ആല്‍വാര്‍: ആല്‍വറിലെ ഗോരക്ഷകര്‍ തങ്ങളെ ആക്രമിക്കാനെത്തിയത് തോക്കുകളും വടികളും കൊണ്ടെന്ന് രക്ഷപ്പെട്ട അസ്‌ലം. കൊല്ലപ്പെട്ട അക്ബര്‍ ഖാനും അസ്‌ലമും പശുക്കളെ തെളിച്ചുകൊണ്ടു പോകുമ്പോഴായിരുന്നു ആക്രമണം.
” അക്ബര്‍ ഖാന്‍ പശുക്കളെ തെളിച്ച് റോഡിലേക്ക് കയറ്റുകയായിരുന്നു, ഞാനദ്ദേഹത്തിന്റെ തൊട്ടു പുറകിലുണ്ടായിരുന്നു. അപ്പോഴാണ് ആകാശത്തേക്ക് വെടിവെച്ച് അക്രമിസംഘമെത്തിയത്. രണ്ടു പേര്‍ എന്റെ നേര്‍ക്ക് ഓടി, മറ്റുള്ളവര്‍ അക്ബര്‍ ഖാനെ പിടികൂടി” ഗോരക്ഷകരുടെ കൈകളില്‍പ്പെടാതെ വയലില്‍ ഒളിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്ന് അസ്‌ലം പറയുന്നു.
“അക്ബര്‍ കരയുന്ന ശബ്ദം കേട്ടെങ്കിലും പുറത്തുവരാന്‍ കഴിഞ്ഞില്ല, അക്ബറിനെ തല്ലാന്‍ ഗോരക്ഷകര്‍ പരസ്പരം ആക്രോശിക്കുന്നത് കേട്ടിരുന്നു, വിജയ് അവന്റെ കാലുകള്‍ തല്ലിയൊടിക്ക്, ധര്‍മേന്ദര്‍ അവന്റെ തലതല്ലിപ്പൊളിയ്ക്ക്, നരേഷ് അവന്റെ കൈയ്യൊടിക്ക്. ഇങ്ങനെയാണ് അവര്‍ പരസ്പരം സംസാരിച്ചത്. ഏഴു പേരുണ്ടായിരുന്നു സംഘത്തില്‍ ഇതില്‍ അഞ്ച് പേരുടെ പേരുകള്‍ എനിക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കും. അസ്‌ലം പറയുന്നു.”
ഗോരക്ഷകരില്‍ നിന്നും രക്ഷപ്പെട്ട് നടന്ന് ഗ്രാമത്തിലെത്തുമ്പോഴേക്കും അക്ബര്‍ കൊല്ലപ്പെട്ടെന്നുള്ള വിവരം പൊലീസ് വീട്ടുകാരെ അറിയിച്ചിരുന്നുവെന്ന് അസ്‌ലം പറയുന്നു.
പൊലീസിന് നല്‍കിയ മൊഴിയില്‍ അഞ്ചുപേരുടെയും പേരുകള്‍ അസ്‌ലം നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ മൂന്നു പേരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ധര്‍മേന്ദ്രയാദവ്, പരംജീത് സിങ്, നരേഷ് യാദവ് എന്നിവരാണ് അറസ്റ്റിലായത്.