'താനും സൈക്കിള്‍ ചവിട്ടല്‍ സമരത്തില്‍ പങ്കാളിയായിട്ടുണ്ട്'; വസ്തുതാവിരുദ്ധ പ്രസ്താവന നടത്തിയ വി.ഡി.സതീശന്‍ മാപ്പുപറയണം: എ.എം. ആരിഫ്'
Kerala News
'താനും സൈക്കിള്‍ ചവിട്ടല്‍ സമരത്തില്‍ പങ്കാളിയായിട്ടുണ്ട്'; വസ്തുതാവിരുദ്ധ പ്രസ്താവന നടത്തിയ വി.ഡി.സതീശന്‍ മാപ്പുപറയണം: എ.എം. ആരിഫ്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th November 2021, 6:41 pm

ആലപ്പുഴ: പെട്രോള്‍ വിലവര്‍ധ നവുമായി ബന്ധപ്പെട്ട വിഷയത്തിലെ നിയമസഭചര്‍ച്ചക്കിടെ തന്നെപ്പറ്റി വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എ.എം. ആരിഫ് എം.പി.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളന കാലത്ത് ആഗസ്ത് 5ന് പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷപാര്‍ട്ടി എം.പി.മാര്‍ സംയുക്തമായി നടത്തിയ സൈക്കിള്‍ ചവിട്ടല്‍ സമരത്തില്‍ ഞാന്‍ പങ്കാളിയായിരുന്നില്ല എന്ന് വി.ഡി. സതീശന്‍ നിയമസഭയില്‍  പറഞ്ഞത് വസ്തുതാവിരുദ്ധവും കീഴ്വഴക്കങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഞാന്‍ സൈക്കിള്‍ ചവിട്ടിയ വീഡിയോയും ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധ്കര്‍ രഞ്ജന്‍ ചൗധരിയുമായി സമരത്തില്‍ പങ്കെടുത്ത ഫോട്ടോയും നവമാധ്യമങ്ങളില്‍ ഉള്‍പ്പടെ തെളിവായുള്ളപ്പോള്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത് എപ്പോള്‍ അസത്യം പറഞ്ഞാലും അതിന്റെ ആനുകൂല്യം തനിക്കു ലഭിക്കും എന്നു സതീശന്‍ കരുതുന്നതുകൊണ്ടാകാം.


സതീശന്റെ ദേശീയ നേതാവും കേരളത്തില്‍ നിന്നുള്ള എം.പിയായിട്ടുകൂടി സഭയില്‍ വല്ലപ്പോഴും മാത്രം ഹാജരാകുന്ന രാഹുല്‍ ഗാന്ധി,ഈ സഭാകാലയളവില്‍ എപ്പോഴെങ്കിലും പെട്രോളിയം വിലവര്‍ധനവിനെപ്പറ്റി സംസാരിക്കാന്‍ തയ്യാറായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സതീശന്‍ തയ്യാറാകണം,’ എ.എം. ആരിഫ് പറഞ്ഞു.


പ്രതിപക്ഷ നേതാവിന്റെ വസ്തുതാവിരുദ്ധമായ പ്രസ്താവന സഭാരേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സ്പീക്കര്‍ ശ്രീ എം.ബി.രാജേഷിന് കത്ത് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS:  AM Arif MP Responds to Opposition leader VD Satheesan