ ശബ്ദമുയര്‍ത്തുന്നതെന്നും നിങ്ങള്‍ അത് ഉപയോഗപ്പെടുത്തില്ലേ എന്നും ഗോഫ് ചോദിക്കുന്നു.

16-കാരിയായ ഗോഫ് കഴിഞ്ഞ വിംബിള്‍ഡണില്‍ വീനസ് വില്യംസിനെ പരാജയപ്പെടുത്തിയതോടെയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ടെന്നീസ് റാങ്കില്‍ ആദ്യ 50 നുള്ളിലാണ് ഗോഫിന്റെ സ്ഥാനം.

അതേസമയം ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ ഡെറിക് ഷൗവിന്‍ എന്ന പൊലീസുകാരനെ അറസ്റ്റ് ചെയ്തു. മിനിയാപോളീസ് സെനേറ്റര്‍ എമി ക്ലോബച്ചറാണ് അറസ്റ്റുമായി ബന്ധപ്പെട്ട വിവരം പുറത്ത് വിട്ടത്. നീതിയുടെ ആദ്യപടിയാണ് ഷൗവിന്റെ അറസ്റ്റെന്നും അവര്‍ വിഷയത്തില്‍ പ്രതികരിച്ചു.


മിനിയാപാേളീസ് പൊതു സുരക്ഷാ കമ്മീഷണര്‍ ജോണ്‍ മാര്‍ക്ക് ഹാരിങ്ടണും പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തുവെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ പ്രതിയ്‌ക്കെതിരെ ചുമത്തിയ വകുപ്പുകളെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം പറഞ്ഞില്ല. പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ക്ലൗബച്ചറിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിഷേധം ശക്തമായിരുന്നു. നിരായുധനായ കറുത്ത വര്‍ഗക്കാരനായ ഫ്ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു. അഞ്ച് മിനുട്ടില്‍ കൂടുതല്‍ നേരം പൊലീസ് ഓഫീസര്‍ ഫ്ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക