മാഞ്ചസ്റ്റര്‍ വിട്ടതിന്റെ കാരണം വെളിപ്പെടുത്തി അല്‍വാരസ്!
Sports News
മാഞ്ചസ്റ്റര്‍ വിട്ടതിന്റെ കാരണം വെളിപ്പെടുത്തി അല്‍വാരസ്!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th August 2024, 1:15 pm

അര്‍ജന്റീനയുടെ പ്രധാന താരങ്ങളിലൊരാളാണ് ജൂലിയന്‍ അല്‍വാരസ്. 2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ നിര്‍ണയക പങ്ക് വഹിക്കാനും കിരീടമുയര്‍ത്താനും താരത്തിന് സാധിച്ചിരുന്നു. മുമ്പ് അദ്ദേഹം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഭാഗമായിരുന്നുവെങ്കിലും ട്രാന്‍സ്ഫര്‍ വഴി അത്‌ലറ്റിക്കോ മാഡ്രിഡില്‍ ചേര്‍ന്നിരിക്കുകയാണ്.
വലിയ ട്രാന്‍സ്ഫര്‍ തുക വാങ്ങിയാണ് മാഞ്ചസ്റ്റര്‍ സിറ്റി അല്‍വാരസിനെ റിലീസ് ചെയ്തത്. 95 മില്യണ്‍ യൂറോ മുടക്കിയാണ് അത്‌ലറ്റികോ അല്‍വാരസിനെ സ്വന്തമാക്കിയത്.

എന്ത് കൊണ്ടാണ് മാഞ്ചസ്റ്റര്‍ സിറ്റി വിട്ടത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ അല്‍വാരസ്. പുതിയ ക്ലബ്ബില്‍ തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനും ടീമിനെ സഹായിക്കാനും സാധിക്കുമെന്നാണ് താരം പറഞ്ഞത്.

‘എന്റെ കരിയറില്‍ പുതിയ ഒരു ചലഞ്ചിന് സമയമായെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാന്‍ ക്ലബ്ബ് വിട്ടത്. ഈ ക്ലബ്ബ് എനിക്ക് അനുയോജ്യമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഈ ക്ലബ്ബ് എന്നെ സഹായിക്കും. ടീമിനെ സഹായിക്കാന്‍ വേണ്ടിയും എല്ലാം കിരീടങ്ങള്‍ക്കും വേണ്ടി പോരാടാനുമാണ് ഞാന്‍ ഇവിടെ എത്തിയിട്ടുള്ളത്.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ എനിക്ക് സാധിച്ചു. അവിടെ ചിലവഴിച്ച രണ്ട് വര്‍ഷക്കാലം മികച്ചതായിരുന്നു. ലോകത്തെ ഏറ്റവും മികച്ച പരിശീലകരാണ് പെപ്പും സിമയോണിയും. എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും വളരാനും ഉണ്ട്,’ അല്‍വാരസ് പറഞ്ഞു.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി 36 ഗോളുകളാണ് താരം നേടിയത്. 2023 – 24 സീസണിലായിരുന്നു താരം ക്ലബ്ബില്‍ കളിച്ചത്. 2024 കോപ്പ അമേരിക്കയില്‍ താരം അര്‍ജന്റീനയ്ക്ക് വേണ്ടി അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകള്‍ താരത്തിന് നേടാന്‍ സാധിച്ചിട്ടുണ്ട്. 2022 ലോകകപ്പിലെ ഏഴ് മത്സരത്തില്‍ നിന്ന് നാല് ഗോള്‍ നേടി മിന്നും പ്രകടനം കാഴ്ചവെക്കാനും ടീമിന് വേണ്ടി നിര്‍ണായക പങ്ക് വഹിക്കാനും അല്‍വാരസിന് കഴിഞ്ഞു.

 

Content highlight: Alvarez revealed the reason for leaving Manchester