അല്‍വാര്‍ ആള്‍ക്കൂട്ടക്കൊല; കുടുംബത്തിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മഹാപഞ്ചായത്ത്
alwar lynching
അല്‍വാര്‍ ആള്‍ക്കൂട്ടക്കൊല; കുടുംബത്തിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മഹാപഞ്ചായത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th July 2018, 1:25 pm

അല്‍വാര്‍: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ അല്‍വാറില്‍ അക്ബര്‍ഖാന്‍ (രഖ്ബാര്‍)എന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഹാപഞ്ചായത്ത്.

ഇന്നലെ നുഹ് കൊലാഗണില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്ത യോഗത്തിലാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. രഖ്ബാര്‍ ഇന്‍സാഫ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. അഞ്ച് ഗ്രാമങ്ങളില്‍ നിന്നായി നൂറ് കണക്കിന് ആളുകളാണ് മഹാപഞ്ചായത്തില്‍ പങ്കെടുക്കാനായി എത്തിയത്. ഹരിയാന, രാജസ്ഥാന്‍, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളും പരിപാടിയില്‍ എത്തിച്ചേര്‍ന്നിരുന്നു.

“” സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണം നടക്കേണ്ടത്. അതാണ് ഞങ്ങളുടെ പ്രധാന ആവശ്യം. അക്ബറിന്റെ കുടുംബത്തിന് രാജസ്ഥാന്‍ സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും അദ്ദേഹത്തിന്റെ വിധവയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുകയും വേണം””-. ഓള്‍ ഇന്ത്യ മേവതി സമാജ് പ്രസിഡന്റ് റംസാന്‍ ചൗധരി ആവശ്യപ്പെട്ടു.

മാത്രമല്ല അക്ബറിന്റെ ഏഴ് കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കണമെന്നും പ്രതികള്‍ക്ക് എത്രയും പെട്ടെന്ന് ശിക്ഷ ഉറപ്പാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.


ശര്‍മയെ വെറുതെ വിടാതെ ഹാക്കര്‍മാര്‍; ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരു രൂപ വീതം അയച്ച് ഹാക്കര്‍മാരുടെ മുന്നറിയിപ്പ്


സംഭവത്തില്‍ പ്രതികള്‍ക്ക് സഹായം നല്‍കിയ എം.എല്‍.എ ഗ്യാന്‍ദേവ് അഹൂജയ്്ക്കും വി.എച്ച്.പിയുടെ ലോക്കല്‍ ഗൗ രക്ഷാ സെല്‍ തലവന്‍ കിഷോര്‍ ശര്‍മയ്ക്കുമെതിരെ നടപടി എടുക്കണമെന്നും ചൗധരി ആവശ്യപ്പെട്ടു.

അന്വേഷണത്തിന്റെ പേര് പറഞ്ഞ് ഇരയുടെ കുടുംബത്തിന് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും പൊലീസ് ഉണ്ടാക്കരുതെന്നും പ്രദേശത്ത് സമാധാനം ഉറപ്പിക്കാനായി സദ്ഭാവന യാത്ര പോലെ എന്തെങ്കിലും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തന്നെ നടത്തണമെന്നും മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു.