ഗര്‍ഭഛിദ്ര നിരോധന നിയമം: അമേരിക്കയില്‍ സെക്സ് സ്ട്രൈക്ക് നടത്താന്‍ ആഹ്വാനം ചെയ്ത് ഹോളിവുഡ് താരം അലീസ മിലാനോ
HollyWood
ഗര്‍ഭഛിദ്ര നിരോധന നിയമം: അമേരിക്കയില്‍ സെക്സ് സ്ട്രൈക്ക് നടത്താന്‍ ആഹ്വാനം ചെയ്ത് ഹോളിവുഡ് താരം അലീസ മിലാനോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th May 2019, 2:31 pm

വാഷിംഗ്ടണ്‍: അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്ര നിരോധന നിയമം കര്‍ശനമാക്കിയതിനെതിരെ ഹോളിവുഡ് താരം അലീസ മിലാനോ.

തീരുമാനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ നടി സെക്സ് സ്ട്രൈക്ക് നടത്താന്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്യുകയും ചെയ്തു. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അക്രമങ്ങള്‍ക്കെതിരെ നടന്ന മീ ടൂ ക്യാംപയിനിലും അലീസ പങ്കാളിയായിരുന്നു.

ഗര്‍ഭധാരണം നടന്ന് ആറാഴ്ച്ചയ്ക്ക് ശേഷമുള്ള ഗര്‍ഭഛിദ്രം അനുവദിക്കാനാവില്ലെന്നാണ് നിയമത്തില്‍ പറയുന്നത്. ജോര്‍ജിയ ഉള്‍പ്പടെയുള്ള നാല് സംസ്ഥാനങ്ങളിലാണ് ഈ നിയമം നിലവിലുള്ളത്. ഇത് തികച്ചും സ്ത്രീവിരുദ്ധമാണെന്നാണ് അലീസ അഭിപ്രായപ്പെടുന്നത്.

ഗര്‍ഭിണിയാണ് എന്നറിയാന്‍ തന്നെ ചിലപ്പോള്‍ ആറാഴ്ച്ച എടുത്തേക്കും. സ്ത്രീക്ക് സ്വന്തം ശരീരത്തിലുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് നിയമമെന്നും അലീസ അഭിപ്രായപ്പെട്ടു.

സ്വന്തം ശരീരത്തിലുള്ള പൂര്‍ണ അവകാശം തിരികെ കിട്ടുന്നതുവരെ ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സ്ത്രീകളോട് ട്വീറ്റിലൂടെ അലീസ ആഹ്വാനം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ക്കായി സ്ത്രീകള്‍ മുമ്പും ഇങ്ങനെ സെക്സ് സ്ട്രൈക്ക് നടത്തിയിട്ടുണ്ടെന്നും അലീസ ഓര്‍മ്മിപ്പിക്കുന്നു.

സഹതാരം ബെറ്റി മിഡ്ലര്‍ ഉള്‍പ്പടെ നിരവധി പേര്‍ അലീസയെ അനുകൂലിച്ച് രംഗത്തെത്തി. 50 താരങ്ങള്‍ ഒപ്പിട്ട നിവേദനവും ആലീസ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍, അലീസയുടെ ആഹ്വാനം തന്നെ സ്ത്രീവിരുദ്ധമാണെന്നും സ്ത്രീ, ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പുരുഷന് വേണ്ടിയാണെന്ന തെറ്റായ സന്ദേശമാണ് അത് പങ്കുവയ്ക്കുന്നതെന്നുമുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.