|

രാഷ്ട്രീയ ക്രിമിനലുകള്‍ സി.പി.ഐ.എമ്മിലുള്ളതായി അറിയില്ല; ഉണ്ടെങ്കില്‍ നടപടി എടുക്കാനുളള ശക്തി പാര്‍ട്ടിക്കുണ്ട്: എ.എം ആരിഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: രാഷ്ട്രീയ ക്രിമിനലുകള്‍ സി.പി.ഐ.എമ്മിലുള്ളതായി തനിക്കറിയില്ലെന്ന് എ.എം ആരിഫ് എം.പി. അങ്ങനെയുണ്ടെങ്കില്‍ അതിനെതിരെ
നടപടി എടുക്കാനുള്ള ശക്തി സി.പി.ഐ.എമ്മിനുണ്ടെന്നും ആരിഫ് പറഞ്ഞു.

ഇങ്ങനെ ഒരു പരാതി വന്നു എന്നത് പത്രങ്ങളില്‍ നിന്നു വായിച്ച അറിവ് മാത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജി.സുധാകരന്‍ പറഞ്ഞത് എല്ലാ പാര്‍ട്ടികളിലും രാഷ്ട്രീയ ക്രിമിനലിസം ഉണ്ട് എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചില രാഷ്ട്രീയ ക്രിമിനലുകള്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിന്നിട്ടും, ഇല്ലെന്നു പ്രചരിപ്പിക്കുന്നത് ഇത്തരം ക്രിമിനലുകളാണെന്നുമായിരുന്നു സുധാകരന്റെ പരാമര്‍ശം.

‘രാഷ്ട്രീയ ക്രിമിനലിസമൊന്നും സി.പി.ഐ.എമ്മില്‍ നടക്കില്ല. അത് ചെയ്യുന്നവരുടെ പേര് പറയുന്നില്ല. എല്ലാവര്‍ക്കുമറിയാം. ആലപ്പുഴയിലാണ് അവരുടെ പ്രവര്‍ത്തനം കൂടുതല്‍. ചില രാഷ്ട്രീയ ക്രിമിനലുകള്‍ എന്നെ വേട്ടയാടാന്‍ തുടങ്ങിയിട്ട് നാളേറെയായി.

രക്തസാക്ഷി കുടുംബത്തിലേതാണ് ഞാന്‍. പാര്‍ട്ടി തന്ന ജനപിന്തുണയാണ് ആയുധം. ഹോട്ടലിലിരുന്ന് പണം പിരിച്ചും മദ്യപിച്ചുമുള്ള രാഷ്ട്രീയ ക്രിമിനലിസം എന്നോട് വേണ്ട. എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കാലിടറില്ല,’ എന്നായിരുന്നു സുധാകരന്‍ പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: AM Ariff statement about CPIM