മയാമിയുടെ ഓരോ മാച്ചിലും മെസിക്ക് പുഷ്പം പോലെ ഹാട്രിക് അടിക്കാം: എതിര്‍ ടീം താരം
Football
മയാമിയുടെ ഓരോ മാച്ചിലും മെസിക്ക് പുഷ്പം പോലെ ഹാട്രിക് അടിക്കാം: എതിര്‍ ടീം താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th July 2023, 8:49 pm

മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മയാമിയുടെ ഓരോ മാച്ചിലും മെസിക്ക് മൂന്നും നാലും ഗോള്‍ നേടാനാകുമെന്ന് സിന്‍സിനാറ്റിക് ക്ലബ്ബിന്റെ അര്‍ജന്റൈന്‍ താരം അല്‍വാരോ ബാരല്‍. എം.എല്‍.എസില്‍ ഇന്റര്‍ മയാമിയുടെ ചിര വൈരികളാണ് സിന്‍സിനാറ്റിക്. ടി.വൈ.സി സ്പോര്‍ട്സിനോട് സംസാരിക്കുമ്പോഴാണ് ബാരെല്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് പ്രത്യേകതയുള്ളയാളാണ് മെസി. അദ്ദേഹത്തിന്റേത് സങ്കീര്‍ണതകളിലൂടെ കടന്നുപോകുന്ന ടീം ആയതുകൊണ്ടുതന്നെ മെസിയെയും അത് ബാധിക്കാന്‍ ഇടയുണ്ട്. എന്നാലവിടെ ഒരു കളിയില്‍ കുറഞ്ഞത് മൂന്നോ നാലോ ഗോളുകള്‍ അദ്ദേഹത്തിന് നേടാനാകുമെന്നാണ് ഞാന്‍ കരുതുന്നത്,’ ബാരെല്‍ പറഞ്ഞു.

യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുമായി കരാറിലെത്തുകയായിരുന്നു. 1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബുമായി ഒപ്പുവെച്ചത്.

കഴിഞ്ഞ ദിവസമാണ് മയാമി മെസിയെ അവതരിപ്പിച്ചത്. ആരാധകരാല്‍ തിങ്ങി നിറഞ്ഞ ഹെറോണ്‍സിന്റെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയം കയ്യടികളോടെയാണ് തങ്ങളുടെ ലോക ചാമ്പ്യനെ സ്വീകരിച്ചത്.

ഇന്റര്‍ മയാമിയുടെ പത്താം നമ്പര്‍ ജേഴ്സിയിലാണ് മെസി കളിക്കുക. താരത്തിന്റെ ജേഴ്സി നമ്പര്‍ പ്രഖ്യാപിച്ചുകൊണ്ട് മയാമി നേരത്തെ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു.

മെസിയെത്തുന്നു എന്നതിനൊപ്പം താരം തന്റെ പഴയ പത്താം നമ്പറിലേക്ക് മടങ്ങിയെത്തുന്നു എന്നതും ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്. പി.എസ്.ജിയില്‍ മെസി പന്ത് തട്ടിയപ്പോള്‍ ബാഴ്‌സലോണയില്‍ തന്റെ തുടക്കകാലത്ത് ധരിച്ചിരുന്ന 30ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞാണ് താരം കളിച്ചത്.

പത്താം നമ്പറില്‍ ബാഴ്‌സലോണക്കും അര്‍ജന്റീനക്കും നേടിക്കൊടുത്ത കിരീടനേട്ടങ്ങള്‍ പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് തങ്ങളുടെ ക്ലബ്ബിനും വേണ്ടി നേടിക്കൊടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlights: Alvaro Barreal about Lionel Messi