തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ ചര്‍ച്ചക്കെടുമ്പോള്‍ താന്‍ സഭയിലില്ലായിരുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി എ.എം ആരിഫ് എം.പി.
സൈബര്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ആണ് അത്തരമൊരു പ്രചാരണം നടന്നതെന്നാണ് അറിഞ്ഞതെന്നും തന്റെ സാന്നിദ്ധ്യത്തെ അവര്‍ ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷമെന്നും ആരിഫ് പറഞ്ഞു.
രാവിലെ മുതല്‍ ഞാന്‍ സഭയിലുണ്ട്. പൗരത്വ ബില്ലില്‍ ഞാന്‍ ഇന്നലെ ചില ഭേദഗതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഒപ്പം തന്നെ, അവതരണാനുമതിക്കതിരെ കേരളത്തില്‍ നിന്ന് ഞാന്‍ ഉള്‍പ്പെടെ കുറച്ചു പേര്‍ നോട്ടീസ് നല്‍കിയിരുന്നതാണ്. എങ്കിലും എന്നെ സംസാരിക്കുവാന്‍ ആ ഘട്ടത്തില്‍ സ്പീക്കര്‍ അനുവദിച്ചിരുന്നില്ല. കൃത്യമായ കാരണം നോട്ടീസില്‍ കാണിച്ചിട്ടില്ല എന്ന പേരില്‍ ആണ് സ്പീക്കര്‍ അവസരം നിഷേധിച്ചത്.
ഇത് പിന്നീട് സ്പീക്കര്‍ക്ക് മുന്നില്‍ കൃത്യമായി ബോധ്യപ്പെടുത്തിയിരുന്നു. പരിശോധിച്ചപ്പോള്‍ കൃത്യമായ കാരണങ്ങള്‍ നോട്ടീസില്‍ പറഞ്ഞിട്ടുണ്ടെന്ന് ബോധ്യം വന്നതുകൊണ്ട്.. സി.പി.ഐ.എമ്മിന് അനുവദിച്ച സമയത്തിലും അല്‍പ്പം അധിക സമയം, സഖാവ് വെങ്കിടേശന്‍ എം.പി ഉപയോഗിച്ചിരുന്നു എങ്കില്‍ പോലും എനിക്ക് സഭയില്‍ സംസാരിക്കാന്‍ അനുമതി നല്‍കി.
അനുവദിച്ച് കിട്ടിയ ചുരുങ്ങിയ സമയം കൊണ്ട് ബില്ലിന്റെ പിന്നിലെ ബി.ജെ.പിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയ അജന്‍ഡ തുറന്നുകാട്ടാന്‍ കഴിഞ്ഞു എന്നാണ് കരുതുന്നത്. ബില്ലിനെതിരെ സഭയില്‍ വോട്ട് ചെയ്തു എങ്കിലും, ലോക്‌സഭയില്‍ പാസ്സാക്കിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു.
ഭരണഘടനാവിരുദ്ധമായ നിയമത്തെ, കോടതിയില്‍ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും. ഒപ്പം തന്നെ,പാര്‍ലമെന്റിന് പുറത്ത് എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച് ജനാധിപത്യത്തിന്റെയും,മതേതരത്വത്തിന്റെയും, സംരക്ഷണത്തിനായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും എം.എ ആരിഫ് എം.പി പറഞ്ഞു.
എ.എം ആരിഫ് സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം..
ഈ പാര്‍ലമെന്റില്‍ നവാഗതരായ എന്നെപ്പോലുള്ളവര്‍ കടന്ന് വന്നത്, സഭയുടെ സംയുക്ത സമ്മേളനത്തില്‍ ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പ്രസംഗത്തില്‍, എക്കാലത്തെയും മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന ശ്രീനാരായണ ഗുരുദേവന്റെ മനോഹരമായ രണ്ടു വരികള്‍
ഉദ്ധരിക്കുന്നത് കേട്ടുകൊണ്ടാണ്..
പക്ഷേ എല്ലാം മാറുന്നു. എല്ലാം വെറുപ്പിനും ഭയത്തിനും വഴി മാറ്റുന്നു. പറയുന്നത് ഒന്ന് പ്രവര്‍ത്തിക്കുന്നത് നിങ്ങളുടെ അജന്‍ഡകള്‍ക്കനുസരിച്ചും ആകുന്നു. അതുകൊണ്ട് ഞാന്‍ ഈ ബില്ലിനെ എതിര്‍ക്കുന്നു.
ഈ ബില്‍, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കാത്തതും, പ്രീ ആമ്പിളിനും, മാലിക അവകാശങ്ങളായ 14 , 25 അനുശ്ചേദങ്ങള്‍ക്കും, വിരുദ്ധവുമാണ്. എനിക്ക് മുന്‍പ് സംസാരിച്ചവര്‍ ഇതിന്റെ ഭരണഘടനാ സാധുത ഇല്ലായ്മയെ കുറിച്ച് പറഞ്ഞു കഴിഞ്ഞു .ഇത് രണ്ടു സഭകളിലും പാസ്സായാലും, ഇത് ഉയര്‍ന്ന കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നുള്ളത് തീര്‍ച്ചയാണ്.
എന്തുതന്നെ ആയാലും ഈ ഭേദഗതി നിര്‍ദ്ദേശ ബില്‍ രാജ്യത്തിന്റെ അഖണ്ഡതയെ അപകടകരമായി ബാധിക്കും എന്ന കാര്യം ഉറപ്പിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഒരു കാര്യം നാം ഓര്‍മ്മിക്കേണ്ടതാണ്. ഇന്ത്യാ വിഭജനകാലത്ത്, ഗാന്ധിജി വിഭജനത്തെ എതിര്‍ത്ത് പറഞ്ഞത് ‘തന്റെ ഹൃദയത്തെ രണ്ടായി പിളര്‍ക്കുന്നു ‘ എന്നായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യയുടെ ഹൃദയത്തെ ഈ പൗരത്വ നിയമം കൊണ്ട് രണ്ടായി പിളര്‍ക്കാന്‍ ശ്രമിക്കുന്നു.
ഈ ഭേദഗതിയനുസരിച്ച് ഇന്‍ഡ്യന്‍ പൗരത്വം കിട്ടാനുള്ള എളുപ്പമാര്‍ഗ്ഗം ‘ഘര്‍ വാപസി’ ആണ്.ഈ ഭേദഗതിയില്‍ പറയുന്ന പട്ടികയില്‍ പെടുന്ന 6 മതങ്ങളിലേക്ക്, ഒരു മുസ്‌ലീം തന്റെ വിശ്വാസത്തെ ഉപേക്ഷിച്ച് ചെന്നാല്‍ പൗരത്വം ഉറപ്പാക്കാമെന്ന നിലയാണ്.
ഈ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും, സര്‍ക്കാരിന്റെ സാമ്പത്തിക നയവൈകല്യത്താല്‍ ദുരിതമനുഭവിക്കുന്നവരുടെ, എതിര്‍പ്പുകളെയും പ്രക്ഷോഭങ്ങളെയും, വഴിതിരിച്ചുവിടാനുമാണ് ഇത്തരം കത്തുന്ന, വികാരപരമായ വിഷയങ്ങള്‍ കൊണ്ടുവന്നു കൊണ്ട്, ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. എക്കാലത്തും ഈ കളി നടക്കില്ല എന്ന് മാത്രം ഓര്‍മ്മിപ്പിക്കുന്നു.
ജനാധിപത്യ മതേതര രാഷ്ട്രമായ ഇന്ത്യയെ ഒരു മതാധിഷ്ഠിത രാജ്യമാക്കാന്‍ ശ്രമിക്കരുത് എന്ന് നിങ്ങളോട് ഞാന്‍ വിനയ പുരസ്സരം അപേക്ഷിക്കുകയാണ്. ജര്‍മ്മനിയില്‍ ഹിറ്റ്‌ലറിന്റെയും തന്ത്രം, മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതായിരുന്നു.
ബി.ജെ.പി സര്‍ക്കാരിന്റെ ഈ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുന്നു. ഈ പൗരത്വ നിയമ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ക്കുന്നു.