| Sunday, 20th May 2018, 8:15 pm

കുട്ടികളുടെ സംരക്ഷണത്തില്‍ ഗുരുതരമായ നിയമ ലംഘനം; ആലുവ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെ നിയമവിരുദ്ധമായി പാര്‍പ്പിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആലുവ ജനസേവ ശിശുഭവന്‍ സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തു. ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ശിശുഭവനിലെ അഞ്ച് ഉദ്യോഗസ്ഥരെ ജോലിയില്‍ തുടരാന്‍ അനുവദിച്ചു.

മേയ് അഞ്ചിന് ജനസേവ ശിശുഭവനിലെ നാല് കുട്ടികള്‍ തൃശൂരില്‍ ഭിക്ഷാടനം നടത്തിയതായി ശിശുക്ഷേമ സമിതി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും കൃത്യമായി ഒരു മറുപടി ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ഭിക്ഷാടനത്തിനോ മറ്റ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ കുട്ടികളെ ഉപയോഗിച്ചിരുന്നിരിക്കാമെന്ന് ശിശുക്ഷേമ സമിതി സംശയമുന്നയിച്ചു.


Also Read: കര്‍ണാടകയിലെ ബി.ജെ.പിയുടെ ചാക്കിട്ടു പിടിത്തത്തെക്കുറിച്ച് അന്വേഷിച്ച് അഴിമെതിക്കെതിരായ നിലപാട് തെളിയിക്കൂ: മോദിയോട് കോണ്‍ഗ്രസ്


ഇതേതുടര്‍ന്ന് നടന്ന കേസില്‍ ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെ ജനസേവ ശിശുഭവന്റെ ചെലവില്‍ നാട്ടിലെത്തിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ജനസേവ ശിശുഭവന്‍ ഈ ഉത്തരവ് നടപ്പിലാക്കിയിരുന്നില്ല. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.

ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍) നിയമ പ്രകാരമാണ് നടപടി. കുട്ടികളുടെ സംരക്ഷണത്തില്‍ ഈ സ്ഥാപനം ഗുരുതരമായ നിയമ ലംഘനം നടത്തിയിട്ടുള്ളതായാണ് കണ്ടെത്തല്‍. പരിശോധനയില്‍ നടത്തിപ്പിന് ആവശ്യമുള്ള രേഖകള്‍ ഇല്ലെന്നും കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന് വനിതാ – ശിശുവികസന വകുപ്പ് ഇതുവരെ രജിസ്‌ട്രേഷന്‍ നല്‍കിയിട്ടില്ല. 2015 ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വ്യവസ്ഥകളും ഈ സ്ഥാപനം ലംഘിച്ചതായി കോടതി കണ്ടെത്തിയിരുന്നു.

ഇവിടെയുള്ള കുട്ടികളെ മൂന്ന് മാസത്തേക്കോ അവരുടെ ബന്ധുക്കള്‍ ഏറ്റെടുക്കുന്നതു വരെയോ ഇവിടെ പാര്‍പ്പിക്കും. എറണാകുളം ജില്ലാ കളക്ടര്‍ക്കാണ് കുട്ടികളുടെ സംരക്ഷണ ചുമതല. കേരളത്തിലെ കുട്ടികളെ കൂടാതെ തമിഴ്‌നാടുള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് ജനസേവ ശിശു ഭവനില്‍ അനധികൃതമായി താമസിപ്പിച്ചിട്ടുള്ളത്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചതായി ആലുവ തഹസില്‍ദാര്‍ അറിയിച്ചു.

(ചിത്രം കടപ്പാട്: മാതൃഭൂമി)


Watch DoolNews:

We use cookies to give you the best possible experience. Learn more