Advertisement
Football
ടീം ഫോമില്‍ അല്ലെങ്കിലെന്താ? ഒരു കളിയില്‍ മാത്രം മെസി മൂന്നടിക്കും: എം.എല്‍.എസ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jul 15, 06:24 am
Saturday, 15th July 2023, 11:54 am

ഇന്റര്‍ മിയാമി സമ്മര്‍ദം നേരിടുന്ന ക്ലബ്ബായതിനാല്‍ മെസിയെ ബാധിക്കാന്‍ ഇടയുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന് ഒറ്റ കളിയില്‍ മൂന്നും നാലും ഗോള്‍ നേടാനാകുമെന്നും എം.എല്‍.എസ് ക്ലബ്ബിന്റെ അര്‍ജന്റൈന്‍ താരം അല്‍വാരോ ബാരല്‍. മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മിയാമിയുടെ ചിര വൈരികളായ സിന്‍സിനാറ്റിക്കായി കളിക്കുന്ന താരമാണ് ബാരല്‍. ടി.വൈ.സി സ്‌പോര്‍ട്‌സിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് പ്രത്യേകതയുള്ളയാളാണ് മെസി. അദ്ദേഹത്തിന്റേത് സങ്കീര്‍ണതകളിലൂടെ കടന്നുപോകുന്ന ടീം ആയതുകൊണ്ടുതന്നെ മെസിയെയും അത് ബാധിക്കാന്‍ ഇടയുണ്ട്. എന്നാലവിടെ ഒരു കളിയില്‍ കുറഞ്ഞത് മൂന്നോ നാലോ ഗോളുകള്‍ അദ്ദേഹത്തിന് നേടാനാകുമെന്നാണ് ഞാന്‍ കരുതുന്നത്,’ ബാരെല്‍ പറഞ്ഞു.

അതേസമയം, ഈ സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ മെസി അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ഇടവേളയെടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടത്.

1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.

ജൂലൈ 16ന് ഇന്റര്‍ മിയാമി മെസിയെ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്റര്‍ മിയാമി മെസിയെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പ്രചാരം നേടാനാണ് പദ്ധതിയിടുന്നത്. അതിനാല്‍ വലിയ രീതിയില്‍ ഇതിഹാസത്തെ അവതരിപ്പിക്കാനാണ് ഇന്റര്‍ മിയാമിയുടെ തീരുമാനം.

Content Highlights: Alvaro Barreal praises Lionel Messi