താനൊരു ആക്‌സിഡന്റല്‍ ആക്ടറാണെന്നും എഴുത്തും സംവിധാനവുമാണ് കൂടുതല്‍ താല്‍പര്യമെന്നും അല്‍താഫ് സലീം. ശ്രീനിവാസന്റെ എഴുത്തിനോട് തനിക്ക് ആരാധന തോന്നിയിട്ടുണ്ടെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അല്‍താഫ് സലീം പറഞ്ഞു. ജീവിതം മുന്നോട്ടുകൊണ്ട് പോകാന്‍ അഭിനയം ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അല്‍താഫ് പറഞ്ഞു.
‘ ഭാഗ്യത്തിന് സിനിമകള്‍ വരുന്നുണ്ട്. അതില്‍ നല്ലത് നോക്കിയിട്ട് ചെയ്യും. ഒരുപാട് സിനിമകളൊന്നും ചെയ്യുന്നില്ല. കുറച്ച് ലിമിറ്റഡ് ആയിട്ട് മാത്രമേ ചെയ്യുന്നുളളൂ. ഞാന്‍ ഒരു ആക്‌സിഡന്റല്‍ ആക്ടര്‍ ആണ്. എനിക്ക് എഴുതാനും സംവിധാനം ചെയ്യാനുമാണ് കൂടുതല്‍ താല്‍പര്യം.
ജീവിതം മുന്നോട്ടുകൊണ്ട് പോകാന്‍ അഭിനയം സഹായിക്കുന്നു. എഴുതാനുള്ള സമയവും കിട്ടുന്നു. സിനിമയില്‍ കുറച്ചുകൂടി സമയം ചിലവിടാന്‍ കഴിയുന്നുമുണ്ട്. സിനിമ വളരെ സെലക്റ്റീവ് ആയി ചെയ്യാന്‍ കഴിയുന്നുണ്ട്. സിനിമയില്‍ പൂര്‍ണ്ണ തൃപ്തി വന്നാല്‍ മാത്രമേ ചെയ്യാറുള്ളൂ.
അഭിനയിക്കാന്‍ പോകുമ്പോള്‍ എന്റെയുള്ളിലെ ഫിലിംമേക്കറെ ഞാന്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാറില്ല. ചില സീനുകള്‍ വായിക്കുമ്പോള്‍ തോന്നും ഇതിങ്ങനെയല്ലല്ലോയെന്ന്. പക്ഷേ അത് മറ്റൊരു സംവിധായകന്റെ കാഴ്ചപാടായതുകൊണ്ട് ഞാന്‍ അതില്‍ ഇടപെടാന്‍ പോകാറില്ല.
എന്നെ അഭിനയിക്കാന്‍ മാത്രമാണല്ലോ അവര്‍ വിളിക്കുന്നത് . അതുകൊണ്ട് തന്നെ മറ്റു ടെക്‌നിക്കല്‍ മേഖലയില്‍ ഇടപെടേണ്ട ആവശ്യമില്ല’, അല്‍താഫ് പറഞ്ഞു.
‘ശ്രീനിസാറിന്റെയും സത്യന്‍സാറിന്റെയും പടം ചെറുപ്പം തൊട്ടേ കാണാറുണ്ടായിരുന്നു. സിനിമ സീരിയസായിട്ട് കണ്ടുതുടങ്ങുന്ന സമയത്ത് എനിക്ക് വുഡി അലനെ വളരെ ഇഷ്ടമായിരുന്നു. ശ്രീനിസാറും വുഡി അലനും തമ്മിലുള്ള സാമ്യമെന്തെന്നാല്‍ ഫിസിക്കലി ഇവര്‍ രണ്ടുപേരും നമ്മുടെ നായകസങ്കല്‍പങ്ങളില്‍പ്പെടുന്നവരല്ല.
പക്ഷേ ഇവര്‍ രണ്ടുപേരും ഇവരെതന്നെ വളരെ സര്‍ക്കാസ്റ്റിക്കായി ഉപയോഗിച്ച് നമ്മളെ ചിരിപ്പിച്ചവരാണ്. ശ്രീനിസാറിന്റെ എഴുത്തിനോടാണ് കൂടുതല്‍ ഇഷ്ടം. അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ വടക്കുനോക്കിയന്ത്രമാണ്. പൊന്മുട്ടയിടുന്ന താറാവിലെ അഭിനയം വളരെ ആസ്വദിച്ചിരുന്നു’, അല്‍താഫ് പറഞ്ഞു.
അടുത്ത സിനിമ റൊമാന്റിക്ക് ജോണര്‍ വിഭാഗത്തില്‍പ്പെടുന്നതായിരിക്കുമെന്നും ഫഹദ് ഫാസിലാണ് നായകനെന്നും അല്‍താഫ് പറഞ്ഞു. മലയാളത്തില്‍ കുറേ നാളായി റൊമാന്റിക് കോമഡി സിനിമകള്‍ കുറവാണെന്നും അല്‍താഫ് പറഞ്ഞു.
‘ഇനി ചെയ്യാന്‍ പോകുന്നത് ഒരു പ്രോപ്പര്‍ റൊമാന്റിക് കോമഡി സിനിമയാണ്. ഫഹദ് ഫാസിലാണ് നായകന്‍. മലയാളത്തില്‍ കുറേ നാളായി റൊമാന്റിക് കോമഡി സിനിമകള്‍ കുറവാണ്. എഴുതാനിരിക്കുമ്പോള്‍ ഈ ലോജിക് എന്നു പറയുന്ന സാധനം കയറിവരും. ഈ സിനിമയില്‍ പകുതി ലോജിക് മാത്രം ഉപയോഗിക്കാം എന്നാണ് വിചാരിക്കുന്നത്’, അല്‍താഫ് പറഞ്ഞു.
Content Highlights: Director Althaf Salim about movie