| Sunday, 22nd July 2018, 12:54 pm

നീതികിട്ടുന്നതുവരെ അവന്റെ മൃതദേഹം അടക്കം ചെയ്യില്ല: ആള്‍വാറില്‍ കൊല്ലപ്പെട്ട അക്ബറിന്റെ കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ആള്‍വാറില്‍ പശുക്കടത്താരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ അക്ബര്‍ ഖാന്റെ മൃതദേഹം അടക്കം ചെയ്യാന്‍ വിസമ്മതിച്ച് കുടുംബാംഗങ്ങള്‍. ഹരിയാനയിലെ കൊളാഗോണ്‍ ഗ്രാമത്തിലെ റോഡുവക്കത്ത് അക്ബറിന്റെ മൃതദേഹവുമായി പ്രതിഷേധിക്കുകയാണ് കുടുംബാംഗങ്ങള്‍. ശനിയാഴ്ച രാത്രിയോടെയാണ് അടുത്ത ബന്ധുക്കളും നാട്ടുകാരുമടക്കം ഒരു സംഘമാളുകള്‍ സംഘടിച്ച് പ്രതിഷേധമാരംഭിച്ചത്.

“ആള്‍ക്കൂട്ടം അതിക്രൂരമായി കൊലപ്പെടുത്തിയ എന്റെ മകന് നീതി ലഭിക്കണം. വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതുവരെ ഞങ്ങള്‍ അവന്റെ മൃതദേഹം അടക്കം ചെയ്യുകയില്ല.” മകന്റെ ശരീരവുമായി റോഡിലിരുന്ന് പ്രതിഷേധിക്കുന്ന അമ്മ പറയുന്നു.

അക്ബറിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതു വരെ പിരിഞ്ഞുപോകാന്‍ തയ്യാറല്ലെന്നാണ് ജനങ്ങളുടെ പക്ഷം. അക്ബര്‍ ഖാനും സുഹൃത്തും ഹരിയാനയിലെ തങ്ങളുടെ ഗ്രാമത്തിലേക്ക് ആല്‍വറിലെ ലാലവണ്ടി കാട്ടിലൂടെ പശുക്കളെയും കൊണ്ടുപോകുമ്പോള്‍ അഞ്ചംഗ സംഘം വെള്ളിയാഴ്ച ആക്രമിക്കുകയായിരുന്നു.


Also Read: മോദിയുടെ പ്രശസ്തി വര്‍ദ്ധിക്കുന്നതിനനുസരിച്ച് ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ധിക്കുമെന്ന് കേന്ദ്രമന്ത്രി


കേസില്‍ ഇതുവരെ രണ്ട് അറസ്റ്റുകളാണ് ഉണ്ടായിട്ടുള്ളത്. സംഭവത്തെ ശക്തമായി അപലപിച്ച മുഖ്യമന്ത്രി വസുന്ധര രാജെ, പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പ്രസ്താവിച്ചിട്ടുണ്ട്.

രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ ഇന്നലെ സഭയില്‍ മോദി സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും പുതിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ ഓരോ സംസ്ഥാന സര്‍ക്കാരുകളും പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more