| Tuesday, 23rd November 2021, 3:54 pm

മോഫിയയെ അധിക്ഷേപിച്ച സി.ഐ ഉത്ര കേസില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട സി.ഐ സുധീര്‍ മുന്‍പ് ഉത്ര കേസില്‍ വീഴ്ച വരുത്തി നടപടി നേരിട്ട അതേ ഉദ്യോഗസ്ഥന്‍. രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പില്‍ സ്ഥലം സി.ഐ സുധീറിനും ഭര്‍തൃകുടുംബത്തിനും ഭര്‍ത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

കൊല്ലത്തെ വിവാദമായ ഉത്ര കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീര്‍. ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നുവെന്ന കേസിന്റെ അന്വേഷണ ഘട്ടത്തില്‍ ഇയാള്‍ വീഴ്ച വരുത്തിയിരുന്നു. ഇത് വിവാദമായതോടെ ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റി. ഉത്ര കേസിലെ സുധീറിന്റെ അന്വേഷണ വീഴ്ചയെ കുറിച്ച് ഉള്ള പൊലീസിന്റെ ആഭ്യന്തര അന്വേഷണം ഈ മാസം 19 നാണ് പൂര്‍ത്തിയായത്.

ഇതിന് മുമ്പ് അഞ്ചല്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച സംഭവത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. 2020 ജൂണിലായിരുന്നു ഈ കേസ് നടന്നത്. അഞ്ചല്‍ സി.ഐ ആയിരുന്നു അന്ന് സുധീര്‍.

തുടര്‍ച്ചയായി ഔദ്യോഗിക ജീവിതത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്‍ വീണ്ടും ഒരു സ്ത്രീധന പീഡനത്തിന്റെ പേരിലുള്ള ആത്മഹത്യയിലും ആരോപണ വിധേയനായിരിക്കുകയാണ്. സി.ഐയെ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍(21) ആണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് തൂങ്ങി മരിച്ചത്. സ്ത്രീധന പീഡന പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വെച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്ന് ആരോപണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മോഫിയ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്ക് പുറമെ ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ട്.

സി.ഐക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ
കൊാടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. വിവാഹ ശേഷം 40 ലക്ഷം രൂപ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നതായി മോഫിയ പര്‍വിന്റെ പിതാവും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: aluva-mofiya-parween-suicide-case-more-allegations-against-police-officer-ci-sudheer

We use cookies to give you the best possible experience. Learn more