| Wednesday, 12th February 2020, 5:50 pm

'മരിച്ച ആര്‍.എസ്.എസുകാരന് അനുശോചനം രേഖപ്പെടുത്തിയാലുടന്‍ ഞാന്‍ സംഘിയാകുമോ?, നിങ്ങള്‍ക്ക് കാര്യമായ കുഴപ്പമുണ്ട്'

ശശി തരൂര്‍

വര്‍ഗീയ ദ്രുവീകരണം രാജ്യത്തെ എത്രമാത്രം ഗ്രസിച്ചിരിക്കുന്നുവെന്നു ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ എന്റെ തന്നെ അനുഭവം പരിശോധിക്കാം. പൗരത്വ നിയമ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച മാത്രയില്‍ തന്നെ ആദ്യം എതിര്‍ത്തവരില്‍ ഒരാളായിരുന്നു ഞാന്‍, ഇന്നുവരേക്കും ആ നിയമത്തിന്റെ കടുത്ത വിമര്‍ശകനും.

എന്നിട്ടും പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ മുസ്ലിം വിഭാഗത്തിലെ ഒരുകൂട്ടര്‍ തീര്‍ത്തും ഇസ്ലാമിക മുദ്രാവാക്യങ്ങുമായി രംഗത്തിറങ്ങുന്നതിനെതിരെ എന്റെ അഭിപ്രായം രേഖപ്പെടുത്തിയതിനും സമരത്തിന്റെ വിജയം വിശാലമായ കൂട്ടായ്മ രൂപപ്പെടുത്തുന്നതിലും കൂടിയാണ് എന്ന് അഭിപ്രായപ്പെട്ടതിനും ഞാന്‍ വ്യാപകമായി ആക്രമിക്കപെടുകയുണ്ടായി.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയം മുസ്ലിം വിശ്വാസ പ്രശ്നമല്ല, മതങ്ങള്‍ക്കതീതമായി ഏതൊരു പൗരന്റെയും ഭരണഘടനാ അവകാശങ്ങളുടെ പ്രശ്‌നമാണ് എന്നതായിരുന്നു എന്റെ വാദം. മുസ്ലിങ്ങള്‍ക്ക് വേണ്ടി കാലങ്ങളിത്രയും നിലകൊണ്ടിട്ടുപോലും ഇപ്പോള്‍ മുസ്ലിം ജനസാമാന്യത്തെ അപമാനിച്ചുവെന്ന് എന്റെമേല്‍ കുറ്റം ചുമത്തപ്പെട്ടു.

ഒരു ദീര്‍ഘനിശ്വാസത്തിന് സമയമെടുക്കുംമുമ്പ് ഇതേ വിഭാഗത്തില്‍നിന്ന് തന്നെ അടുത്ത ആക്രമണമുണ്ടായി. ആര്‍.എസ്.എസ് ബുദ്ധിജീവിയായിരുന്ന പി. പരമേശ്വരന്റെ മരണത്തില്‍ അനുശോചിച്ചതിനായിരുന്നു ഇത്തവണ ആക്രമണം. ഞാന്‍ പാര്‍ലമെന്റ് അംഗമായി പ്രതിനിധാനം ചെയ്യുന്ന തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ താമസക്കാരനായിരുന്നു അദ്ദേഹം. (കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും എന്റെ എതിര്‍ കക്ഷികളെയാണ് അദ്ദേഹം പിന്തുണച്ചത് എന്നത് വസ്തുത തന്നെയാണ്.)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും, കേരളത്തിന്റെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു, ഒപ്പം ഞാനും.

ദല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ മരണാന്തര ചടങ്ങുകള്‍ക്ക് അദ്ദേഹത്തിന്റെ വീട്ടില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. പകരം ഞാന്‍ ട്വീറ്റ് ചെയ്തു: ‘കേരളത്തിലെ മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരക് ആയിരുന്ന പി. പരമേശ്വരന്റെ മരണത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടര്‍ ആയിരുന്ന അദ്ദേഹം തിരുവന്തപുരത്തായിരുന്നു താമസം. ഒരിക്കല്‍ ഞാന്‍ അദ്ദേഹവുമായി ഒരു ദീഘസംഭാഷണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വിയോജിപ്പുകള്‍ ഒരുക്കലും അനാദരവായിരുന്നില്ല. ഓം ശാന്തി.’

നിമിഷ നേരം കൊണ്ട് നൂറുകണക്കിനാളുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ എന്നെ കടുത്ത സംഘിയായി പ്രഖ്യാപിച്ചു. ‘ഹിന്ദുത്വ വക്താവായ’ എന്റെ ‘തനി നിറം’ പുറത്തായി എന്ന് എന്റെ ട്വീറ്റ് വളച്ചൊടിച്ചുകൊണ്ടു സമര്‍ത്ഥിക്കാന്‍ ശ്രമിച്ചു. മറ്റു ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ എന്നോട് ബി.ജെ.പിയില്‍ ചേരാന്‍ ഉപദേശിച്ചു. ഞാന്‍ കൂടുതല്‍ ചേരുക കാവി ക്യാമ്പില്‍ ആണെന്നാണ് അവരുടെ അഭിപ്രായം.

കഴിഞ്ഞ മുപ്പതു വര്‍ഷമായി ബി.ജെ.പി-ഹിന്ദുത്വ ആശയധാരകളെ ഖാദിച്ചുകൊണ്ടുള്ള എന്റെ പുസ്തകങ്ങളും വാദങ്ങളും ഒന്നും അവര്‍ക്ക് പരിഗണനാ വിഷയങ്ങള്‍ ആയതേയില്ല. സാമാന്യ യുക്തിപോലും അവര്‍ക്കുണ്ടായില്ല. ‘രഹസ്യ സംഘി’കള്‍ക്ക് മറനീക്കി പുറത്തുവരാനും അതുവഴി അധികാര ആനുകൂല്യങ്ങള്‍ കൈക്കലാക്കുവാനും ആയിരുന്നെകില്‍ അതിനു പറ്റിയ സമയം കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ആയിരുന്നു, ഇപ്പോഴല്ല.

എത്രമാത്രം ദ്രുവീകരണം ഇവിടെ സംഭവിച്ചു എന്ന് മനസ്സിലാകണമെങ്കില്‍ ‘ലെഫ്റ്റ് ലിബറലുകളുടെ’ വാദം നോക്കാം. ഒന്നുകില്‍ നിങ്ങള്‍ ആര്‍.എസ്.എസ് അനുകൂലി ആയിരിക്കണം, അല്ലെങ്കില്‍ കടുത്ത വിരോധി. ‘മറു വിഭാഗത്തെ’ കുറിച്ച് നിങ്ങള്‍ നല്ലതു പറഞ്ഞാല്‍ നിങ്ങളും ‘അവരില്‍ ഒരാള്‍.’

മനുഷ്യ ജീവിതത്തിന്റെ വലിയൊരു ഭാഗവും കറുപ്പും വെളുപ്പും മാത്രമായി വായിച്ചെടുക്കാന്‍ കഴിയില്ല എന്നാണ് ഇരുപതാം നൂറ്റാണ്ട് നമ്മെ പഠിപ്പിച്ചത്. മനുഷ്യ യാഥാര്‍ഥ്യങ്ങള്‍ മിക്കപ്പോഴും സങ്കീര്‍ണമായ സമ്മിശ്ര യാഥാര്‍ഥ്യങ്ങള്‍ ആയിരിക്കും. ഈ സാമാന്യ തത്വത്തിന് അതീതമാണ് രാഷ്ട്രീയമെന്നാണ് കണക്കാക്കുന്നത്. രാഷ്ട്രീയ വ്യവഹാരങ്ങളെ നന്മ-തിന്മ ബൈനറികളില്‍ മാത്രം വായിക്കുന്ന മാനിക്കേയിസം വല്ലാതെ പ്രകടവും പ്രബലവുമാണ് ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലങ്ങളില്‍.

സര്‍വോപരി, ഞാന്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്തത്? 93-വയസ്സായ, എന്റെ മണ്ഡലത്തിലെ താമസക്കാരനായ, ഞാന്‍ കണ്ടു സംസാരിച്ചിട്ടുള്ള, പദ്മ വിഭൂഷണ്‍ ജേതാവായ, എന്റെതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമുള്ള് പണ്ഡിതനും എഴുത്തുകാരനുമായ ഒരാളുടെ മരണത്തില്‍ അനുശോചിക്കുക മാത്രമായിരുന്നല്ലോ. അദ്ദേഹത്തിന്റെ രചനകളുടെ തലക്കെട്ടുകള്‍ തന്നെ ഒരു വിജ്ഞാന കുതുകിയെ വാര്‍ത്തു കാണിക്കുന്നുണ്ട്.

‘മാര്‍ക്സും വിവേകാനന്ദനും, മാര്‍ക്‌സ് മുതല്‍ മഹര്‍ഷി വരെ, ശ്രീ ഓറോബിന്ദോ- ഭാവിയുടെ ചിന്തകന്‍, ഗ്ലാസ്നോസ്റ്റും, പെരിസ്ട്രോയ്ക്കയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും, കമ്മ്യൂണിസത്തിലെ ഹിന്ദു വിശ്വാസം തുടങ്ങിയ പുസ്തകങ്ങള്‍ വലിയ വലിയ ചര്‍ച്ചകള്‍ക്കാണ് കേരളീയ രാഷ്ട്രീയ മണ്ഡലത്തില്‍ കാരണമായത്. പരമേശ്വരന് മറുപടി നല്‍കിക്കൊണ്ട് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഇ.എം.എസ് ദേശാഭിമാനിയിലും ചിന്തയിലും ലേഖനങ്ങളും എഴുതിയിരുന്നു.

എന്നാല്‍ മരണത്തില്‍ അനുശോചനം അറിയിച്ചത് എന്റെ വിമര്‍ശകര്‍ വായിച്ചത് തീവ്രവാദികള്‍ക്ക് സ്തുതിഗീതം ആയാണ്. എന്നാല്‍, ഒരിക്കല്‍ പോലും പരമേശ്വനുമേല്‍ ഒരു കുറ്റകൃത്യമോ, കാലാപ ആഹ്വാനമോ ആരോപിക്കപ്പെടുകയുണ്ടായിട്ടില്ല. അടല്‍ ബിഹാരി വാജ്‌പേയിയോടും ലാല്‍ കൃഷ്ണ അദ്വാനിയോടുമൊപ്പം ബി.ജെ.പി സ്ഥാപകരില്‍ ഒരാളായിരുന്നു പരമേശ്വരന്‍.

എന്നാല്‍ രാഷ്ട്രീയത്തില്‍ താത്പര്യരഹിതനായി കേരളത്തിലേക്ക് ഒതുങ്ങുകയായിരുന്നു അദ്ദേഹം. വാജ്‌പേയി കാലത്ത് ഓഫര്‍ ചെയ്ത കേന്ദ്രമന്ത്രി പദവിയും ഗവര്‍ണര്‍ പദവിയും അദ്ദേഹം നിരാകരിച്ചു. ആജീവനാന്തം ആര്‍.എസ്.എസ് ബന്ധുവായിരുന്നുവെങ്കിലും സ്വതന്ത്ര ചിന്താഗതിക്കാരന്‍ തന്നെയായിരുന്നു പരമേശ്വരന്‍. അദ്ദേഹത്തിന്റെ തന്നെ വാദഗതികളെ ഇഴകീറി പരിശോധിക്കാന്‍ അദ്ദേഹം തയാറായിരുന്നു.

ഞാനുള്‍പ്പടെ ഉള്ളവരുമായുള്ള ബൗദ്ധിക ഇടപെടലുകള്‍ തന്നെ അത് വിളിച്ചോതുന്നതാണ്. പരമേശ്വരനില്‍ ആരോപിക്കാവുന്ന കുറ്റം ഒരിക്കലും നീതീകരിക്കാനാവാത്ത, എന്റെ ജീവിതകാലം ഉടനീളം നഖശിഖാന്തം ഞാന്‍ എതിര്‍ത്ത ഒരു ആശയധാരയുടെ വക്താവായി എന്നുള്ളതാണ്. അതൊരിക്കലും എനിക്ക് അദ്ദേഹത്തോട് വിദ്വേഷമുണ്ടാകാന്‍ കാരണമാകുന്നില്ല.

ഈ വാദങ്ങള്‍ ഗുരുതരമാണ്. എന്തുകൊണ്ട് നമ്മുടെ രാഷ്ട്രീയ സംവാദങ്ങളില്‍ പരസ്പര ബഹുമാനമുണ്ടാകുന്നില്ല? എന്തുകൊണ്ട് രാഷ്രീയ വ്യത്യസ്തതകള്‍ സ്‌നേഹപൂര്‍വ്വം പരിഗണിക്കപ്പെടുന്നില്ല. മൗലികമായി നമ്മള്‍ എതിര്‍ക്കുന്നവര്‍ തന്നെ ചെയ്ത നന്മകളെ എന്തുകൊണ്ട് അംഗീകരിക്കാന്‍ കഴിയുന്നില്ല?

തന്റെ പോളിസികളോട് നിരന്തരം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നപ്പോഴും പ്രതിപക്ഷ കക്ഷികളോടെയും നേതാക്കളോടും അങ്ങേയറ്റം ബഹുമാനത്തോടെയായിരുന്നു നെഹ്‌റു കൈകാര്യം ചെയ്തിരുന്നത്. സ്വന്തം പാര്‍ട്ടി എം.പിമാരില്‍നിന്നു പോലും വിമര്‍ശനം സ്വാഗതം ചെയ്തിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുമായും അവയുടെ ആശയ ധാരകളുമായും കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും എതിര്‍ രാഷ്ട്രീയ നേതാക്കളോട് പലപ്പോഴും ഏകാഭിപ്രായം രൂപപ്പെടും എന്നത് സ്വാഭാവികമാണ്.

എന്നാല്‍ ഇന്ന് നമ്മുടെ രാഷ്ട്രീയം കറുപ്പും വെളുപ്പും മാത്രമായിത്തീര്‍ന്നു. ഒന്നുകില്‍ അനുകൂലിച്ച്, അല്ലെങ്കില്‍ എതിര്‍ പക്ഷത്ത്. മധ്യമ നിലപാട് എവിടെയുമില്ല. ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ’ എന്ന തലക്കെട്ട് ഒരുതരത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച പുസ്തകത്തിന്റേതാകാന്‍ തരമില്ല.

സാമൂഹിക മാധ്യമങ്ങള്‍ വരച്ചുവെയ്ക്കുന്ന ഇന്ത്യന്‍ രാഷ്രീയത്തിന്റെ ഇത്തരം കാഴ്ച്ചപ്പാടുകള്‍ രാഷ്ട്രീയ സംവാദങ്ങളെ മലിനമാകുവാന്‍ മാത്രമാണ് ഉപകരിക്കുക. ഒരുകൂട്ടര്‍ ചെയ്യുന്നതൊക്കെയും തിന്മയെന്നു മുന്‍വിധിയെഴുതി കാര്യങ്ങളെ സമീപിക്കുന്ന ഈ രീതി ജനാധിപത്യത്തിന്റെ അവസാനം മാത്രമാണ് സമ്മാനിക്കുക.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ബി.ജെ.പി ചെയ്തിരുന്നതും ഇതുതന്നെയാണ്. തങ്ങളുടെ തന്നെ മുന്‍ ഗവണ്മെന്റ് മുന്നോട്ട് വെച്ച നയപരിപാടികള്‍ നടപ്പിലാക്കുന്ന സമയത്തുപോലും കോണ്‍ഗ്രസ് ആണ് അത് ചെയ്യുന്നത് എന്നുള്ളതുകൊണ്ട് മാത്രം എതിര്‍പ്പുയര്‍ത്തിയിരുന്നു. ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് തടയിടുകയും, രാഷ്ട്രീയക്കാരെ മൊത്തം സ്വാഭാവിക മാനുഷ്യരായി സമൂഹം വിലയിരുത്തുന്നതില്‍നിന്നും ഇത്തരം ചിന്താഗതികള്‍ പിന്തിരിപ്പിക്കുകയും ചെയ്യും. പാര്‍ട്ടി ചിന്താഗതിയിലൂടെ മാത്രം ചലിക്കുന്ന രാഷ്ട്രീയ കോമരങ്ങള്‍ മാത്രമായി രാഷ്ട്രീയക്കാരും ചിത്രീകരിക്കപ്പെടും.

ഇന്ത്യന്‍ ജനാധിപത്യത്തോടു തന്നെ ചെയ്യുന്ന പാതകമാണത്. പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ ഒരിക്കല്‍ ചൂണ്ടിക്കാട്ടിയതുപോലെ ആരോഗ്യകരമായ ചര്‍ച്ചകളുടെ നൈരന്തര്യമാണ് ജനാധിപത്യത്തിന്റെ കാമ്പ്. ജനാധിപത്യം തുടര്‍ച്ചയായ ഒരു പ്രക്രിയയാണ്. കൊടുക്കല്‍ വാങ്ങലുകളും വ്യത്യസ്ത താല്പര്യങ്ങള്‍ക്കിടയിലുള്ള അനുരഞ്ജനങ്ങളുമാണ് അതിനെ ശക്തിപ്പെടുത്തുന്നത്. അതൊരു കബഡി കളിയാക്കി നമുക്ക് ചുരുക്കാതിരിക്കാം.

ശശി തരൂര്‍ ദ പ്രിന്റില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

ശശി തരൂര്‍

We use cookies to give you the best possible experience. Learn more