| Tuesday, 10th March 2020, 4:38 pm

ലൈംഗികത്തൊഴിലാളികള്‍ എന്ന് വിളിക്കുമെങ്കിലും ഇതിനെ തൊഴിലെന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയില്ല; കേരളത്തിലെ ലൈംഗികത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച്....

നസീറ നീലോത്ത്

അന്താരാഷ്ട്ര വനിതാദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങളും സ്ത്രീകളുടെ സാമൂഹ്യ പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമാണ് എങ്ങും. Each for Equal, എന്നതാണ് ഐക്യരാഷ്ട്രസഭയുടെ ഇത്തവണത്തെ വനിതാദിന ക്യാമ്പയിന്‍ തീം.

സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട സമരചരിത്രങ്ങളിലെ നിര്‍ണ്ണായക ഇടപെടല്‍ കൂടിയായിരുന്നു വനിതകള്‍ക്കായി ആഗോളതലത്തില്‍ തന്നെ ഒരു ദിവസം ആഘോഷിക്കുക എന്നത്. സ്ത്രീകളുടെ തൊഴിലിടങ്ങളെക്കുറിച്ചും അവകാശങ്ങളെ കുറിച്ചും അധികാര ശ്രേണിയിലും സാമൂഹ്യ പദവിയിലും സ്ത്രീകളെ രണ്ടാംതരക്കാരായി മാറ്റുന്ന പുരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥിതിക്കെതിരെയുമുള്ള പ്രതിഷേധങ്ങളാണ് വനിതാദിനത്തിലെ ആദ്യ ചിത്രങ്ങള്‍.

സമൂഹത്തിലെ പല ശ്രേണികളിലുള്ള സ്ത്രീകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവസ്ഥകളെ കുറിച്ചുമുള്ള ഓര്‍മ്മിപ്പിക്കലുകളില്‍ അധികം ശ്രദ്ധ കിട്ടാത്ത വിഭാഗമാണ് ലൈംഗിക തൊഴിലാളികളായ സ്ത്രീകളുടേത്.

നിരന്തരമായ ചൂഷണങ്ങളിലും സാമൂഹിക ബഹിഷ്‌കരണത്തിലും അരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുന്ന, ഏറെക്കുറെ അസംഘടിതരായ സ്ത്രീകളായിരുന്നിട്ട് കൂടി ഇത്തരം ദിവസങ്ങളിലൊന്നും അവരുടെ ജീവിതം അധികം സ്ഥാനം പിടിക്കുന്നില്ല എന്നത് കൊണ്ടുതന്നെയാണ് അവരുടെ ജീവിതം ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത ഉയരുന്നതും.

സാമൂഹ്യ പുരോഗതിയെ താന്‍ അളക്കുക സ്ത്രീകള്‍ നേടിയെടുത്ത സാമൂഹ്യ പുരോഗോതിയുടെ തോതുമായി ബന്ധപ്പടുത്തിയാണ് എന്ന് പറഞ്ഞത് ഇന്ത്യയുടെ ഭരണഘടന ശില്‍പിയായിരുന്ന ബാബാസാഹേബ് അംബേദ്കറാണ്.

സുഹൃത്തും മുന്‍പ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലേയും സുരക്ഷയിലേയും പ്രവര്‍ത്തക കൂടിയായിരുന്ന ഫിര്‍ഷയേയും കൂട്ടി കോഴിക്കോട്ടെ ലൈംഗിക സ്ത്രീ തൊഴിലാളികളെ  കാണാന്‍ പോകുമ്പോള്‍ അവള്‍ പറഞ്ഞ ഒരു കാര്യം ഇതായിരുന്നു.

സുരക്ഷയുടെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള അഭിമുഖത്തിന് പോയപ്പോള്‍ ആദ്യം അവര്‍ പറഞ്ഞ കാര്യം’ നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നത് ലൈംഗിക തൊഴിലാളികള്‍ക്ക് ഒപ്പമാണ്. വിവരശേഖരണത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടുമൊക്കെ അവരുടെ കൂടെ നടക്കേണ്ടി വരും, . അപ്പോഴൊക്കെ നിങ്ങള്‍ക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. അതിനൊക്കെ തയ്യാറാണോ എന്നായിരുന്നു. എന്നാല്‍, ഞാനത് കാര്യമായെടുക്കുന്നില്ല എന്ന മറുപടി നല്‍കി ജോലിക്ക് കയറിയത് പല യാഥാര്‍ത്ഥയ്ങ്ങളിലേക്കുമുള്ള തിരിഞ്ഞുനോട്ടം കൂടിയായെന്നായിരുന്നു’.

നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലും കേരളത്തിലും സ്ത്രീ ലൈംഗിക തൊഴിലാളികളുടെ എണ്ണത്തില്‍ കുറവു വരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്.

ഇന്ത്യയില്‍ 2014-15 കാലഘട്ടത്തില്‍ 696484 ലൈംഗിക തൊഴിലാളികള്‍ ഉണ്ടായിരുന്നപ്പോള്‍ 15-16 കാലഘട്ടത്തിലിത് 657724 പേരായും 16- 17 വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ 603236 പേരായും കുറയുന്നത് കാണാം. കേരളത്തിലേക്കെത്തുമ്പോള്‍ ഇത് 2014-15 കാലഘട്ടത്തില്‍ 25468 പേരും 15-16 കാലഘട്ടത്തിലിത് 21,769 പേരായും 17-18 വര്‍ഷത്തില്‍ 17,421 പേരായും കുറഞ്ഞിട്ടുണ്ട്. കേരളത്തില്‍ 13331 പുരുഷ ലൈംഗിക തൊഴിലാളികള്‍ ഉള്ളതായി മറ്റൊരു റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.

തൊഴിലിലേക്ക് എത്തിപ്പെടുന്നത്?

ഭൂരിഭാഗം പേരും തങ്ങളുടെ കുടുംബ സാഹചര്യങ്ങള്‍ കൊണ്ട് ഇത്തരമൊരു തൊഴിലിലേക്ക് എത്തിപ്പെടുന്നതാണ്. ഒരു തിരിച്ചുപോക്ക് അസാധ്യമാകും വിധം തൊഴില്‍ തങ്ങളുടെ ജീവിതത്തെ നിര്‍ണ്ണയിച്ചു കഴിഞ്ഞതായി അവര്‍ പറയുന്നു. കദീശത്ത പറഞ്ഞു തുടങ്ങിയതും താന്‍ എങ്ങനെ ഇത്തരത്തിലൊരു തൊഴിലിലേക്ക് എത്തപ്പെട്ടു എന്നത് തന്നെയായിരുന്നു.

അവരുടെ ഭാഷയില്‍ ഇതിനെ തൊഴില്‍ എന്ന് വിളിക്കാന്‍ കഴിയില്ല. കാരണം മറ്റേതൊരു തൊഴിലും പോലെ പുറത്തു പറഞ്ഞ് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പറ്റുന്ന ഒരു സാമൂഹ്യ വ്യവസ്ഥയോ സാഹചര്യമോ തങ്ങള്‍ക്കില്ലെന്നാണ്. പലരും രഹസ്യമായി കുടുംബത്തെപ്പോലും അറിയിക്കാതെ ഈ തൊഴില്‍ തുടരുകയോ തുടങ്ങുകയോ ചെയ്യുന്നവരാണ്.

ഷീല (യഥാര്‍ത്ഥ പേര് ഇതല്ല) ചേച്ചിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ പുറമേ മാന്യമായി ജീവിക്കുന്ന ആളുകളാണെങ്കിലും സ്വന്തം മാന്യത കളഞ്ഞ് കൊണ്ട് ജീവിക്കുന്ന ആളുകളാണ് തങ്ങളെന്നാണ്. കാരണം മുന്‍പിലെത്തുന്ന ഓരോ കസ്റ്റമേഴ്‌സിനേയും സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ചല്ലെങ്കിലും തൃപ്തനാക്കുക എന്നതാണ് ജോലിയുടെ സ്വഭാവം എന്നതുതന്നെ.

കുട്ടിക്കാലം മുതല്‍ പലതരത്തില്‍ ലൈംഗികമായി ഉപയോഗിക്കപ്പെടുകയും കുടുംബ ജീവിതത്തില്‍ നിന്ന് ഗാര്‍ഹികപീഢനങ്ങള്‍ക്കു വിധേയമായതും കുടുംബക്കാര്‍ തന്നെ പണത്തിനും മറ്റ് ലാഭങ്ങള്‍ക്കുമായി തങ്ങളെ വിറ്റതും ഉള്‍പ്പെടെയുള്ള ചരിത്രങ്ങളാണ് പലര്‍ക്കും പറയാനുള്ളത്.

കെണിയില്‍ പെട്ടുപോയവരും ചെറുതല്ല. അന്വേഷണത്തിനിടയ്ക്ക് പരിചയപ്പെട്ട കദീശത്ത (യഥാര്‍ത്ഥ പേര് മറ്റൊന്നാണ്) ഇത്തരത്തില്‍ ഭര്‍ത്താവിനാല്‍ തന്നെ വില്‍ക്കപ്പെട്ട സ്ത്രീയാണ്. കുടുംബം തന്നെ നടത്തിയ വില്‍പനയായിരുന്നു അവരുടേത്. അതും യുവത്വത്തിന്റെ ആദ്യ കാലങ്ങളില്‍.

വിവാഹം കഴിഞ്ഞിട്ടും ഭര്‍ത്താവിന്റെ കൂടെ ഏറെക്കാലം കഴിഞ്ഞില്ലെന്ന് അവര്‍ പറയുന്നു. സ്ഥിരം മദ്യപാനിയായിരുന്ന ഭര്‍ത്താവ് സ്വന്തം ചിലവുകള്‍ക്കായാണ് ഭാര്യയെ വില്‍പന നടത്തി തുടങ്ങിയത്. വീട്ടുകാരറിഞ്ഞപ്പോള്‍ കുടുംബത്തില്‍ നിന്നും ഒറ്റപ്പെടുത്തുകയും ആട്ടിയോടിക്കുകയും ചെയ്തു.

മക്കളെ വളര്‍ത്താനായി ഈ തൊഴിലില്‍ നിന്നും മാറി വിദേശത്തേക്ക് ജോലിക്ക് പോയെങ്കിലും അവിടേയും പണിയെടുത്ത വകയില്‍ കൂലി നല്‍കാതെ പറ്റിക്കപ്പെടുകയും ചെയ്തു. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ജയില്‍ ജീവിതം വരെ അനുഭവിക്കേണ്ടി വന്നു. രക്ഷപ്പെട്ട് നാട്ടിലെത്തുമ്പോള്‍ കയ്യില്‍ വണ്ടിക്കൂലി മാത്രം.

ജീവിതം തിരിച്ചുപിടിക്കാനുള്ള യാത്രയില്‍ എല്ലാ തരത്തിലും ശല്യം ചെയ്ത ഭര്‍ത്താവിനെ പിന്നീട് മാറ്റിനിര്‍ത്തിയാണ് കദീശത്ത മുന്നോട്ട് പോയത്. ജീവിതോപാധി എന്തെന്ന പ്രതിസന്ധിയില്‍ നില്‍ക്കേയാണ് ഈ തൊഴിലിലേക്ക് വീണ്ടും അവര്‍ എത്തപ്പെട്ടത്. ലൈംഗിക തൊഴിലാളിയാണെന്ന് മനസ്സിലായാല്‍ ഒഴിഞ്ഞ സ്ഥലത്ത് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെട്ടിരുന്ന കാലത്താണ് താന്‍ ഈ മേഖലയില്‍ എത്തപ്പെട്ടതെന്ന് അവര്‍ പറയുന്നു. അത്തരം അനുഭവത്തില്‍ നിന്നും തലനാരിഴ്ക്ക് രക്ഷപ്പെട്ടതിന്റെ കഥയും അവര്‍ക്ക് പറയാനുണ്ട്.

തന്നെ ഒരിക്കല്‍ സമീപിച്ച കസ്റ്റമര്‍ പിന്നൊരിക്കലും തേടി വരില്ലെന്ന് അവര്‍ അഭിമാനത്തോടെയാണ് പറഞ്ഞത്. കാരണങ്ങള്‍ മൂന്നാണ്. ആദ്യമേ കാശ് വാങ്ങിയാലേ ജോലിക്കിറങ്ങുള്ളൂവെന്നതാണ് ആദ്യത്തെ കാരണം.

ലൈംഗിക തൊഴിലിന് വിളിച്ചിട്ട് പണം നല്‍കാതെ പറ്റിക്കപ്പെടുന്ന സംഭവങ്ങള്‍ ഒരുപാട് പേര്‍ക്ക് ഉണ്ടായിട്ടുണ്ടെന്ന് അവര്‍ പറയുന്നു. ഞങ്ങള്‍ സംസാരിച്ച ദിവസം തന്നെ, അവരുടെ ഒരു സുഹൃത്തിനെ ഇത്തരത്തില്‍ പറ്റിച്ചതായി അവര്‍ പറയുന്നു. ജോലി കഴിഞ്ഞ ശേഷം കസ്റ്റമര്‍ ആ സ്ത്രീയുടെ പേഴ്‌സും എടുത്ത് കടന്ന് കളഞ്ഞിരുന്നുവത്രെ.

മറ്റൊരു സംഭവം വിവരിച്ചത് ഷീബ എന്ന ചേച്ചിയാണ്. കയ്യില്‍ ആകെ 35 രൂപ മാത്രമുള്ളപ്പോള്‍, അതും വരെ എടുത്തോണ്ട് ഓടിയ ഒരാണിനെക്കുറിച്ചാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്. കാശ് തരാന്‍ ഹോട്ടലിന്റെ താഴെ നിലയിലേക്ക് വരാന്‍ പറഞ്ഞ്, താന്‍ വസ്ത്രം ധരിക്കുന്നതിനിടയ്ക്കാണ് ഇത് സംഭവിച്ചതെന്നും ഇവര്‍ പറയുന്നു.

കദീശത്തയുടെ രണ്ടാമത്തെ നിബന്ധന കസ്റ്റമര്‍ വൃത്തിയുള്ള ആളാവണമെന്നാണ്. മൂന്നാമത്തെ കാര്യം ശാരീരികമായി ഉപദ്രവിക്കാന്‍ നിന്നുകൊടുക്കില്ല എന്നതും. ലൈംഗിക വൈകൃതങ്ങള്‍ കാണിക്കുന്നവര്‍ ഒരുപാടുണ്ടെന്നും ഇവര്‍ പറയുന്നു.

ഇത്തരത്തില്‍ ഒരിക്കല്‍ അനുഭവമുണ്ടായപ്പോള്‍ അയാളെ തല്ലി വസ്ത്രമില്ലാതെ ലോഡിജിന്റെ റിസപ്ഷനിലേക്ക് ഓടേണ്ടി വന്നതും അവരോര്‍ക്കുന്നു. വസ്ത്രം മാറിയത് റിസപ്ഷനില്‍ വച്ചാണെന്നും ഇതൊന്നും ഒരു പൊലീസ് സ്റ്റേഷനിലും പോയി പറയാന്‍ പറ്റില്ലെന്നും അവര്‍ പറയുന്നു.

അത്തരത്തിലൊരു സാഹചര്യം ഇവിടെയില്ല. സാമൂഹ്യമായി അംഗീകരിക്കപ്പെടില്ല. അതുകൊണ്ടുതന്നെ താന്‍ താല്‍ക്കാലികമായ ഒരു ഇടമായി, അതിജീവനത്തിനുള്ള ഒരു മാര്‍ഗ്ഗമായി മാത്രമേ കാണുന്നുള്ളൂവെന്നും തൊഴിലായി പരിഗണിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം മറ്റു അഭിപ്രായങ്ങള്‍ ഉള്ള ആളുകള്‍ ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ജോലിയുണ്ടായിരുന്ന ഷീബയ്ക്ക് ഭര്‍ത്താവിന്റെ മരണശേഷമുണ്ടായ അരക്ഷിതാവസ്ഥയില്‍ ജോലി നഷ്ടപ്പെടുകയായിരുന്നു. ജീവിക്കാനായി മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ വന്നപ്പോഴാണ് അവര്‍ ഈ മേഖലയിലേക്ക് എത്തുന്നത്.

ആവശ്യക്കാര്‍ കുട്ടികള്‍ക്ക്

‘വര്‍ക്കിന് പോകുമ്പോള്‍ കുട്ടികളെ കിട്ടുമോന്നാണ് ആളുകള്‍ ചോദിക്കുന്നത്. കുട്ടിയെന്ന് പറയുമ്പോള്‍ പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് ഡിമാന്റ്. ചില സ്‌കൂള്‍ കുട്ടികളും കോളജ് കുട്ടികളും വരെ രംഗത്തുണ്ട്. എന്നാല്‍ പതിനെട്ട് വയസ്സിന് മുകളിലേക്കുള്ളവരെയാണ് തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത് അന്വേഷണം നടത്താന്‍ പറ്റുള്ളൂവെന്ന്’ സുരക്ഷയിലെ പ്രവര്‍ത്തകയായ കമ്മ്യൂണിറ്റിയിലെ മെമ്പര്‍മാരിലൊരാള്‍ പറഞ്ഞത്.

സര്‍ക്കാരിന്റെ ലൈംഗിക തൊഴിലാളികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങളുടെ നേതൃത്വമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷ പദ്ധതിയില്‍ ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ നിന്നുതന്നെയുള്ള ആളുകളെ പീയര്‍ എജുക്കേറ്റേര്‍സ് (peer educators) ആയി നിയമിക്കുന്നുണ്ട്.

വിവരശേഖരണങ്ങള്‍ക്കും ആരോഗ്യ-പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പുകള്‍ക്കുമാണ് പ്രധാനമായും ഇവരെ നിയോഗിക്കാറ്. ഇത്തരം ജോലി ചെയ്യുന്ന ആളുകളാണ് സമയബന്ധിതമായി വിവരങ്ങള്‍ കൈമാറുന്നതും. സന്നദ്ധ പ്രവര്‍ത്തകരും വളണ്ടിയര്‍മാരും സുരക്ഷയില്‍ ജോലി ചെയ്യുന്നുണ്ട്. എന്‍.ജി.ഒ-സ്റ്റേറ്റ് സംഖ്യമായാണ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നത്.

മുതിര്‍ന്ന ആളുകള്‍ക്കാണെങ്കില്‍ സുരക്ഷ വഴി പ്രതിരോധ ഉറകള്‍ ആവശ്യത്തിനനുസരിച്ച് വിതരണം നടത്തും. മറ്റു ടെസ്റ്റുകളും നടത്തി ആരോഗ്യ പ്രശ്‌നങ്ങളില്ല എന്ന് ഉറപ്പിക്കും. വി.ഡി.ആര്‍.എല്‍ (സിഫിലിസ് ഉണ്ടോ എന്നതുള്‍പ്പെടെയുള്ള ടെസ്റ്റ്) എസ്.ടി.ഐ (ത്വക്ക്, ലൈംഗിക രോഗങ്ങള്‍ പരിശോധിക്കുന്നത്) കളൊക്കെ നടത്തുന്നത് ഇവരാണ്. എന്നാല്‍ തങ്ങളുടെ ശ്രദ്ധയില്‍ പെടാത്ത ആളുകളെ പ്രത്യേകിച്ച് കുട്ടികളുടെയൊക്കെ കാര്യത്തില്‍ ഇത്തരം സാഹചര്യങ്ങള്‍ വന്നാല്‍ അത് ബുദ്ധിമുട്ടും അപകടകവുമാണെന്നും ഇവര്‍ പറയുന്നു.

പലസാഹചര്യങ്ങളാലും ഈ മേഖലയിലേക്ക് എത്തിക്കപ്പെടുന്ന കുട്ടികളെ വദനസുരതം (oral sex), anal sex എന്നിവയ്ക്കായാണ് കൂടുതലായും ഉപയോഗിക്കുന്നതെന്നാണ് ഇവരുടെ കണ്ടെത്തല്‍.

സര്‍ക്കാര്‍ പുനരധിവാസ പദ്ധതികള്‍

തൊണ്ണൂറുകള്‍ക്ക് ശേഷമാണ് സുരക്ഷ പദ്ധതികള്‍ കേരളത്തില്‍ സജീവമായത്. കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരേയും സാമൂഹ്യ-സന്നദ്ധ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിയാണ് പ്രോജക്ട്. കാലക്രമേണ കമ്മ്യൂണിറ്റിക്കുള്ളില്‍ നിന്നുള്ളവര്‍ തന്നെ നിയന്ത്രിക്കുന്ന ഒരു പ്രോജക്ടായി ഇതിനെ പരിവര്‍ത്തനപ്പെടുത്തുകയായിരുന്നു തുടങ്ങുമ്പോഴുള്ള ലക്ഷ്യങ്ങളിലൊന്ന് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലെ പ്രവര്‍ത്തകര്‍ പറയുന്നു.

പീയര്‍ എജുക്കേറ്റര്‍മാര്‍ക്ക് മാസം 3000 രൂപയാണ് ഓണറേറിയം നല്‍കുന്നത്. യാത്രാ ചിലവ് വിഭാഗത്തില്‍ 300 രൂപയും നല്‍കും. കമ്മ്യൂണിറ്റിക്ക് പുറത്തുള്ള പ്രവര്‍ത്തകര്‍ക്ക് സാലറി ഇനത്തിലാണ് കൂലി. എന്നാല്‍ ഒരാളെ കണ്ടെത്തി ടെസ്റ്റ് ഉള്‍പ്പെടെയുള്ള നടത്തി വരുമ്പോഴേക്കും ചിലവ് ഇതിന്റെ എത്രയോ മുകളില്‍ വരുമെന്നാണ് ഇവര്‍ പറയുന്നത്.

പലപ്പോഴും ഇത്തരത്തില്‍ പരിശോധനകള്‍ക്ക് എത്തുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ളവ തങ്ങള്‍ വാങ്ങിനല്‍കിയാണ് വിവരശേഖരണം നടത്തുകയും ടെസ്റ്റുകള്‍ നടത്തുന്നതെന്നും ഇവര്‍ പറയുന്നു. പ്രധാനമായും പൊതുസ്ഥലങ്ങളില്‍ നിരീക്ഷണം നടത്തിയാണ് ലൈംഗിക തൊഴിലാളികളെ പ്രവര്‍ത്തകര്‍ കണ്ടെത്തുന്നതും വിവരശേഖരണം നടത്തുന്നതും. സര്‍ക്കാര്‍ തുച്ഛമായ വരുമാനം തരുന്നതിന്റെ പിന്നിലെ യുക്തിയെക്കുറിച്ച് കൂടി സൂചിപ്പിക്കണമെന്ന് കൂട്ടത്തിലൊരു ചേച്ചി പറഞ്ഞു.

ഇത്തരത്തില്‍ പോകുമ്പോഴും കസ്റ്റമേഴ്‌സിനെയും കിട്ടും, പണിയും നടക്കും വരുമാനവും ആകും. ഇതാണ് ആ കുറഞ്ഞകൂലി യുക്തിക്ക് പിന്നിലെന്ന് പറഞ്ഞവര്‍ ചിരിച്ചു. പക്ഷേ ഇതൊരു ചൂഷണമാണെന്ന് തിരിച്ചറിയണമെന്നും അവര്‍ പറഞ്ഞു. സുരക്ഷയില്‍ ജോലി ചെയ്യുന്ന മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് (കമ്മ്യൂണിറ്റിക്ക് പുറത്തുള്ളവര്‍) മാസം 7500 രൂപയ്ക്കടുത്ത് മാത്രമാണ് ലഭിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഓരോ പീയര്‍ എജുക്കേറ്റര്‍മാരുടേയും ഔട്ട്‌റീച്ച് വര്‍ക്കര്‍മാരുടേയും (കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവര്‍ തന്നെയാകാം) കീഴില്‍ ഓരോ പ്രദേശത്തേയും തിരിച്ചാണ് സേവനങ്ങളും മറ്റും വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ കോഴിക്കോട് നഗര പരിധിക്കുള്ളിലെ പല പ്രദേശങ്ങളിലും 50 മുതല്‍ 100 വരെ ആളുകള്‍ ഈ തൊഴിലിലുണ്ട്.

ലൈംഗിക തൊഴിലാളികളുടെ പുനരധിവാസത്തിനായി പദ്ധതി തയ്യാറാക്കുന്നതായി കുടുബശ്രീ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ തുണി സഞ്ചി, ബാഗ് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണവും വിതരണവും പഠിപ്പിച്ച് സ്വയം തൊഴില്‍ കണ്ടെത്തി പുനരധിവസിപ്പിക്കുകയായിരുന്നു പദ്ധതി.

എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ വാക്കുകൊടുക്കലുകള്‍ മാത്രമാണ് ഉണ്ടാകുന്നതെന്നും പദ്ധതികള്‍ കാര്യക്ഷമമായി നടക്കാറില്ലെന്നും കമ്മ്യൂണിറ്റിയില്‍ ഉള്ളവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. കൈത്തൊഴില്‍ പരിപാടികള്‍ നേരത്തേ ഉണ്ടായിരുന്നതായി സുരക്ഷയുടെ ജില്ല ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന കമ്മ്യൂണിറ്റിയില്‍ പെട്ട ഒരാള്‍ തന്നെ പറയുന്നു. എന്നാല്‍ ഇപ്പോള്‍ അവയൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രഖ്യാപനങ്ങളില്‍ മാത്രം കാര്യമില്ലെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

തൊഴിലിടങ്ങളിലെ ചൂഷണം

ഇന്ത്യയില്‍ ലൈംഗിക വൃത്തിയില്‍ എത്തിപ്പെട്ടവരില്‍ 68 ശതമാനത്തോളം പേരും സാമൂഹികമോ സാമ്പത്തികമോ ആയ കാരങ്ങളാലാണ് ഇത്തരം ചൂഷണങ്ങളിലേക്ക് എത്തിപ്പെടുന്നതെന്നാണ് അടുത്ത കാലത്തെ സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്.

ലൈംഗികത്തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ സര്‍വജന സംഖ്യത്തിന്റെ സര്‍വ്വേയിലാണ് ഈ കണ്ടെത്തലുകളുള്ളത്. ദാരിദ്രം, വിദ്യഭ്യാസം ലഭിക്കാത്തത്, തുടങ്ങിയ കാരണങ്ങളാലാണ് ഭൂരിഭാഗം പേരും ഇത്തരം ഇടങ്ങളിലെത്തിപ്പെടുന്നത്.

മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ലൈംഗികത്തൊഴിലാളികള്‍ക്കിടയിലാണ് ഈ പഠനം നടന്നത്. ഇവരില്‍ തന്നെ 17 ശതമാനത്തോളം ആളുകളും ഭര്‍ത്താവ്, സഹോദരങ്ങള്‍, മറ്റു ആളുകള്‍ എന്നിവരുടെ പ്രേരണയാലോ നിര്‍ബന്ധത്താലോ ഈ മേഖലയിലെത്തിയവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇവിടങ്ങളില്‍ നിന്ന് ആയിരത്തോളം പേരെയാണ് സര്‍വ്വേയില്‍ അഭിമുഖം നടത്തിയത്. 2020 ഫെബ്രുവരിയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ലൈംഗികവൃത്തിയിലേര്‍പ്പെട്ട സ്ത്രീകള്‍ക്ക് ആരോഗ്യ രക്ഷാ രംഗത്തെ സേവനങ്ങള്‍ എത്തിപ്പിടിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

കര്‍ണാടകയില്‍ നിന്നും അഭിമുഖം ചെയ്തവരില്‍ 94 ശതമാനം സ്ത്രീകളും തങ്ങള്‍ ഇത്തരം ഇടങ്ങളില്‍ വച്ച് ആക്രമിക്കപ്പെടുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. സര്‍വ്വേ ചെയ്തവരില്‍ 92 ശതമാനം പേരും തങ്ങള്‍ ചെറിയ രീതിയിലെങ്കിലും മാനസിക ബുദ്ധിമുട്ടുകള്‍ (അസ്ഥസ്തതകള്‍) നേരിടുന്നവരാണെന്ന് തുറന്നു പറയുന്നു.

സര്‍ക്കാരിന്റേയും മറ്റ് സന്നദ്ധ ഏജന്‍സികളുടേയും സമൂഹത്തിന്റേയും കൂട്ടായ ഇടപെടലുകള്‍ ഇവരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ആവശ്യമാണെന്നതിന്റെ ആവശ്യകത ഊന്നുന്നതാണ് പുതിയ കണ്ടെത്തലുകള്‍.

ലൈംഗിക വൈകൃതങ്ങള്‍ ശീലമാക്കിയവര്‍ മുതല്‍ പണം തരാതെ ഓടുന്നവര്‍ വരെയുള്ളവരെ അതിജീവിച്ചു വേണം ഈ തൊഴിലിനിറങ്ങാന്‍ എന്നാണ് ഒരു ചേച്ചി പറഞ്ഞത്. ഇതൊരു ജീവന്‍ വച്ചുള്ള പണിയാണ്. നെഞ്ചും മാറും യോനിയും ചുണ്ടും വരെ കടിച്ചുപറിച്ച് ലൈംഗിക സുഖം കണ്ടെത്തുന്നവരുണ്ട്.

ദിവസങ്ങളോളം ആ മുറിവുകളുമായി ജീവിച്ചിട്ടുണ്ടെന്ന് അതിന്റെ ഇരകള്‍ തന്നെ പറയുന്നു. ആരോടും പറയാന്‍ പറ്റില്ല. കുടുംബത്തില്‍ അറിയിക്കാതെ ഈ തൊഴിലില്‍ ഇറങ്ങുന്നതിനാലും നിയമപരമായി പണം നല്‍കിയുള്ള ലൈംഗിക ബന്ധം കുറ്റകരമായതിനാലും ഇത് ആരോടും പറയാന്‍ പറ്റില്ലെന്നും ഇവര്‍ പറയുന്നു.

ലൈംഗികാവയവങ്ങളില്‍ ചോക്ലേറ്റും തേനും മറ്റും ഒഴിച്ച് വൈകൃതങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കുന്നവരും ഉണ്ടത്രെ. അവര്‍ പറയും പോലെ ചെയ്തില്ലെങ്കില്‍ ഉപദ്രവിക്കുന്നവരും. കുട്ടികളെയും ഇത്തരത്തില്‍ ഉപയോഗിക്കുന്നുണ്ടത്രെ.

അവരുടെ അടുത്ത് നിന്ന് യുക്തിയും ബുദ്ധിയും ഉപയോഗിച്ച് തന്ത്രപരമായി രക്ഷപ്പെടലേ നടക്കൂവെന്ന് ഷീബച്ചേച്ചി അനുഭവത്തില്‍ നിന്നും പറയുന്നു. കൂലി പലര്‍ക്കും പലതാണ്. നൂറു രൂപയ്ക്ക് പണിയെടുക്കേണ്ടി വരുന്നവര്‍ മുതല്‍ ആയിരവും പതിനായിരവും വരുമാനം ഉള്ളവരും ഉണ്ട്. കയ്യില്‍ കാശൊന്നും ഇല്ലെങ്കില്‍ കിട്ടുന്ന കൂലിക്ക് ആരുടെ കൂടെയും പോകുന്ന ആളുകളും ഉണ്ടെന്നും ഇവര്‍ പറയുന്നു.

പോണ്‍ സൈറ്റുകളുടേയും മറ്റും സ്വാധീനവും ഇത്തരം വയലന്‍സുകള്‍ക്ക് കാരണമാകുന്നതായാണ് ചിലര്‍ പറയുന്നത്. ക്രൂരമായ ബലാത്സംഗങ്ങള്‍ക്ക് തന്നെ ചിലപ്പോഴൊക്കെ ഇരയാകുന്നുണ്ട് പലരും. മാത്രമല്ല പ്രതിരോധ ഉറകള്‍ ഇടാതെ ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യപ്പെടുന്നരാണ് അധികവും. അവരെ പറഞ്ഞു മനസ്സിലാക്കി മനസ്സു മാറ്റിപ്പിക്കല്‍ ഏറെ ബുദ്ധിമുട്ടാണ്.

ജോലിക്കിടക്ക് ബലം പ്രയോഗിച്ച് മറ്റ് അനാരോഗ്യകരമായ രീതിയിലേക്ക് തങ്ങളെ ആളുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. മറ്റൊരു പ്രധാന കാര്യം തങ്ങളെ ആരോഗ്യ പരിശോധനകള്‍ക്ക് സര്‍ക്കാര്‍ ഇടപെട്ട് തന്നെ വിധേയരാക്കുന്നുണ്ട് എന്നാണ്. എന്നാല്‍ കസ്റ്റമേഴ്‌സിന്റെ കാര്യത്തില്‍ ഇതൊന്നും ചെയ്തുവരുന്നുമില്ല. അതുകൊണ്ട് തന്നെ അപകടങ്ങള്‍ പറ്റാനുള്ള സാഹചര്യങ്ങള്‍ കൂടുതലാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

തൊഴിലായി പരിഗണിക്കാമോ?

എഴുപതുകള്‍ക്ക് ശേഷമാണ് ലൈംഗിക തൊഴിലാളികളുടെ ജീവിതാവസ്ഥകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യയില്‍ തന്നെ കൂടുതല്‍ ജനശ്രദ്ധ ലഭിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ ഇന്ത്യയിലെ സ്ത്രീ വിമോചന പോരാട്ടത്തിലെ സുപ്രധാന കാലഘട്ടമായിരുന്ന 70-90 കളിലാണ് ഇത്തരം ചര്‍ച്ചകള്‍ സജീവമായി നടക്കുന്നത്. സ്ത്രീപക്ഷ ചിന്തകര്‍ തമ്മില്‍ ലൈംഗികത്തൊഴിലുമായി ബന്ധപ്പെട്ട് ആശയസമരങ്ങളും വിയോജിപ്പുകളും ഏറെയാണ്.

സ്ത്രീകള്‍ക്ക് സാമൂഹ്യപദവിയേക്കാള്‍ വരുമാനം ലഭിക്കുന്നു എന്നതും തൊഴിലിലേക്ക് ഇറങ്ങണോ വേണ്ടയോ എന്നത് അവര്‍ക്ക് തന്നെ തീരുമാനിക്കാമെന്നും പറയുന്നവരുണ്ട്. അതേസമയം ലൈംഗികത്തൊഴില്‍ ചൂഷണമാണെന്നും സ്ത്രീകളുടെ ശരീരത്തെ വില്‍പ്പന ചരക്കാക്കുകയാണെന്നും പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീയുടെ സാമൂഹ്യ പദവിയില്‍ യാതൊരു മെച്ചവും വരുത്താത്ത ലൈംഗിക വൃത്തിയില്‍ നിന്നും ഇരകളാക്കപ്പെട്ട സ്ത്രീകളെ പുനരധിവസിപ്പിക്കേണ്ടതുണ്ടെന്നും വാദമുഖങ്ങളുണ്ട്. പ്രധാനമായും മാര്‍ക്‌സിസ്റ്റ്, റാഡിക്കല്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നു ഇത്തരം ചര്‍ച്ചകള്‍ക്ക് ക്രിയാത്മക ഇടം നല്‍കിയതും.

കദീശത്തയോട് ചോദിച്ചപ്പോള്‍ വിശപ്പ് കൊണ്ട് ഇറങ്ങിപ്പോയതാണ് ഈ മേഖലയിലേക്കെന്നാണ് അവര്‍ പറഞ്ഞത്. ഇതൊരു തൊഴിലല്ലെന്നും തൊഴിലാണെങ്കില്‍ തൊഴില്‍ നിയമങ്ങളോ തൊഴില്‍ സാഹചര്യങ്ങളോ ഉണ്ടാവേണ്ടതുണ്ടെന്നും അവര്‍ പറയുന്നു. അതിനൊക്കെ അപ്പുറം തങ്ങള്‍ക്ക് ഇതാണ് ജോലിയെന്ന് പറഞ്ഞ് ആത്മാഭിമാനത്തോടെ, വിവേചനങ്ങളില്ലാതെ, ഭയമില്ലാതെ, ഒറ്റപ്പെടുത്തലുകളില്ലാതെ ജീവിക്കാനാവശ്യമായ സാമൂഹ്യ വ്യവസ്ഥയോ സാഹചര്യമോ ഇല്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

ലൈംഗിക തൊഴിലാളികളുടെ ഉന്നമനത്തിനായി പുതുതായി രൂപീകരിച്ച സംഘടനയുടെ മുദ്രാവാക്യങ്ങളോട് താല്‍പര്യമില്ലെന്നും തൊഴില്‍ സാഹചര്യം ഉണ്ടാക്കുക എന്ന് പറയുമ്പോള്‍ ബോംബെയില്‍ നിലനില്‍ക്കുന്നതു പോലെ റെഡ് സ്ട്രീറ്റ് അല്ലെങ്കില്‍ ലൈംഗികവൃത്തിക്കായി പ്രത്യേക സ്ഥലം അനുവദിക്കേണ്ടി വരുന്നതാണ് നല്ലതെന്നുമാണ് ഷീബ ചേച്ചിയുടെ പക്ഷം. എന്നാല്‍ അത് അങ്ങനെ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണെന്നും. ഇതില്‍ പെട്ടുപോയ ആളുകളെ പുനരധിവസിപ്പിക്കുകയും സാമൂഹ്യ സംരക്ഷണം നല്‍കുകയുമാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വേണ്ടി സ്‌കില്‍ ഡെവലപ്‌മെന്റ് (തൊഴില്‍ പരിശീലന-നൈപുണ്യ പരിപാടികള്‍) പദ്ധതികള്‍ പലതും നടപ്പിലാക്കുന്നുണ്ട്. അത്തരത്തിലുള്ള തൊഴില്‍ സാധ്യതകളാണ് സ്ത്രീകള്‍ കണ്ടെത്തേണ്ടത്. ഇതൊരു തൊഴിലാക്കാനുള്ള സാഹചര്യമില്ല. അത് പരാജയപ്പെടുമെന്നാണ് സുരക്ഷയുടെ ഔട്ട്‌റീച്ച് വര്‍ക്കര്‍മാരിലൊരാളായ സ്മിതയ്ക്ക് (പേരില്‍ വ്യത്യാസങ്ങള്‍ ഉണ്ട്) പറയാനുള്ളത്.

ഇതേവിഷയത്തില്‍ പ്രതികരിച്ച സുന്ദരി (സുരക്ഷ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്തുന്നില്ല) ചേച്ചി പറഞ്ഞതും സമാന മറുപടിയാണ്. കമ്മ്യൂണിറ്റി മെമ്പര്‍മാരുടെ മീറ്റിങ്ങില്‍ പ്രത്യേകിച്ചും തെക്കു നിന്നുള്ളവര്‍ പെന്‍ഷന്‍ അനുവദിക്കണം, തൊഴില്‍ സാഹചര്യം ഉണ്ടാക്കണം എന്ന് പറയുന്നുണ്ട്.

തൊഴില്‍ സ്ഥലത്ത് വച്ച് സുരക്ഷിതത്വം വേണമെന്നതില്‍ തര്‍ക്കമില്ലെങ്കിലും ഇതൊരു തൊഴിലായി പരിഗണിക്കുകയോ അത്തരം ക്യാമ്പയിനുകളുടെ ഭാഗമാകുകയോ ചെയ്യില്ലെന്നുമാണ്. തങ്ങളെ രക്ഷപ്പെടുത്താനുള്ള പദ്ധതികളാണ് വേണ്ടതെന്നും ശരീരം വില്‍ക്കുക എന്നത് താല്‍പര്യത്തില്‍ തുടങ്ങിയതല്ലെന്നും അവര്‍ പറയുന്നു. മാത്രമല്ല സാമൂഹിക അംഗീകാരമുള്ള പണിയൊന്നുമല്ലല്ലോ ഇതെന്നും കുടുംബത്തില്‍ നിന്നും നാട്ടില്‍ നിന്നും ഒളിച്ചു വച്ചാണ് പലരും ഇത്തരം പണികള്‍ക്കിറങ്ങുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തൊണ്ണൂറുകള്‍ക്ക് ശേഷം സാമൂഹ്യ പ്രവര്‍ത്തകരും ചിന്തകരുമായിരുന്ന ഡോ.ജയശ്രീയുടേയും കൂട്ടുകാരന്‍ മൈത്രേയന്റേയും പ്രവര്‍ത്തനങ്ങളായിരുന്നു കേരളത്തില്‍ ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും അവരുടെ സാമൂഹ്യ സുരക്ഷിതത്വം സംബന്ധിച്ച നടപടികളിലേക്കും സജീവമായ ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടത്. പിന്നീട് ഒരിടക്കാലത്തേക്ക് അത്തരം ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും ഏറെക്കുറെ സര്‍ക്കാര്‍ തലത്തില്‍ മാത്രം ഒതുങ്ങുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നസീറ നീലോത്ത്

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

Latest Stories

We use cookies to give you the best possible experience. Learn more