അതിന് ഇങ്ങനെ ഒക്കെ പറയാമോ? നിങ്ങള്‍ എന്തുതന്നെ പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല; ഇന്ത്യന്‍ ആരാധകര്‍ക്ക് മറുപടിയുമായി ഓസീസ് വനിതാ താരം
Sports News
അതിന് ഇങ്ങനെ ഒക്കെ പറയാമോ? നിങ്ങള്‍ എന്തുതന്നെ പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല; ഇന്ത്യന്‍ ആരാധകര്‍ക്ക് മറുപടിയുമായി ഓസീസ് വനിതാ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th August 2022, 11:41 am

സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പങ്കുവെച്ചതിന്റെ ക്ഷീണത്തിലാണ് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരമായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലീസ ഹെയ്‌ലി. താന്‍ പോസ്റ്റ് ചെയ്ത് ചിത്രത്തിന് ഇന്ത്യന്‍ ടീമിനെയോ ആരാധകരെയോ കളിയാക്കാനുള്ള ഒരു ഉദ്ദേശവുമുണ്ടായിരുന്നില്ല എന്ന് ഇന്ത്യന്‍ ആരാധകരെ പറഞ്ഞ് മനസിലാക്കേണ്ട അവസ്ഥയിലാണ് ഹെയ്‌ലി.

തന്റെ പുതിയ പോസ്റ്റിലാണ് നേരത്തെ പോസ്റ്റ് ചെയ്ത ചിത്രത്തിന് വിശദീകരണവുമായി താരമെത്തിയത്.

ഇന്ത്യന്‍ ആരാധകരോട് ശാന്തരാവാനും അവര്‍ കരുതുന്ന പോലെ ഒന്നുമില്ല എന്നുമാണ് പുതിയ പോസ്റ്റില്‍ ഹെയ്‌ലി പറയുന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ തോല്‍പിച്ചതിന് ശേഷം താരം പങ്കുവെച്ച ഒരു ചിത്രമായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്. ‘സോള്‍ട്ടി’ (Salty) എന്നെഴുതിയ ബോട്ടില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു പ്രത്യേകിച്ച് ഒരു ക്യാപ്ഷനുമില്ലാതെ താരം പോസ്റ്റ് ചെയ്തത്.

എന്നാല്‍ കൊവിഡ് പോസിറ്റീവായതിന് ശേഷവും ടാഹ്‌ലിയ മഗ്രാത്തിനെ കളിപ്പിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയ തങ്ങളെ കളിയാക്കുന്നതിനായാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് പങ്കുവെച്ചത് എന്നായിരുന്നു ഇന്ത്യന്‍ ആരാധകരുടെ വാദം. ഇതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനമായിരുന്നു ഹെയ്‌ലിക്ക് നേരിടേണ്ടി വന്നത്.

 

 

ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഹെയ്‌ലി രംഗത്തെത്തിയത്.

‘എല്ലാവരും ശാന്തരാവൂ. അത് സോള്‍ട്ടി എന്നുപേരുള്ള ഒരു ബോട്ട് വെള്ളത്തില്‍ കിടക്കുന്നതാണ്. അതില്‍ നിന്നും മറ്റെന്തെങ്കിലും കണ്ടെത്താനും വായിച്ചെടുക്കാനും ശ്രമിക്കാതിരിക്കൂ. എന്നാല്‍ എന്നെ കടന്നാക്രമിക്കാന്‍ തന്നെയാണ് നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ അത് തുടര്‍ന്നുകൊള്ളുക. അതൊരിക്കലും എന്നെ ബാധിക്കാന്‍ പോവുന്നില്ല,’ ഹെയ്‌ലി പറഞ്ഞു.

 

ഇതാദ്യമായല്ല ഹെയ്‌ലി ഇന്ത്യന്‍ ആരാധകരുമായി കൊരുക്കുന്നത്. 2020-21ലെ ഇന്ത്യയുടെ ഓസീസ് പര്യടനത്തിനിടയ്ക്ക് ഇന്ത്യന്‍ ടീം കൊവിഡ് ചട്ടങ്ങളെ കുറിച്ച് കര്‍ശനമായ പരാതി ഉയര്‍ത്തിയപ്പോഴും ഹെയ്‌ലി ഇത്തരത്തില്‍ പോസ്റ്റുമായെത്തുകയും സോഷ്യല്‍ മീഡിയയുടെയും ഇന്ത്യന്‍ ആരാധകരുടെയും ചൂടറിയുകയും ചെയ്തിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ – ഓസ്‌ട്രേലിയ ഫൈനല്‍ മത്സരത്തില്‍ കൊവിഡ് ബാധിതയായ ടാഹ്‌ലിയ മഗ്രാത്തിനെ ഓസീസ് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ബാറ്റിങ്ങിലോ ബൗളിങ്ങിലോ മഗ്രാത്ത് തിളങ്ങിയില്ലെങ്കിലും ഇന്ത്യ മത്സരം തോറ്റതോടെ വിവാദം വീണ്ടും ചൂടുപിടിച്ചു.

ഓസീസ് ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് 152 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചിരുന്നുള്ളു. ഇതോടെ ഓസീസ് സ്വര്‍ണവും ഇന്ത്യ വെള്ളിയും നേടുകയും ചെയ്തിരുന്നു.

 

 

Content Highlight:  Alyssa Healy clarifies her tweet after being brutally trolled and criticized by Indian fans