ജയ്പൂര്‍: ആല്‍വാറില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട അക്ബര്‍ മരിച്ചത് പൊലീസ് കസ്റ്റഡിയില്‍ വെച്ചെന്ന് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ. ഗോരക്ഷകരുടെ ആക്രമണത്തിലല്ല അക്ബര്‍ കൊല്ലപ്പെട്ടതെന്നാണ് മന്ത്രി പറഞ്ഞത്.
ഇപ്പോള്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അക്ബറിന്റെ മരണം ഒരു ആള്‍ക്കൂട്ട കൊലപാതകമല്ല. അതൊരു കസ്റ്റഡി മരണം മാത്രമാണ്. കേസുമായി ബന്ധപ്പട്ട കൂടുതല്‍ അന്വേഷണം നടത്താന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് കത്തയച്ചിട്ടുണ്ട്- എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം കൊല്ലപ്പെട്ട അക്ബറിന്റെ കുടുംബത്തിന് രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചതായി മന്ത്രി പറഞ്ഞു.
ALSO READ: ആള്‍ക്കൂട്ട കൊലപാതകം: നിയമനിര്‍മാണത്തിന് രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ നാലംഗസമിതി
താന്‍ അക്ബറിന്റെ കുടുംബത്തെ സന്ദര്‍ശിച്ചെന്നും അവര്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ അക്ബറിന്റെ കുടുംബം പൂര്‍ണ്ണ തൃപ്തരാണെന്ന് തന്നോട് പറഞ്ഞുവെന്നും കതാരിയ പറഞ്ഞു. എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വന്ന് കാണാനുള്ള സ്വാതന്ത്ര്യം താന്‍ അക്ബറിന്റെ കുടുംബത്തിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വെളളിയാഴ്ചയാണ് രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്താരോപിച്ച് അക്ബറിനെ ആള്‍ക്കൂട്ടം തല്ലികൊന്നത്. കേസില്‍ മൂന്നു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ക്രൂരമര്‍ദ്ദനത്തിന് ഇരയായതിന് പിന്നാലെയായിരുന്നു അക്ബറിന്റെ മരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അക്ബറിന്റെ കൈയിലേയും കാലുകളിലേയും അസ്ഥികള്‍ പൊട്ടിനുറുങ്ങിയ നിലയിലായിരുന്നെന്നും ശരീരത്തിലാകമാനം 12 ഇടത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. വലിയ തോതില്‍ ആന്തരിക രക്തസ്രാവമുണ്ടായെന്നും ഇത് മരണത്തിലേക്ക് നയിച്ചെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.