സീരി എയിലെ മത്സരത്തിനിടെ ടീം മാനേജരുമായി വാഗ്വാദത്തിലേര്‍പ്പെട്ട് യുവന്റസിന്റെ സ്പാനിഷ് ഫോര്‍വേര്‍ഡ് ആല്‍വെരോ മൊറാട്ട. ജെനോവയുമായുള്ള മത്സരത്തിനിടെയാണ് മൊറാട്ട മാനേജര്‍ അല്ലെഗ്രിയോട് കൊമ്പുകോര്‍ത്തത്.
മോശം ഗെയിമിനെ തുടര്‍ന്ന് മൊറാട്ടയെ കളിയുടെ 72ാം മിനിറ്റിന്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാനേജരുമായി മൊറാട്ട വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടത്.
2-0ന് യുവന്റസ് മത്‌സരം ജയിച്ചെങ്കിലും കളിയുടെ സമസ്തമേഖലയിലും മൊറാട്ട പരാജയമായിരുന്നു.
പിച്ച്‌സൈഡ് മൈക്രോഫോണില്‍ അല്ലെഗ്രി മൊറോട്ടയോട് മിണ്ടാതിരിക്കാന്‍ പറയുന്നതായ സംഭാഷണങ്ങളും പുറത്ത് വന്നിട്ടുണ്ട്. ‘നീയൊരു ഫൗള്‍ വഴങ്ങി, ഇനി മിണ്ടാതിരിക്കണം,’ എന്നായിരുന്നു അല്ലെഗ്രി പറഞ്ഞത്.
ഫൗളിനെ തുടര്‍ന്ന് മഞ്ഞ കാര്‍ഡ് വാങ്ങിയതിന് പിന്നാലെ മൊറാട്ടെയെ പിന്‍വലിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു കളിക്ക് ശേഷം അല്ലെഗ്രി പറഞ്ഞത്.
‘അവനെ മാറ്റാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ കാര്‍ഡ് വഴങ്ങിയതോടെയാണ് അവനെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സ്‌കോര്‍ ചെയ്തില്ലെങ്കിലും നല്ല കളിയാണ് ആല്‍വരോ പുറത്തെടുത്തത്,’ അല്ലെഗ്രി പറഞ്ഞു.