national news
ആല്‍വാര്‍ ആള്‍ക്കൂട്ടകൊലപാതകം; മുഖ്യപ്രതികളിലൊരാളായ വി.എച്ച്.പി. നേതാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 20, 01:42 pm
Sunday, 20th June 2021, 7:12 pm

രാജസ്ഥാന്‍: പശുവിനെ കടത്തിയെന്ന് ആരോപിച്ച് മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്ന ആല്‍വാര്‍ സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍. നവാല്‍ കിഷോര്‍ ശര്‍മ്മ എന്ന വ്യക്തിയെയാണ് അറസ്റ്റിലായത്.

സംഭവം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് കേസിലെ മുഖ്യപ്രതികളില്‍ ഒരാളും വിശ്വഹിന്ദു പരിഷത്ത് നേതാവുമായ നവാല്‍ കിഷോര്‍ അറസ്റ്റിലാവുന്നത്.

2018 ജൂലായ് 20 നായിരുന്നു ആല്‍വാറിലെ രാംഗഢില്‍ വെച്ച് പശുക്കടത്ത് ആരോപിച്ച് റക്ബര്‍ എന്ന അക്ബര്‍ ഖാനെയും സുഹൃത്ത് അസ്‌ലമിനെയും ആള്‍ക്കൂട്ടം ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ അക്ബര്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. പ്രദേശത്തെ ഗോരക്ഷ സെല്ലിന്റെ പ്രവര്‍ത്തകനാണ് നവാല്‍ കിഷോര്‍. കേസില്‍ പരംജീത്, നരേഷ്, ധര്‍മേന്ദ്ര യാദവ്, വിജയ് ശില്‍പി എന്നീ നാല് പ്രതികള്‍ക്കെതിരെ 2019 സെപ്റ്റംബര്‍ 17 ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു നവാല്ഡ കിഷോറിനെ അറസ്റ്റ് ചെയ്തതായി അല്‍വാര്‍ പൊലീസ് സൂപ്രണ്ട് തേജസ്വാനി ഗൗതം സ്ഥിരീകരിച്ചു.

ഇന്ത്യന്‍ പീനല്‍ കോഡ് 302, 304, 323, 341, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് നാവാല്‍ കിഷോറിനെ അറസ്റ്റ് ചെയ്തത്. ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട അക്ബറിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ അദ്ദേഹം ക്രൂരമര്‍ദ്ദനത്തിന് ഇരയായതായി വ്യക്തമായിരുന്നു.

അക്ബറിന്റെ കൈയിലേയും കാലുകളിലേയും അസ്ഥികള്‍ പൊട്ടിനുറുങ്ങിയ നിലയിലായിരുന്നെന്നും ശരീരത്തിലാകമാനം 12 ഇടത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. വലിയ തോതില്‍ ആന്തരിക രക്തസ്രാവമുണ്ടായെന്നും ഇത് മരണത്തിലേക്ക് നയിച്ചെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ അക്ബറിനെ ആശുപത്രിയില്‍ എത്തിക്കാതിരുന്നത് വലിയ വീഴ്ച്ചയാണെന്ന് ഏറ്റുപറഞ്ഞ് പൊലീസുകാരന്‍ രംഗത്തെത്തിയിരുന്നു.
അക്ബറിനെ ആശുപത്രിയില്‍ എത്തിക്കുന്നത് മൂന്ന് മണിക്കൂറോളം വൈകിച്ച പൊലീസ് സംഘത്തിലുണ്ടായിരുന്ന എ.എസ്.ഐ മോഹന്‍ സിങാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Alwar mob lynching case: VHP leader arrested