| Monday, 23rd July 2018, 10:55 pm

'എന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി സമ്മതിക്കുന്നു, എന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാം, ഞാന്‍ തെറ്റു ചെയ്തുപോയി'; ആള്‍വാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ തെറ്റ് ഏറ്റുപറഞ്ഞ് പൊലീസുകാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ വെളിപ്പെടുത്തലുമായി പോലീസുകാരന്‍. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച പൊലീസുകാരനാണ് വീഴ്ച പറ്റിയെന്ന് വെളിപ്പെടുത്തിയത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രക്ബര്‍ ഖാനെ ആശുപത്രിയിലെത്തിക്കുന്നതില്‍ പൊലീസിന് ഗുരുതരമായ വീഴ്ചയുണ്ടായതായി മോഹന്‍ സിങ് എന്ന പൊലീസുകാരന്‍ സമ്മതിച്ചു.

അക്രമ സംഭവം നടന്നതിനു ശേഷം സ്ഥലത്തെത്തിയ പൊലീസ് മൂന്നു മണിക്കൂര്‍ വൈകിയാണ് രക്ബര്‍ ഖനെ ആശുപത്രിയിലെത്തിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ പൊലീസ് വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മോഹന്‍സിങ്ങിനേയും രണ്ട് കോണ്‍സ്റ്റബിള്‍മാരേയും സ്ഥലംമാറ്റിയിരുന്നു.


Read:  ഗൗരി ലങ്കേഷ് വധം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍: പിടികൂടാനുള്ളത് വെടിവെച്ചയാളെ


“എന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി സമ്മതിക്കുന്നു. എന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാം. ഞാന്‍ തെറ്റു ചെയ്തുപോയി”- സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോയില്‍ മോഹന്‍ സിങ് പറഞ്ഞു. ഇയാളെ സസ്പെന്‍ഡ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് അക്ബര്‍ ഖാനും മറ്റൊരാളും രണ്ടു പശുക്കളുമായി പോകുമ്പോഴായിരുന്നു ആക്രമണം. ഹരിയാനയിലെ തന്റെ ഗ്രാമമായ കൊല്‍ഗാനിലേക്ക് പശുക്കളുമായി പോകവെയാണ് ഇവര്‍ പശുക്കടത്തുകാരാണെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിച്ചത്.

രാവിലെ 12.41നായിരുന്നു ആള്‍ക്കൂട്ട മര്‍ദനമുണ്ടായത്. പൊലീസ് 1.15നു സ്ഥലത്തെത്തി. സംഭവം നടന്നതിന് ആറു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ആശുപത്രിയിലേക്ക് പൊലീസ് അക്ബറുമായെത്തിയതാകട്ടെ പുലര്‍ച്ചെ നാലിനും. അതിനിടയില്‍ മരണം സംഭവിക്കുകയും ചെയ്തു.

പൊലീസ് അലംഭാവത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസും അക്ബര്‍ ഖാനെ മര്‍ദിച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ധര്‍മേന്ദ്ര യാദവ്, പരംജീത് സിങ് എന്നീ പ്രദേശവാസികള്‍ അറസ്റ്റിലായി. നരേഷ് സിങ് എന്നയാളും പിടിയിലായതായി പൊലീസ് അറിയിച്ചു.


Read:  ബീഹാറിലെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ 16 പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായി; ഒരു പെണ്‍കുട്ടിയെ കാണാനില്ല


അതേസമയം, പൊലീസിനെ സംരക്ഷിക്കാന്‍ ബി.ജെ.പി എം.പി രംഗത്തെത്തി. എം.പിയായ സി.ആര്‍ ചൗധരിയാണ് പൊലീസ് അവരുടെ കടമ നിര്‍വഹിച്ചെന്നും മാധ്യമങ്ങളാണു തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന ആരോപണവുമായി രംഗത്തെത്തിയത്. പരുക്കേറ്റയാളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചു.

സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടി. എന്നിട്ടും മാധ്യമങ്ങള്‍ തെറ്റായ സന്ദേശമാണു നല്‍കുന്നതെന്നായിരുന്നു നാഗൗര്‍ എം.പിയായ ചൗധരിയുടെ ആരോപണം. ഇതിനു പിന്നാലെയാണ് തെറ്റ് ഏറ്റു പറഞ്ഞുള്ള എ.എസ്.ഐയുടെ വിഡിയോ വൈറലാകുന്നത്.

We use cookies to give you the best possible experience. Learn more