ആലുവ കൊലപാതകം; അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചു
Kerala News
ആലുവ കൊലപാതകം; അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st July 2023, 2:37 pm

തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചതെന്നും മന്ത്രി അറിയിച്ചു. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി.

കഴിഞ്ഞ ദിവസം ആലുവയിലെത്തി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്നാണ് വനിത ശിശുവികസന വകുപ്പ് ധനസഹായം അനുവദിച്ച് ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം, പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ മടങ്ങൂവെന്ന് ആലുവയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പ്രതികള്‍ ഉണ്ടെങ്കില്‍ അവരെ ഉടന്‍ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊലപാതകിക്ക് വധശിക്ഷ ലഭിക്കണം എന്നാണ് ആഗ്രഹമെന്നും എനിക്കും കുടുംബത്തിനും അത് കാണണമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി ഇതുവരെയുള്ള അന്വേഷണത്തില്‍ പൊലീസിന് കണ്ടത്താനായിട്ടില്ല.  ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. പ്രതി അസ്ഫാക് ആലത്തെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അസ്ഫാക് ആലം ബിഹാര്‍ സ്വദേശിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ബീഹാര്‍ പൊലീസുമായി തങ്ങള്‍ ബന്ധപ്പെട്ടിരുന്നുവെന്നും ഡി.ഐ.ജി എസ്.ശ്രീനിവാസ് പറഞ്ഞു. അന്വേഷണ സംഘം ബീഹാറിലേക്ക് പോകുന്ന സാധ്യതകളും പൊലീസ് തേടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Aluva Murder; 1 lakh as an immediate relief to the family of the five-year-old girl