ബാഴ്‌സലോണയുടെ സ്പാനിഷ് കൗമാര താരം ലാമിന്‍ യമാലിനെ പുകഴ്ത്തി എ.സി മിലാന്‍ സൂപ്പര്‍ താരം ആല്‍വരോ മൊറാട്ട. യമാലിനെ മെസിയോടും റൊണാള്‍ഡോയോടും ഉപമിച്ചാണ് മൊറാട്ട ലാ മാസിയ വളര്‍ത്തിയ മാണിക്യക്കല്ലിനെ പ്രശംസ കൊണ്ട് മൂടിയത്.
യമാല്‍ ഏറെ നിശ്ചയദാര്‍ഢ്യമുള്ള താരമാണെന്നും ഈ പ്രായത്തില്‍ ഇത്രത്തോളം ഡിറ്റര്‍മിനേഷനുള്ള ഒരു താരത്തെ കണ്ടുകിട്ടുക പ്രയാസമാണെന്നും മൊറാട്ട പറഞ്ഞു.
ദി അത്‌ലറ്റിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വളരെയധികം നിശ്ചദാര്‍ഢ്യമുള്ള സ്വഭാവമാണ് അവന്റേത്. ഇത്രയും ചെറിയ പ്രായത്തില്‍ ഇങ്ങനെ ഒരു താരത്തെ കണ്ടുകിട്ടുക ഏറെ പ്രയാസമാണ്. എന്ത് ചെയ്യണം എന്നതിനെ സംബന്ധിച്ച് അവന് വ്യക്തമായ ധാരണയുണ്ട്. വളരെ മികച്ച വ്യക്തിത്വമാണ് അവന്റേത്, എല്ലാം അവന് മുമ്പില്‍ തന്നെയുണ്ട്.
സത്യം പറയാമല്ലോ, ഇവനെ പോലെ ഒരു ഫുട്‌ബോളറെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അവന്‍ മറ്റുള്ളവരേക്കാള്‍ ഏറെ വ്യത്യസ്തനാണെന്ന് മനസിലാക്കാന്‍ ഒറ്റ ട്രെയ്‌നിങ് സെഷന്‍ മാത്രം മതി. അവന്‍ തീര്‍ത്തും അത്ഭുതാവഹമാണ്.
ഓരോ 20-30 വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് മെസി, റൊണാള്‍ഡോ എന്നിവരെ പോലെ ഒരു താരം ഉദയം ചെയ്യുകയുള്ളൂ. എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ചരിത്രം കുറിക്കാനുള്ള എല്ലാം അവനിലുണ്ട്.
അവന്‍ സ്‌പെയ്‌നിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മാറുമെന്ന് എനിക്കുറപ്പുണ്ട്. അവന്‍ യൂറോ കപ്പ് നേടി ഇതിനോടകം തന്നെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ അവന് 16 വയസ് മാത്രമായിരുന്നു പ്രായം.
അവന്‍ ഈ പ്രകടനം തുടരുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം അവന്‍ എന്റെ സഹതാരമാണ്. ദേശീയ ടീമിനൊപ്പം എനിക്ക് കൂടുതല്‍ കിരീടങ്ങള്‍ നേടിത്തരാന്‍ അവന് സാധിക്കും,’ മൊറാട്ട പറഞ്ഞു.
സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് യമാല്‍ പുറത്തെടുക്കുന്നത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്കും റഫീന്യക്കുമൊപ്പം ബാഴ്സയുടെ മുന്നേറ്റത്തില്‍ പ്രതാപകാലത്തെ എം.എസ്.എന്നിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് താരം നടത്തുന്നത്. ഗോളടിച്ചും അടിപ്പിച്ചുമാണ് യമാല്‍ ബാഴ്‌സയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമാകുന്നത്.
ലെവന്‍ഡോസ്‌കി – ലാമിന്‍ യമാല്‍ – റഫീന്യ എന്നിവരുടെ കരുത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സ. 12 മത്സരത്തില്‍ നിന്നും 11 ജയവും ഒരു തോല്‍വിയുമായി 33 പോയിന്റാണ് ബാഴ്സക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചിരവൈരികളായ റയല്‍ മാഡ്രിഡിനേക്കാള്‍ ഒമ്പത് പോയിന്റ് ബാഴ്സക്ക് അധികമായുണ്ട്.