കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ. ഐ.പി.സി 302 പ്രകാരമാണ് എറണാകുളം പോക്സോ കോടതിയുടെ വിധി. ജീവിതാവസാനം വരെ അഞ്ച് ജീവപര്യന്തവും പ്രതിക്കെതിരെ വിധിച്ചു.
അസ്ഫാക്ക് കുറ്റക്കാരനാണെന്ന് നവംബർ നാലിന് പോക്‌സോ കോടതി കണ്ടെത്തിയിരുന്നു. എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമനാണ് വിധി പ്രഖ്യാപിച്ചത്. അസ്ഫാക്കിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും കോടതിയിൽ തെളിഞ്ഞിരുന്നു. അഞ്ച് കുറ്റങ്ങൾ പരമാവധി ശിക്ഷ ലഭിക്കാവുന്നതാണ് എന്നുള്ളതിനാൽ അസ്ഫാക്കിന് വധശിക്ഷ ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിച്ചിരുന്നു.
മാതൃകാപരമായ ശിക്ഷ അസ്ഫാക്കിന് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻരാജ് പറഞ്ഞിരുന്നു.
കൊലപാതകം, ബലാത്സംഗം, പോക്സോ അടക്കം പതിനാറ് വകുപ്പുകളാണ് അസ്ഫാക്കിനെതിരെ ചുമത്തിയിരുന്നത്. ഇതിൽ സമാന സ്വഭാവമുള്ള മൂന്ന് വകുപ്പുകൾ പിന്നീട് ഒഴിവാക്കിയിരുന്നു. അന്വേഷണവും വിചാരണയും അതിവേഗം പൂർത്തിയായ കേസിൽ കുറ്റകൃത്യം നടന്ന് നൂറാം ദിനമാണ് പ്രതിയെ കുറ്റക്കാരനായി വിധിച്ചത്. 26 ദിവസം കൊണ്ടാണ് കേസിൽ വിചാരണ പൂർത്തിയാക്കിയത്.
കുട്ടികളോട് അമിത ലൈംഗിക താത്പര്യമുള്ള അസ്ഫാക്കിന് ഒരു കുട്ടിയെ കൊലപ്പെടുത്തി എന്ന തോന്നൽ ഒരു ഘട്ടത്തിലും ഉണ്ടായില്ലെന്നും ജനിക്കാനിരിക്കുന്ന കുട്ടികൾക്ക് ഇയാൾ ഭീഷണിയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.
ദൽഹിയിലെ ഗാസിപുർ പൊലീസ് സ്റ്റേഷനിലും സമാനമായ കേസ് രജിസ്റ്റർ ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2018ൽ പത്തുവയസുകാരിയെ ബലാത്സംഗം ചെയ്തതിന് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. പെൺകുട്ടിയെ സുഹൃത്തിന് കൈമാറി എന്ന മൊഴി നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും പ്രതി ഒറ്റക്കാണ് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കേസിൽ 43 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. അസ്ഫാക്ക് കുട്ടിയുമായി പോകുന്നത് കണ്ടു എന്ന ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളി താജുദീന്റെ മൊഴിയാണ് കേസിൽ നിർണായകമായത്.
പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ മടങ്ങൂവെന്ന് ആലുവയിൽ ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ ജൂലൈ 28നാണ് ബിഹാർ സ്വദേശിയായ അഞ്ച് വയസ്സുകാരിയെ പ്രതി അസ്ഫാക് ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്.
CONTENT HIGHLIGHT: Aluva pocso case: Ashfaq Alam sentenced to capital punishment