മയാമി മോശം ക്ലബ്ബ് തന്നെ; എന്നാല്‍ മെസി കളിയുടെ ഗതി മാറ്റും: എതിര്‍ ടീം താരം
Football
മയാമി മോശം ക്ലബ്ബ് തന്നെ; എന്നാല്‍ മെസി കളിയുടെ ഗതി മാറ്റും: എതിര്‍ ടീം താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd July 2023, 12:00 pm

അമേരിക്കന്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ അരങ്ങേറ്റ മത്സരം നടന്നത്. അമേരിക്കന്‍ ക്ലബ്ബിനായി കളിച്ച ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടിയ മെസിയെ പുകഴ്ത്തി നിരവധിയാളുകളാണ് രംഗത്തെത്തിയത്.

മെസിയെ പ്രശംസിച്ച് എം.എല്‍.എസ് ക്ലബ്ബായ സിന്‍സിനാറ്റികിന്റെ അര്‍ജന്റൈന്‍ താരം അല്‍വാരോ ബാരല്‍ പറഞ്ഞ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. ഇന്റര്‍ മയാമി നിലവാരം കുറഞ്ഞ ക്ലബ്ബ് ആണെന്നും എന്നാല്‍ മെസിക്ക് ഓരോ മാച്ചിലും മൂന്നും നാലും ഗോള്‍ നേടാനാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. എം.എല്‍.എസില്‍ ഇന്റര്‍ മയാമിയുടെ ചിര വൈരികളാണ് സിന്‍സിനാറ്റിക്. ടി.വൈ.സി സ്‌പോര്‍ട്‌സിനോട് സംസാരിക്കുമ്പോഴാണ് ബാരെല്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് പ്രത്യേകതയുള്ളയാളാണ് മെസി. അദ്ദേഹത്തിന്റേത് സങ്കീര്‍ണതകളിലൂടെ കടന്നുപോകുന്ന ടീം ആയതുകൊണ്ടുതന്നെ മെസിയെയും അത് ബാധിക്കാന്‍ ഇടയുണ്ട്. എന്നാലവിടെ ഒരു കളിയില്‍ കുറഞ്ഞത് മൂന്നോ നാലോ ഗോളുകള്‍ അദ്ദേഹത്തിന് നേടാനാകുമെന്നാണ് ഞാന്‍ കരുതുന്നത്,’ ബാരെല്‍ പറഞ്ഞു.

ലീഗ് കപ്പിലെ ആദ്യ മത്സരത്തില്‍ ക്രൂസ് അസൂളിനെതിരെയായിരുന്നു മെസി കളത്തിലിറങ്ങിയത്. 1-1ന്റെ സമനിലയില്‍ പിരിയാനൊരുങ്ങിയ മത്സരത്തിന്റെ 94ാം മിനിട്ടില്‍ മെസിയുടെ ഫ്രീ കിക്കിലൂടെ ഇന്റര്‍ മയാമി ജയിക്കുകയായിരുന്നു. മയാമിയുടെ വിജയത്തിന് പിന്നാലെ മെസിയെ വാനോളം പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.

എം.എല്‍.എസില്‍ ഒറ്റയാള്‍ പോരാട്ടമാണ് മെസി നടത്തിയതെന്നും ലിയോക്ക് മാത്രമെ അതിന് സാധിക്കൂ എന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. മെസിയെ പ്രശംസിക്കുന്നതോടൊപ്പം ക്രിസ്റ്റ്യാനോയെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി. മത്സരത്തിന്റെ ആദ്യ ഇലവനില്‍ മെസി ഉണ്ടായിരുന്നില്ല. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ റോബേര്‍ട്ട് ടെയ്‌ലറിലൂടെ മയാമി ലീഡെടുക്കുകയായിരുന്നു. രണ്ടാം പകുതിയുടെ 54ാം മിനിട്ടില്‍ ബെഞ്ചമിന്‍ ക്രെമാസ്ചിക്ക് പകരക്കാരനായാണ് പത്താം നമ്പര്‍ കുപ്പായത്തില്‍ ഇതിഹാസം ഇറങ്ങിയത്.

മെസി ഇറങ്ങി പത്ത് മിനിട്ട് കഴിഞ്ഞപ്പോഴേക്കും യൂറിയല്‍ അന്റൂന ക്രൂസ് അസൂളിനായി സമനില പിടിച്ചു. മികച്ച വരവേല്‍പ്പായിരുന്നു ലോക ചാമ്പ്യന് അമേരിക്കന്‍ ലീഗിലെ തന്റെ ആദ്യ മത്സരത്തില്‍ ലഭിച്ചത്. ഓരോ തവണ താരം പന്ത് തൊടുമ്പോഴും ഗ്യാലറിയില്‍ മെസി ചാന്റുകള്‍ മുഴങ്ങി.

ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മെസിയുടെ മേജര്‍ ലീഗ് സോക്കര്‍ അരങ്ങേറ്റം കാണാനെത്തിയിരുന്നു. അതേസമയം, മത്സരത്തില്‍ ജയിക്കാനായെങ്കിലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുകയാണ് മയാമി. ഇതുവരെ കളിച്ച 22 മത്സരങ്ങളില്‍ അഞ്ച് തവണ മാത്രമാണ് ഇന്റര്‍ മയാമിക്ക് ജയിക്കാനായത്. മത്സരത്തില്‍ ജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ ഇന്റര്‍ മയാമി ഇപ്പോഴും അവസാന സ്ഥാനത്ത് തന്നെയാണ്.

Content Highlights: Alvaro Barreal praises Messi