ആലുവ: സ്വയംഭരണ പദവിയുമായി ബന്ധപ്പെട്ട് ആലുവ യു.എസി കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.
കോളേജിന്റെ നിലവാരം പരിശോധിക്കാനെത്തിയ സംഘത്തെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. ഇതിനെ തുടര്‍ന്ന്് മുപ്പതോളം വിദ്യാര്‍ത്ഥികളെ ഇവിടെ നിന്നും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കോളേജുകളില്‍ സ്വയംഭരണപദവി അടിച്ചേല്‍പിക്കല്‍ ഉന്നതവിദ്യാഭ്യാസമേഖലയിലെ സാമൂഹ്യ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്മാറുന്നതിന്റെ ഭാഗമാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്.
സ്വയംഭരണപദവി കൈവരുന്നതോടെ ഗവ. കോളേജുകളിലെ വിദ്യാര്‍ഥികളുടെ സൗജന്യപഠനം ഉള്‍പ്പെടെ പൂര്‍ണമായും ഇല്ലാതാവുമെന്നും കോഴ്‌സിന്റെയും പരീക്ഷ നടത്തിപ്പിന്റെയും മുഴുവന്‍ ബാധ്യതയും വിദ്യാര്‍ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുമെന്നും വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ ആരോപിച്ചതാണ്.
സ്വയംഭരണപദവി ലഭിക്കുന്നതോടെ മാര്‍ക്കറ്റ് അധിഷ്ഠിതമായ പുതുതലമുറ കോഴ്‌സുകള്‍ക്കാവും പ്രാമുഖ്യം. സാഹിത്യം, മാനവികവിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ പിന്തള്ളപ്പെടും.
കോളേജിന്റെ ഘടനയും മാറും. ബോര്‍ഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗണ്‍സില്‍, ഗവേണിങ്കൗണ്‍സില്‍ തുടങ്ങിയ അധികാരകേന്ദ്രങ്ങളാവും കോളേജ്ഭരണം നിയന്ത്രിക്കുക.
ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ആരുമാകാം. പ്രിന്‍സിപ്പല്‍ കേവലം എക്‌സ്ഓഫീഷ്യോ അംഗമാവും. സര്‍ക്കാര്‍ നാമനിര്‍ദേശംചെയ്യുന്ന വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവരും അംഗങ്ങളാകും.
ഗവേണിങ്കൗണ്‍സിലില്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്കോ രക്ഷിതാക്കളുടെ പ്രതിനിധികള്‍ക്കോ ഇടമുണ്ടാവില്ല. പ്രാമുഖ്യം ലഭിക്കുക സ്വാശ്രയകോഴ്‌സുകള്‍ക്കാവുമെന്നും ആരോപണമുണ്ട്.